സീറ്റ് വിഭജനത്തില്‍ പരാതിയില്ല, തൃപ്തരാണെന്ന് കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ തങ്ങള്‍ക്ക് പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലവിലെ സാഹചര്യങ്ങളില്‍ തങ്ങള്‍ തൃപ്തരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങള്‍ പറയേണ്ട കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. കഴിഞ്ഞ തവണ 27 സീറ്റില്‍ മത്സരിച്ച സിപിഐ ഇക്കുറി 25 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇരിക്കൂറും കാഞ്ഞിരപ്പള്ളിയുമാണ് സിപിഐ വിട്ടു നല്‍കിയത്. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചത്. ബാക്കി നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘വനിതാ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയില്‍ കുറവാണെന്ന പരാതി പട്ടിക പൂര്‍ണമാകുമ്പോള്‍ ഇല്ലാതാകും’. നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഒരു വനിതാ പ്രാതിനിധ്യം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ കാനം പ്രതികരിച്ചു.