ടി.വി രാജേഷും മുഹമ്മദ് റിയാസും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍

കോഴിക്കോട്: സിപിഎം നേതാക്കളായ ടി.വി. രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാന്‍ഡ്. കോഴിക്കോട്  ജെ.സി.എം കോടതി 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

നേരത്തെ ഈ കേസില്‍ ജാമ്യത്തിലായിരുന്നു ഇവര്‍. ജാമ്യ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് വീണ്ടും ജാമ്യമെടുക്കുന്നതിനാണ് എത്തിയത്. എന്നാല്‍ ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.