ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. മൂക്കിനു പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍നിന്നും ലഭിക്കുന്ന വിവരം.

‘മലയന്‍കുഞ്ഞ്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇന്നലെയാണ് താരത്തിന് അപകടം സംഭവിച്ചത്. ഷൂട്ടിങ്ങിനായി വീട് സെറ്റിട്ടിരുന്നു. ഈ വീട് മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. വീടിനു മുകളില്‍നിന്ന് താരം താഴെ വീഴുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് സിനിമാ ചിത്രീകരണം താത്ക്കാലികമായി നിര്‍ത്തിവച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സജിമോന്‍ പ്രഭാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മഹേഷ് നാരായണന്റേതാണ് തിരക്കഥ. രജീഷാ വിജയന്‍, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ നിര്‍മ്മാണം ഫാസിലാണ്.