”ആത്മീയാചാര്യ”ന് ഭൂമി: സി.പി.എം.- ആര്‍.എസ്.എസ്. അവിശുദ്ധബന്ധത്തിന് തെളിവെന്ന് മുല്ലപ്പള്ളി

സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധബന്ധം ഓരോ ദിവസവും  മറനീക്കി പുറത്തുവരികയാണെന്നും അതിന് ഒടുവിലത്തെ ഉദാഹരമാണ് ആര്‍.എസ്.എസ്. അനുകൂലിയായ ”ആത്മീയാചാര്യ”ന് യോഗാ സെന്റര്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി ഭൂമിവിട്ടു നല്‍കിയതെന്നും കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷണനും ഉള്‍പ്പെടെയുള്ള സി.പി.എം. നേതാക്കള്‍ക്ക് ആര്‍.എസ്.എസ്. നേതാക്കളുമായി തിരുവനന്തപുരത്ത് രഹസ്യ കൂടിക്കാഴ്ച നടത്താന്‍ സൗകര്യം ഒരുക്കിയതും ഇതേ ആത്മീയാചാര്യനാണ്. ശബരിമല പ്രക്ഷോഭ സമയത്ത് ആര്‍.എസ്.എസ്. നേതാവ് വത്സന്‍ തില്ലങ്കേരിയും സമാനമായ വെളിപ്പെടുലാണ്  നടത്തിയിരുന്നത്. സംഘപരിവാര്‍ ശക്തികളുമായി ചേര്‍ന്ന് സി.പി.എം. കളിക്കുന്നത് അപകടരമായ രാഷ്ട്രീയമാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

ആ.എസ്.എസ്. ബാന്ധവത്തിന് ശേഷമാണ് സി.പി.എം. ആക്ടിങ് സെക്രട്ടറി നൂനപക്ഷ വിരുദ്ധ പ്രസ്താവനകളും പ്രസംഗങ്ങളും തുടരെത്തുടരെ നടത്തിയത്. സംഘപരിവാര്‍ ശക്തികള്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്ര വാദത്തെ പൂര്‍ണമായും അംഗീകരിക്കുന്ന നിലപാടാണ് പല സി.പി.എം. നേതാക്കളും സമീപകാലത്ത്  സ്വീകരിച്ചത്. ഇതെല്ലാം ബോധപൂര്‍വമാണെന്ന് ഇപ്പോള്‍ വ്യക്തമായി. തില്ലങ്കേരി മോഡല്‍ വോട്ട് കച്ചവടം സംസ്ഥാനത്ത് ഉടനീളം വ്യാപിക്കുന്നത് ഇതേ രഹസ്യധാരണയുടെ പുറത്താണ്. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ പ്രവര്‍ത്തിച്ച അതേ പി.ആര്‍. ഏജന്‍സിയെ കേരള സര്‍ക്കാരിന്റെ സമൂഹ്യമാധ്യമ പ്രചാരണത്തിന് മുഖ്യമന്ത്രി തെരഞ്ഞെടുത്തതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.