സര്‍ക്കാര്‍ കൈയ്യൊഴിയുന്നു; ജേക്കബ് തോമസിന് പുതിയ ആകാശം, പുതിയ ഭൂമി

 

സര്‍ക്കാരിനെ പാട്ടിലാക്കാന്‍ സഭയെ കൂട്ടുപിടിച്ചതും വെറുതെയാകുന്നു

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: അഴിമതിക്കാര്‍ക്കെതിരെ ചുവപ്പും പച്ചയും കാര്‍ഡുമായിറങ്ങിയ ജേക്കബ് തോമസിന്റെ തട്ടിപ്പുകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തെ സര്‍ക്കാരും കൈയ്യൊഴിയുന്നു. തന്റെ ശത്രുക്കള്‍ക്കെതിരെ പകപോക്കാനുള്ള ആയുധമായി വിജിലന്‍സിനെ മാറ്റിയതാണ് ഈ വിശുദ്ധ തത്തയ്ക്ക് വിനയായത്. കെ.എം എബ്രഹാം, ടോം ജോസ് തുടങ്ങി നിരവധി ഐ.എ.എസ് ഉദ്യോഗസ്ഥരെയാണ് ഈ അഴിമതി വിരുദ്ധന്‍ അഴിമതിക്കേസില്‍പ്പെടുത്തി കൂട്ടിലടയ്ക്കാന്‍ ശ്രമിച്ചത്.

ചവറ കെ.എം.എം.എല്‍ കമ്പനിയില്‍ മഗ്നീഷ്യം ഇറക്കുമതി
ഇടപാടില്‍ ടോം ജോസിനെ കുറ്റക്കാരനാണെന്ന് വിജിലന്‍സ് കണ്ടെത്തുകയും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കേസില്‍ ടോം ജോസിനെതിരെ നടപടി വേണ്ടെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് തീരുമാനമെടുത്തതാണ് രക്ഷപെടാനുള്ള അവസാന കച്ചിത്തുരുമ്പും നഷ്ടപ്പെട്ട അവസ്ഥയില്‍ ജേക്കബ് തോമസിനെ എത്തിച്ചത്.

അതേസമയം സംഗതി മുന്‍കൂട്ടി മനസിലാക്കിയ ജേക്കബ് തോമസെന്ന കത്തോലിക്ക വിശ്വാസി അവസാന ആയുധമെന്ന നിലയില്‍ സഭയുടെ ഔദ്യോഗിക ജിഹ്വയായ ദീപിക ദിനപത്രത്തെ കൂട്ടുപിടിച്ചിട്ടുണ്ട്. തുറമുഖ വകുപ്പില്‍ നടത്തിയ കോടികളുടെ അഴിമതികള്‍ പുറത്തുകൊണ്ടു വന്ന ധനകാര്യ പരിശോധനാവിഭാഗത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ജേക്കബ് തോമസ് അവധിയില്‍ പ്രവേശിക്കാനൊരുങ്ങുന്നെന്നാണ് സഭാ പത്രം വിശ്വാസികളെ തെര്യപ്പെടുത്തിയത്. പരാതികളുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് പ്രാഥമിക പരിശോധന നടത്തുമ്പോള്‍ മാധ്യമങ്ങള്‍ വഴി പ്രചാരണം നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണോ നസ്രാണി ദീപകയെ കൂട്ടിപിടിച്ച് സഭയുടെ പിന്തുണ തേടാന്‍ ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

അടുത്തിടെ കെ.എം എബ്രഹാം നല്‍കിയ പരാതിയില്‍ തന്റെ വിജിലന്‍സ് ഉദ്യോഗം സര്‍ക്കാര്‍ തെറുപ്പിക്കുമെന്ന് ബോധ്യപ്പെട്ട ജേക്കബ് തോമസ് പുതിയ ആകാശം പുതിയ ഭൂമി എന്ന ഭീഷണയുമായി ചാനലുകള്‍ക്ക് മുന്നിലെത്തിയിരുന്നു. അന്ന് ജേക്കബ് തോമസിനെ മാറ്റിയാല്‍ നാട്ടില്‍ കള്ളന്‍മാര്‍ പെരുകുമെന്നും അഴിമതിക്കെതിരായ കുരിശു യുദ്ധം അവസാനിക്കുമെന്നുമായിരുന്നു വാര്‍ത്ത. ഈ പ്രചാരം ശക്തമായതോടെ വിജിലന്‍സ് ഡയറക്ടറെ മാറ്റണമെന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുകയായിരുന്നു. അത്തരമൊരു സാഹചര്യം സൃഷ്ടിക്കാനാണോ ദീപികയിലൂടെ ജേക്കബ് തോമസ് ശ്രമിക്കുന്നതെന്ന സംശയവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.

ഇതുവരെ അഴിമതി ആരോപണങ്ങളോ മറ്റേതെങ്കിലും തരത്തിലുള്ള പേരുദോഷമോ കേള്‍പ്പിച്ചിട്ടില്ലാത്ത ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദാണ് ടോം ജോസിനെതിരായ വിജിലന്‍സ് തത്തയുടെ കണ്ടെത്തലുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. അതുകൊണ്ടു തന്നെ അഴിമതി വിരുദ്ധതയുടെ മുഖംമൂടയണിഞ്ഞ് അഴിമതിക്കെതിരെ പോരാടുന്ന ഈ വിജിലന്‍സ് വിപ്ലവകാരിക്ക് മുന്നില്‍, സര്‍ക്കാര്‍ ഇതുവരെ തുറന്നിട്ടിരുന്ന വാതിലുകളെല്ലാം അടച്ചിട്ടെന്ന് വ്യക്തം.

എല്ലാം ശരിയാക്കുമെന്ന മുദ്രാവാക്യത്തോടെ അധികാരത്തിലെത്തിയ ഇടത് സര്‍ക്കാരിന്, വകുപ്പ് തലവന്‍മാരായ ഐ.എ.എസ്- ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ നടത്തുന്ന ചേരിപ്പോരിനെ തുടര്‍ന്ന് വികസനകാര്യങ്ങളില്‍ മെല്ലെപ്പോക്ക് നടത്തേണ്ടി വന്നിട്ടുണ്ട്. നിരവധി ക്രമക്കേടുകളില്‍ ആരോപണവിധേയനായ ജേക്കബ് തോമസെന്ന വിജിലന്‍സ് ഡയറക്ടറെ സംരക്ഷിച്ചതിലൂടെയാണ് ഐ.എ.എസ്- ഐ.പി.എസ് ചേരിപ്പോര് രൂക്ഷമാക്കിയതെന്നും സര്‍ക്കാരിനറിയാം. ഈ സാഹചര്യത്തില്‍ വിജിലന്‍സ് വിഭാഗത്തെ തന്റെ ശത്രുക്കള്‍ക്കെതിരെ ആയുധമാക്കുന്നതില്‍ വ്യാപൃതനായ ഒരു ഉദ്യോഗസ്ഥനെ ഇനിയും സംരക്ഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍.