‘കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയായിരുന്ന ഞാന്‍ എങ്ങനെ മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റാകും’: പിണറായി

    തിരുവനന്തപുരം: അടിയന്തരാവസ്ഥ കഴിഞ്ഞ് നടന്ന ഇലക്ഷനില്‍ ജനസംഘം നേതാവ് കെ.ജി മാരാരുടെ തിരഞ്ഞെടുപ്പ് ഏജന്റായിരുന്നു പിണറായി വിജയന്‍ എന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ‘ അടിയന്തരാവസ്ഥ കഴിഞ്ഞ് 1977ല്‍ ഞാന്‍ കൂത്തുപറമ്പില്‍ സ്ഥാനാര്‍ഥിയാണ്. ആ സമയത്ത് ഞാന്‍ മറ്റൊരാളുടെ ഏജന്റാകാന്‍ പോകുമോ? പ്രതിപക്ഷനേതാവ് എന്താണ് പറയുന്നതെന്ന് മനസ്സിലാകുന്നില്ല’.

    സംസ്ഥാനത്താകെ കള്ളവോട്ടിന് ശ്രമം നടക്കുന്നെന്ന പ്രതിപക്ഷനേതാവിന്റെ ആരോപണം അദ്ദേഹം പരിശോധിക്കട്ടെ. സര്‍ക്കാരിന് അതില്‍ ഉത്തരവാദിത്തമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    കോ-ലീ-ബി സഖ്യത്തിന്റെ ഗുണഭോക്താവാണ് താനെന്ന് ഒ. രാജഗോപാല്‍ സമ്മതിച്ചു. കോ-ലീ-ബി ഗുണം ചെയ്തത് ബി.ജെ.പിക്ക് മാത്രമാണ്. ആദ്യം ബി.ജെ.പി വോട്ട് വാങ്ങലായിരുന്നു നടന്നിരുന്നത്. 1991ന് മുമ്പ് കോ-ലീ-ബി സഖ്യം ഉണ്ടായി. അതിനെ വടകരയിലും ബേപ്പൂരിലും ഇടതുപക്ഷം പരാജയപ്പെടുത്തി. പിന്നീട് ഏതാനും മണ്ഡലങ്ങളില്‍ ഇത് തുടര്‍ന്നു. അന്നത്തെ മുഖ്യമന്ത്രിയോട് ചിലര്‍ പറഞ്ഞു, ‘നിങ്ങളീ കസേരയില്‍ ഇരിക്കുന്നത് ഞങ്ങള്‍ സഹായിച്ചിട്ടാണ്’.

    നേമത്ത് കോണ്‍ഗ്രസ്സ് വോട്ട് കിട്ടിയെന്നു രാജഗോപാല്‍ പറഞ്ഞതോടെ സഖ്യം പരസ്യമായി അംഗീകരിക്കുകയായിരുന്നു. ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസ്സ് സഹായിച്ചിട്ടാണ്. നേമത്ത് കോണ്‍ഗ്രസ്സിന്റെ വോട്ട് കാണാനില്ല. അത് വസ്തുതയാണ്. രുചിയറിഞ്ഞ പ്രത്യേകതയാണ്. അത് നടന്നുകൊണ്ടിരിക്കുന്നു. സംസ്ഥാനതലത്തില്‍ ഈ ധാരണ തുടര്‍ന്നുകൊണ്ടിരിക്കും.  ആ സഖ്യം ഈ തിരഞ്ഞെടുപ്പിലും നടത്താനാണ് ആലോചന. മതനിരപേക്ഷത സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം.

    വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ വികാരം വേദന ഉള്‍ക്കൊണ്ടുള്ള നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പൂര്‍ണമായും അവര്‍ക്ക് തൃപ്തികരമായ നിലയിലാണ് കാര്യങ്ങള്‍ ചെയ്തത്. ധര്‍മ്മടത്ത് സ്ഥാനാര്‍ഥിയാകണോ വേണ്ടയോ എന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.