സുശാന്ത് സിങ്ങിന്റെ മരണം: റിയ ചക്രബര്‍ത്തി ഉള്‍പ്പെടെ 33 പേര്‍ക്കെതിരെ കുറ്റപത്രം

    ന്യൂഡല്‍ഹി: സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നടി റിയ ചക്രബര്‍ത്തി അടക്കം 33 പേര്‍ക്കെതിരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ കുറ്റപത്രം. 12,000 പേജുള്ള കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.

    റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷോവികിന്റെ പേരും കുറ്റപത്രത്തിലുണ്ട്. റിയ ചക്രബര്‍ത്തിയും സഹോദരനും നേരത്തെ അറസ്റ്റിലാവുകയും പിന്നീട്  ജാമ്യത്തില്‍ ഇറങ്ങുകയും ചെയ്തിരുന്നു. കുറ്റപത്രത്തില്‍ പേരുള്ള 33 പേരില്‍ എട്ടുപേര്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.

    സുശാന്ത് സിങ് രജ്പുത്തിന്റെ മരണം സംബന്ധിച്ച് 2020 ജൂണിലാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അന്വേഷണം ആരംഭിച്ചത്. അന്വഷണത്തിനിടയില്‍ ലഹരിമരുന്നുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഇന്ത്യന്‍-വിദേശ കറന്‍സികള്‍ തുടങ്ങിയവയെല്ലാം പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്തവയെല്ലാം മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളവയാണെന്ന് പരിശോധനയില്‍ വ്യക്തമായതായി കുറ്റപത്രത്തില്‍ പറയുന്നു.