ഒടുവിൽ അണികൾക്ക് വഴങ്ങി സിപിഎം; കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി ഇടത് സ്ഥാനാര്‍ഥി

കുറ്റ്യാടി: ഒടുവില്‍  പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് വഴങ്ങി കുറ്റ്യാടിയിൽ കെ.പി.കുഞ്ഞമ്മദ് കുട്ടിയെ സിപിഎം സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു.  സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് കുഞ്ഞമ്മദ് കുട്ടി. ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു. ഇടതുമുന്നണിയിലെ ധാരണപ്രകാരം കേരള കോണ്‍ഗ്രസ് (എം)ന് നല്‍കിയിരുന്ന സീറ്റ് പ്രതിഷേധങ്ങള്‍ക്ക് പിന്നാലെ  സിപിഎമ്മിന് തന്നെ വിട്ടു നല്‍കുകയായിരുന്നു.

കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്ററെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിപിഎമ്മിന് വിശദീകരണ യോഗമടക്കം വിളിക്കേണ്ടി വന്നു. കേരള കോണ്‍ഗ്രസ് സീറ്റ് വിട്ടുനല്‍കിയതോടെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം, കെ.കെ.ദിനേശന്‍ എന്നിവരുടെ പേരുകളാണ് പാര്‍ട്ടി ആദ്യം പരിഗണിച്ചിരുന്നത്. എന്നാല്‍ പാര്‍ട്ടി കീഴ് ഘടകങ്ങളിലെ സമ്മര്‍ദ്ദവും വിജയസാധ്യതയും കെ.പി.കുഞ്ഞമ്മദ് കുട്ടിക്ക് അനുകൂലമാകുകയായിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് സമാനതകളില്ലാത്ത പ്രതിഷേധങ്ങളാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇത്തവണ ഉണ്ടായത്. പൊന്നാനി, കുറ്റ്യാടി, തരൂര്‍ തുടങ്ങിയ ഇടങ്ങളിലാണ് ശക്തമായ പ്രതിഷേധം നടന്നത്.

പൊന്നാനിയില്‍ ടി.എം.സിദ്ദിഖിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ടാണ് പ്രവര്‍ത്തകര്‍ തെരുവിലിറങ്ങിയത്. എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ച സിഐടിയു നേതാവ് പി.നന്ദകുമാറിനെ തന്നെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.