സാന്ദ്രാ- വിജയ്ബാബു തര്‍ക്കത്തിലെ വില്ലനാര്?

 

-ക്രിസ്റ്റഫര്‍ പെരേര-

കൊച്ചി: വിജയ്ബാബു- സാന്ദ്രാ തോമസ് തര്‍ക്കത്തിലെ വില്ലന്‍ സാന്ദ്രയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ വില്‍സണ്‍ തോമസാണെന്ന് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഏഴ് സിനിമകള്‍ നിര്‍മിച്ച ഇരുവരുടെയും ബാനറായ ഫ്രൈഡേ ഫിലിംസ് ഇപ്പോള്‍ നഷ്ടത്തിലാണെന്നാണ് പറയുന്നത്. എന്നാല്‍ വിവാഹം കഴിഞ്ഞതോടെ സ്വന്തം നിലയില്‍ നിര്‍മാണ കമ്പനി നടത്താനാണ് സാന്ദ്ര ആഗ്രഹിച്ചിരുന്നത്. ഇതേ തുടര്‍ന്ന് കുറേ നാളായി ഇരുവരും തമ്മില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു. അങ്കമാലിയിലെ ഡയറിയുടെ നിര്‍മാണം പകുതിയായപ്പോള്‍ സാന്ദ്ര സഹകരിക്കാതെയായി. ഇത് വിജയബാബുവിനെ പ്രകോപിതനാക്കിയെന്നാണ് അറിയുന്നത്. സാന്ദ്ര പൊലീസില്‍ പരാതി കൊടുത്തിരുന്നില്ല. അഡ്മിറ്റായ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസെടുത്തത്. അതേസമയം കേസ് ഒത്തുതീര്‍പ്പാകുമെന്ന് ഏതാണ്ട് ഉറപ്പായി.

 

പണം മുടക്കിയത് കാര്‍ണിവല്‍ ഗ്രൂപ്പ്

കമ്പനിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറും സാന്ദ്രാതോമസ് ആയിരുന്നു. വിജയ്ബാബു ചെയര്‍മാന്‍ മാത്രമായിരുന്നു. ഏഴ് സിനിമകള്‍ നിര്‍മിച്ചതില്‍ സക്കറിയയുടെ ഗര്‍ഭിണികളും മുത്തുഗൗവും മാത്രമാണ് നഷ്ടം വന്നത്. ബാക്കി ചിത്രങ്ങളെല്ലാം ലാഭമായിരുന്നു. അവസാനം ചെയ്ത പല ചിത്രങ്ങള്‍ക്കും പണം മുടക്കിയത് ഇവരല്ലായിരുന്നു.

കാര്‍ണിവല്‍ ഗ്രൂപ്പിന് ഫസ്റ്റ് കോപ്പി മിനിമം ബഡ്ജറ്റിന് ചെയ്തു കൊടുക്കുകയായിരുന്നു. അതുകൊണ്ട് ഫ്രൈഡേ ഫിലിംസിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് അവരുടെ കമ്പനിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ജീവനക്കാരില്‍ ഒരാള്‍ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ഇരുവരും നല്ല സൗഹൃദത്തിലായിരുന്നു. സാന്ദ്രയുടെ കല്യാണം കഴിഞ്ഞതോടെ അവര്‍ക്ക് ഒറ്റയ്ക്ക് ബിസിനസ് ചെയ്യണെന്ന് ആഗ്രഹമുണ്ടായിരുന്നു. തര്‍ക്കങ്ങള്‍ക്ക് കാരണം വ്യക്തിപരമായ വിഷയങ്ങളാണെന്നും അതേക്കുറിച്ച് അറിയില്ലെന്നും ജീവനക്കാരന്‍ വ്യക്തമാക്കി.

 

പരാതിയുമായി യുവസംവിധായകന്‍

അതേസമയം ഇരുവരുടെയും നിര്‍മാണ കമ്പനിയെകുറിച്ച് പലരും മറ്റ് പരാതികള്‍ ഔദ്യോഗികമായല്ലാതെ പറയുന്നുണ്ട്. നവാഗതരായ സംവിധായകരെ വച്ച് സിനിമ എടുത്തിട്ട് അവര്‍ക്ക് മതിയായ പ്രതിഫലം നല്‍കാതിരിക്കുക. പലപ്പോഴും മാസശമ്പളമാണ് നല്‍കുന്നത്. കഥയുടെയും മറ്റും എല്ലാ അവകാശങ്ങളും എഴുതി വാങ്ങിക്കുക. സിനിമ ലാഭമായാലും പ്രതിഫലം മുഴുവനും നല്‍കാതിരിക്കുക. തുടങ്ങി നിരവധി പരാതികളാണ് ഉള്ളത്. അടു കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോണ്‍ വര്‍ഗീസ് പറയുന്നത് തന്നെ വിജയ്ബാബുവും സാന്ദ്രാതോമസും വഞ്ചിച്ചെന്നാണ്.

ചിത്രം തമിഴില്‍ ചെയ്യാനാണ് ജോണ്‍ ആലോചിച്ചത്. അതിനിടെയാണ് മലയാളത്തില്‍ ചെയ്യാമെന്ന് ഫ്രൈഡേ ഫിലിംസ് ഏറ്റത്. അന്നേരെ പറഞ്ഞിരുന്നു ഇത് തമിഴില്‍ ചെയ്യുമെന്ന്. അന്ന് വിജയ്ബാബു എതിര്‍പ്പുകളൊന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ ചിത്രീകരണത്തിനിടെ വിജയ്ബാബു രണ്ടാമതൊരു എഗ്രിമെന്റില്‍ നിര്‍ബന്ധിച്ച് ഒപ്പിടീച്ചു. ഷൂട്ടിംഗിന്റെ തിരക്കുകള്‍ കാരണം ശരിക്കും വായിക്കാതെയാണ് ഒപ്പിട്ടതെന്ന് ജോണ്‍ വ്യക്തമാക്കി. പടം റിലീസായിക്കഴിഞ്ഞ് തമിഴ് റീമേക്കുമായി മുന്നോട്ട് പോയപ്പോള്‍ വിജയ്ബാബു തടഞ്ഞു. ഇതേ തുടര്‍ന്ന് ജോണ്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.