പ്രിസിഷന്‍ ഹെല്‍ത്ത്; ലോര്‍ഡ്സും വെല്ലോവൈസും കൈകോര്‍ക്കുന്നു

പ്രിസിഷന്‍ ഹെല്‍ത്തിനുള്ള ധാരണാപത്രം ലോര്‍ഡ്‌സ് ആശുപത്രിയും വെല്ലോവൈസും കൈമാറുന്നു. ലോര്‍ഡ്‌സ് ആശുപത്രി ചെയര്‍മാന്‍ പദ്മശ്രീ പ്രൊഫ. ഡോ. കെപി ഹരിദാസ്, വൈസ് ചെയര്‍മാന്‍ ഹരീഷ് ഹരിദാസ്, വെല്ലോവൈസ് സഹ സ്ഥാപകരായ ഡോ.സഹേര്‍ മെഹ്ദി, മനീഷ് ഗുപ്ത എന്നിവര്‍ സമീപം.
തിരുവനന്തപുരം: വ്യക്തികളുടെ ജനിതകഘടനയ്ക്കും പരിസ്ഥിതിക്കും ജീവിതശൈലിക്കും അനുസൃതമായി രോഗചികിത്സാ, പ്രതിരോധ രീതികള്‍ നിര്‍ദേശിക്കുന്ന പ്രിസിഷന്‍ ഹെല്‍ത്തിനായി തലസ്ഥാനത്തെ പ്രമുഖ ആരോഗ്യ പരിരക്ഷാ ദാതാക്കളായ ലോര്‍ഡ്സ് ഹോസ്പിറ്റല്‍ ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പായ വെല്ലോവൈസുമായി കൈകോര്‍ക്കുന്നു.
ഉപാപചയ രോഗ (മെറ്റബോളിക് ഡിസീസ്) നിര്‍ണയത്തിലും ചികിത്സാ രീതികളിലും വ്യക്തിഗതവും സൂക്ഷ്മവുമായ ചികിത്സാ പ്രതിവിധികള്‍ക്ക് ഈ സഹകരണം സഹായകമാകുമെന്ന് പ്രഖ്യാപനത്തില്‍ ലോര്‍ഡ്സ് ആശുപത്രി ചെയര്‍മാന്‍  പദ്മശ്രീ പ്രൊഫ. ഡോ. കെപി ഹരിദാസ് പറഞ്ഞു. കൊവിഡാനന്തര കാലഘട്ടത്തില്‍  വ്യക്തികള്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമെന്നും പ്രതിരോധിക്കാവുന്നതും ഗുരുതര രോഗങ്ങള്‍ക്ക് വഴിതെളിക്കുന്നതുമായ പ്രമേഹം, അമിതവണ്ണം തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുമെന്നും കരുതുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ശാസ്ത്രീയ ഗവേഷണം, ജനിതക പരിശോധന, ആഹാരക്രമം, ജീവിതശൈലി, പരിസ്ഥിതി എന്നിവയെ സ്വാധീനിക്കുന്ന ഘടകങ്ങളുടെ ശക്തി എന്നിവയെ കേന്ദ്രീകരിച്ച് രോഗത്തെ മുന്‍നിര്‍ത്തി ഡിഎന്‍എയിലെ മാറ്റങ്ങള്‍ കണ്ടെത്തി വ്യക്തികള്‍ക്കനുസൃതമായി മരുന്നും ആഹാരക്രമവുമുള്‍പ്പെടെയുള്ള ഇടപെടല്‍ നടത്തുന്നതിനാണ് പ്രിസിഷന്‍ ഡയഗ്നോസിസ് ഊന്നല്‍ നല്‍കുന്നതെന്ന് വെല്ലോവൈസ് ചീഫ് സയന്‍റിസ്റ്റ് ഡോ സഹേര്‍ മെഹ്ദി പറഞ്ഞു.
ആരോഗ്യ പരിരക്ഷാമേഖലയുടെ ഭാവിയെയാണ് വെല്ലോവൈസ് നിര്‍ണയിക്കുന്നതെന്നും മെഡിക്കല്‍, അക്കാദമിക ഗവേഷണ തലങ്ങളില്‍ പ്രിസിഷന്‍ മെഡിസിനും പ്രിസിഷന്‍ ഹെല്‍ത്തും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. മിക്ക കമ്പനികളും ഇതിലേക്ക് കടന്നുവന്നിട്ടില്ല. ലോകത്തില്‍  ഗുരുതര രോഗങ്ങളുടെ വര്‍ദ്ധനവുള്ള ഇന്ത്യ  ഇത്തരം സംരഭങ്ങള്‍ക്കനുയോജ്യ ഇടമാണ്. വൈവിധ്യ ജനിതക പശ്ചാത്തലവും അതുല്യ സാംസ്കാരിക സ്വാധീനവും നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതിനാല്‍ ഗുരുതര രോഗങ്ങള്‍ക്കുപരി നമ്മുടെ വ്യക്തിഗത വ്യത്യസ്തതകളുടെ നേട്ടം ഉപയോഗിക്കേണ്ടതുണ്ടെന്നും അവര്‍ വ്യക്തമാക്കി.
ഗുരുതര രോഗങ്ങളിലേക്ക് നയിക്കുന്ന അമിതവണ്ണം, പ്രമേഹം, ഹൈപ്പര്‍ലിപ്പീഡിമിയ, രക്താതിസമ്മര്‍ദ്ദം  എന്നീ ഉപാപചയ രോഗങ്ങളില്‍ സ്പെഷ്യലൈസേഷനുള്ളവരാണ് ഡോ. കെ.പി. ഹരിദാസും കണ്‍സള്‍ട്ടന്‍റുമാരും. പ്രമേഹം, അമിതവണ്ണം, ഹൃദ്രോഗം തുടങ്ങിയ ഗുരുതര രോഗങ്ങളുള്ളവരെ കൊവിഡ് പ്രതികൂലമായി ബാധിക്കുന്നതിനാല്‍ ഗുരുതര രോഗങ്ങളുടെ പ്രത്യാഘാതങ്ങളില്‍ നിന്നും വിമുക്തരായി ജീവിക്കേണ്ടത് അനിവാര്യമാണ്.
രാജ്യത്ത് ഉപാപചയ രോഗങ്ങള്‍ക്ക് മികച്ച പ്രതിവിധി ലഭ്യമാക്കുന്നതിന് ഇന്ത്യയുടെ പ്രഥമ പ്രിസിഷന്‍ ഹെല്‍ത്ത് സ്റ്റാര്‍ട്ടപ്പുമായുള്ള പങ്കാളിത്തത്തിലൂടെ ലോര്‍ഡ്സ് ആശുപത്രിക്ക് സാധിക്കുമെന്ന് വൈസ് ചെയര്‍മാന്‍ ഹരീഷ് ഹരിദാസ് പറഞ്ഞു. ആരോഗ്യ പരിരക്ഷാമേഖലയില്‍ സ്പെഷ്യൈലൈസേഷന് പ്രാമുഖ്യം നല്‍കുന്ന സഹകരണത്തിനുള്ള തുടക്കം മാത്രമാണിത്.  ഈ മേഖലയിലെ ടെക്നോളജി സ്റ്റാര്‍ട്ടപ്പുകളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതിന് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.