‘അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടും’: ‌ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകം പള്ളി സുരേന്ദ്രനെ പൂതന എന്ന് വിളിച്ചതില്‍ താന്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ശോഭാ സുരേന്ദ്രന്‍. അധികാര ദണ്ഡ് ജനം ഏറ്റെടുക്കുന്ന നിമിഷം കടകംപള്ളിയെന്ന പൂതനയ്ക്ക് മോക്ഷം കിട്ടുമെന്ന് കഴക്കൂട്ടത്തെ ബിജെപി സ്ഥാനാര്‍ഥിയായ ശോഭ സുരേന്ദ്രന്‍ പറഞ്ഞു.

പൂതന എന്ന വാക്ക് അറിയാത്തവരായി മലയാളികള്‍ ആരും ഉണ്ടാകുമെന്ന് വിശ്വസിക്കുന്നില്ല. സുന്ദരി വേഷത്തില്‍ കൃഷ്ണനെ കൊല്ലാനാണ് പൂതന വന്നത്. പൂതന മോക്ഷം കഴക്കൂട്ടത്തിലെ ജനങ്ങള്‍ കടകംപള്ളി സുരേന്ദ്രന് നല്‍കണമെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഉറച്ച് നില്‍ക്കുന്നു. അധികാരത്തിന്റെ ദണ്ഡ് കടകംപള്ളിയില്‍ നിന്ന് ജനാധിപത്യപരമായി കഴക്കൂട്ടത്തെ ജനങ്ങള്‍ ഏറ്റെടുക്കുന്നുവോ, അന്ന് കടകംപള്ളിയാകുന്ന പൂതനയ്ക്ക് മോക്ഷം കിട്ടും. ആ മോക്ഷം നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് പെട്ടിപൊളിക്കുമ്പോള്‍ ഉണ്ടാകും’ ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.

തനിക്കെതിരെ കടംകപള്ളി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത് പരാജയ ഭീതികൊണ്ടാണ്. ഉപ്പുതിന്ന കടംകപള്ളി വെള്ളം കുടിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.