‘ ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ ‘; പറവൂരിൽ സിപിഐ ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പോസ്റ്റര്‍

കൊച്ചി: സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരില്‍ പോസ്റ്റര്‍. വി ഡി സതീശന്റെ കയ്യില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി രാജുവിന്റെ കുതിര കച്ചവടം, പറവൂരില്‍ വി ഡി സതീശനെ ജയിപ്പിക്കാന്‍ രാജുവിന് എന്താണ് ഇത്ര വാശി, ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ രാജുവിനെ നേതൃത്വം തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററിലുള്ളത്. സേവ് സിപിഐ എന്ന പേരില്‍ ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പതിച്ചത്. സിപിഐയുടെ സീറ്റ് ആയ പറവൂരില്‍ ഇതുവരെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല.

നിയമസഭയില്‍ എന്നും സിപിഎമ്മുമായി കൊമ്പ്‌കോര്‍ക്കാറുള്ള വി ഡി സതീശനെ ഇത്തവണ പറവൂരില്‍ വീഴ്‌ത്തേണ്ടത് സിപിമ്മിന്റെ ആവശ്യമാണ്. രണ്ട് വട്ടം എംഎല്‍എ ആയ പി രാജുവിനെ വീഴ്ത്തി 2001ലാണ് മണ്ഡലത്തില്‍ വി ഡി സതീശന്‍ യാത്ര തുടങ്ങിയത്.