മെത്രാന്‍മാരുമായുള്ള അമിത് ഷായുടെ കൂടിക്കാഴ്ച പരാജയം; റബര്‍, ബീഫ്, കസ്തൂരിരംഗന്‍ വിഷയങ്ങളില്‍ ബി.ജെ.പി ദേശീയാധ്യക്ഷന് മൗനം

തിരുവനന്തപുരം പട്ടം മേജര്‍ ആര്‍ച്ച് ബിഷപ്പ്‌സ് ഹൗസില്‍ എത്തിയ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ സി.ബി.സി.ഐ പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാബാവയും കെ.സി.ബി.സി പ്രസിഡന്റും തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച്ബിഷപ്പുമായ ഡോ. എം. സൂസപാക്യവും ചേര്‍ന്ന് സ്വീകരിക്കുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസ്, പി.സി. തോമസ് എന്നിവര്‍ സമീപം

കേരളത്തില്‍ കാവിക്കൊടി പാറിക്കാന്‍ ക്രൈസ്തവ സഭകളുടെ പിന്തുണയോടെ കരുത്ത് തെളിയിക്കാന്‍ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ നടത്തിയ നീക്കം തുടക്കത്തിലേ പാളി. കൊച്ചിയിലെ കലൂര്‍ റിന്യൂവല്‍സെന്ററില്‍ നടന്ന ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുടെ യോഗത്തില്‍ അമിത് ഷായ്ക്ക് ഉത്തരം മുട്ടി.കേന്ദ്ര മന്ത്രി സഭയില്‍ ക്രൈസ്തവര്‍ക്ക് ഉന്നത സ്ഥാനങ്ങളും സഭകളുടെ പ്രവര്‍ത്തനത്തിനു സ്വാതന്ത്രവും ഓഫര്‍ ചെയ്ത് കേരളത്തിലെ ക്രൈസ്തവരെ വിലക്കെടുക്കാമെന്ന ധാരണയിലാണ് ബിജെപിയുടെ അദ്ധ്യക്ഷനും തന്ത്ര ശാലിയുമായ അമിത് ഷാ കേരളത്തിലേക്ക് വിമാനം കയറിയത്.

വരവിനു മുന്‍പ് തന്നെ സംസ്ഥാന അധ്യക്ഷനും മോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ കുമ്മനം കേരളത്തിലെ പ്രമുഖ ക്രൈസ്തവ സഭാ മേലധ്യക്ഷന്‍മാരുമായി നേരില്‍ കണ്ട് അമിത് ഷായുടെ ശ്രമം അറിയിക്കുകയും ചെയ്തു.

കൊച്ചിയില്‍ കാണാമെന്ന ക്ഷണത്തെ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരെ മുന്‍നിര്‍ത്തി അടവു നയം പയറ്റാനുള്ള തന്ത്രങ്ങള്‍ക്ക് ബിജെപി കേന്ദ്ര നേതൃത്വം തുടക്കം കുറിച്ചിരുന്നു. എന്നാല്‍ കലരൂലെ യോഗത്തില്‍ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ അമിത് ഷായെ ശരിക്കും വെള്ളംകുടിപ്പിച്ചു.

ബിജെപിയുമായി ഒരു ബാന്ധവത്തിനും ക്രൈസ്തവ സഭ ഒരുക്കമല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി മുഖത്തടിച്ചു പറഞ്ഞു. കൂടിക്കാഴ്ച്ചയ്ക്ക് വന്നതു തന്നെ ക്രൈസ്തവരെ സംബന്ധിക്കുന്ന കാര്യങ്ങള്‍ അറിയിക്കാന്‍ മാത്രമാണെന്നും ബിജെപിയുടെ പിന്തുണ ക്രൈസ്തവര്‍ക്ക് വേണ്ടെന്നുമായിരുന്നു കര്‍ദിനാളിന്റെ നിലപാട് എന്നറിയുന്നു.

രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ മേലധ്യക്ഷന്‍മാര്‍ ഒന്നടങ്കം ആശങ്ക പ്രകടിപ്പിച്ചു. സീറോ മലബാര്‍ സഭ, മാര്‍ത്തോമ സഭ, മലങ്ക ഓര്‍ത്തഡോക്‌സ് സഭ, സിറിയന്‍ സഭ, ലാറ്റിന്‍ സഭ എന്നീ സഭകളുടെ മേലധ്യക്ഷന്‍മാരാണ് അമിത്ഷായുമായുള്ള ചര്‍ച്ചയ്ക്ക് എത്തിയത്. റിന്യൂവല്‍ സെന്ററിലെ യോഗത്തില്‍ സഭാ മേലധ്യക്ഷന്‍മാരെ കൂടാതെ കുമ്മനവും വി. മുരളീധരനും മാത്രമാണ് അമിത് ഷായ്ക്ക് ഒപ്പം ഉണ്ടായിരുന്നത്. എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ മറ്റാരെയും യോഗത്തില്‍ പങ്കെടുപ്പിച്ചില്ല.

യോഗം തുടങ്ങിയപ്പോള്‍ തന്നെ അധ്യക്ഷന്‍മാര്‍ ബിജെപിയോടുള്ള നീരസം തുറന്നടിച്ചു. ക്രൈസ്തവര്‍ക്ക് നേരെ ബിജെപി സര്‍ക്കാര്‍ തുടരുന്ന അവഹേളനങ്ങളുടെ ഉദാഹരണമാണ് ഫാ. ടോം ഉഴുന്നാലിന്റെ അവസ്ഥയെന്ന് മെത്രാന്‍മാര്‍ചൂണ്ടിക്കാട്ടി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മറവില്‍ കുടിയേറ്റ കര്‍ഷകരെയും സഭകളെയും ദ്രോഹിക്കുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. സഭയെ വരുതിയിലാക്കാന്‍ വന്ന അമിത്ഷായ്ക്ക്ഇതോടെ ഉത്തരം മുട്ടി. കേരളത്തിനു പുറത്ത് ക്രൈസ്തവ സഭയ്ക്ക് നേരെ നടക്കുന്ന ആക്രമങ്ങള്‍ ചെറുക്കാത്ത പക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ കടുത്ത തിരിച്ചടി നേരിടുമെന്നും മത മേലധ്യക്ഷന്‍മാര്‍ അമിത് ഷായോട് വ്യക്തമാക്കി.

ഇതോടെ ഭൂരിപക്ഷം വിശ്വാസികളും ബിഷപ്പുമാര്‍ ബിജെപി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയതിനെ ആശങ്കയോടെ കണ്ടത് അസ്ഥാനത്തായി. സഭാ നേതൃത്വം ബിജെപി യോട് തന്ത്രപരമായ സഖ്യം കാണിക്കുമെന്നായിരുന്നു അമിത് ഷായും എന്‍ഡിഎ സഖ്യകക്ഷി നേതാവായ പി.സി. തോമസും അമിത് ഷായെ അറിയിച്ചിരുന്നത്. എന്നാല്‍ ക്രിസ്തീയ സഭാ നേതൃത്വത്തിന്റെ ഉറച്ച നിലപാടുകള്‍ ബിജെപി നേതൃത്വത്തിന് മുഖമടച്ചേറ്റ പ്രഹരമായി.