നഴ്‌സുമാരെ കബളിപ്പിച്ച് കേരളത്തില്‍ കോടികളുടെ ഹവാല ഇടപാട്; തട്ടിപ്പ് മുംബൈ മലയാളികളുടെ നേതൃത്വത്തില്‍

മുംബൈ: കുവൈറ്റിലേക്ക് 900 നഴ്‌സുമാരെ കടത്തി മുംബൈ മലയാളികള്‍ തട്ടിയത് കോടികള്‍. കേന്ദ്ര ഏജന്‍സിയായ ഇ.ഡി നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് വെളിച്ചത്തായത്. 20,000 രൂപ കമ്മീഷന്‍ ഇനത്തില്‍ ഈടാക്കാവുന്ന വിസയ്ക്ക് ഇരുപത് ലക്ഷം രൂപ വരെ ഈടാക്കിയാണ് നഴ്‌സുമാരെ കുവൈറ്റിലേക്ക് അയച്ചത്. എന്നാല്‍, അവര്‍ക്ക് അടിസ്ഥാനപരമായ സൗകര്യങ്ങള്‍ പോലും അവിടെ ഉണ്ടായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് പരാതി ഇ.ഡിക്ക് ലഭിക്കുന്നത്.

മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പി ജെ മാത്യു ഇന്റര്‍നാഷണലിന്റെ ഡയറക്ടേഴ്‌സായ പി. ജെ.മാത്യു, സെലിന്‍ മാത്യു, തോമസ് മാത്യു എന്നിവര്‍ക്കെതിരെയായിരുന്നു പരാതി. ഇതിനെക്കുറിച്ച് ആദ്യം അന്വേഷണം നടത്തിത് സി.ബി.ഐ ആണ്. ഇഡിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു സിബിഐയുടെ അന്വേഷണം. അഴിമതിനിരോധന നിയമപ്രകാരവും ഇവര്‍ക്കെതിരെ കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് ഇ.ഡി കേസില്‍ നേരിട്ട് ഇടപെട്ടതും സത്യാവസ്ഥ മനസ്സിലാക്കിയതിനെത്തുടര്‍ന്ന് സ്വത്തുവകകള്‍ കണ്ടുകിട്ടാന്‍ തീരുമാനിച്ചതും. നിലവില്‍ 7.51 കോടി രൂപയുടെ സ്വത്തുവകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. കത്തിയവാറിലുള്ള ഫ്‌ളാറ്റ്, മുംബൈയിലുള്ള സ്ഥാപനം, പി. ജെ മാത്യുവിന്റെ പേരിലുള്ള മേഴ്‌സിഡസ് ബെന്‍സ് എന്നിവയാണ് ഇ ഡി കണ്ടുകെട്ടിയിരിക്കുന്നത്. ഇതുപോലെ നിരവധി പേരെ ഇവര്‍ ചൂഷണത്തിനിരയാക്കി എന്നാണ് സൂചന. ഇതു സംബന്ധിച്ചുള്ള അന്വേഷണം പുരോ?ഗമിക്കുകയാണ്.

നഴ്‌സുമാരില്‍ നിന്ന് ശേഖരിച്ച പണം ഹവാല ഇടപാട് വഴിയാണ് എത്തിച്ചത്. ഹവാല ഇടപാട് നടത്താന്‍ പ്രതികളെ സഹായിച്ച പെന്റാ മേനകയിലെ സ്ഥാപനത്തില്‍ ഇഡി റെയ്ഡ് നടത്തി. ഇവിടെ നിന്ന് 6,42,660 രൂപയും 19 വിദേശ രാജ്യങ്ങളുടെ ലക്ഷങ്ങള്‍ വിലമതിക്കുന്ന കറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്.


നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ