ശബരിമല: ഇടതുപക്ഷം ആരോടൊപ്പമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍

    തിരുവനന്തപുരം: ശബരിമല യുവതീപ്രവേശത്തില്‍ ഇടതുപക്ഷം ആരോടൊപ്പമാണെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിയും യുവതീപ്രവേശനം ആകാമെന്ന് പറയുമ്പോള്‍ കടകംപള്ളി യുവതികളെ പ്രവേശിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. ഇതില്‍ ഇടതുപക്ഷത്തിനും സിപിഎമ്മിനും ഏതു നിലപാടാണെന്ന് വ്യക്തമാക്കണം. ബിന്ദു അമ്മിണിയും രഹ്ന ഫാത്തിമയും സിപിഎമ്മിനുവേണ്ടി പ്രചാരണത്തിലാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എന്‍ഡിഎയുടെ മാനിഫെസ്റ്റോ പ്രകാശിപ്പിക്കുകയായിരുന്നു അദ്ദേഹം.
    കേരളത്തില്‍ ആരൊക്കെ തമ്മിലാണ് മത്സരമെന്ന് അറിയാന്‍ ആകാംക്ഷയുണ്ട്. ബംഗാളിലും പാര്‍ലമെന്റിലും സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. കേരളത്തില്‍ അവര്‍ തമ്മില്‍ മത്സരിക്കുന്നതായി ജനത്തിന് മുന്നില്‍ അഭിനയിക്കുകയാണ്. കോണ്‍ഗ്രസിന് കൊടുക്കുന്ന വോട്ട് ഫലത്തില്‍ സിപിഎമ്മിനാണ് പോകുന്നത്. മറിച്ചും. അബ്ദുല്‍നാസര്‍ മദനിയെ ജയില്‍ മോചിതനാക്കണമെന്നാവശ്യപ്പെട്ട് ഒത്തുചേര്‍ന്ന് നിയമസഭയില്‍ പ്രമേയം പാസാക്കിയവരാണ് ഇവര്‍. സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും വ്യക്തമായ പങ്കുണ്ട്. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ സ്വര്‍ണക്കടത്തുകാരില്‍ നിന്ന് പാരിതോഷികങ്ങള്‍ സ്വീകരിച്ചു. ഈ രണ്ടുകൂട്ടരെയും മടുത്ത കേരളജനത മൂന്നാം ബദലായി എന്‍ഡിഎയെ കാണുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
    കേന്ദ്രപദ്ധതികള്‍ ചെറുതായൊന്നു മിനുക്കി ഇടതുസര്‍ക്കാര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. കാരുണ്യ ആരോഗ്യപദ്ധതി പേരുമാറ്റി ആയുഷ്മാന്‍ എന്നാക്കി അടിച്ചുമാറ്റി. പത്തുകോടി കുടുംബങ്ങളിലെ 50 കോടി മനുഷ്യര്‍ക്കായി അഞ്ചുലക്ഷംരൂപവീതം ലഭിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കൊണ്ടുവന്നതും സ്വന്തം പേരിലാക്കി. പ്രധാനമന്ത്രി ആവാസ് യോജന ലൈഫ് മിഷന്‍ എന്നു പേരുമാറ്റി സംസ്ഥാനസര്‍ക്കാരിന്റേതാക്കി. 1,27,000 വീടുകളാണ് ഈ പദ്ധതിവഴി പാവപ്പെട്ടവര്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍മിച്ചു നല്‍കിയത്. കേരളത്തിലെ റോഡു വികസനത്തിന് 65,000 കോടിരൂപ കേന്ദ്രം നല്‍കി. പക്ഷേ കേരളം കൃത്യമായി ഭൂമി ഏറ്റെടുത്ത് നല്‍കുന്നില്ല. കേരളത്തിലെ 36 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടിലേക്കാണ് 6000 രൂപവീതം കേന്ദ്രം നല്‍കിയത്. കേരളത്തിലെ 13 ലക്ഷം പേരാണ് മുദ്രാ വായ്പ എടുത്തത്. ഇതില്‍ ഏറെയും സ്ത്രീകളാണ്. 55,000 സ്ത്രീകള്‍ക്കാണ് സൗജന്യമായി ഗ്യാസ് കണക്ഷന്‍ നല്‍കിയത്. ഈ നേട്ടങ്ങളുടെ പട്ടിക മുഴുവന്‍ സംസ്ഥാനസര്‍ക്കാര്‍ അടിച്ചുമാറ്റി. എന്‍ഡിഎയുടെ പ്രകടനപത്രിക വികസനോന്മുഖവും ചടുലവും സംസ്ഥാനത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞു.
    കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ്‍, ഒ. രാജഗോപാല്‍ എംഎല്‍എ, എന്‍ഡിഎ നേതാക്കളായ പി.കെ. കൃഷ്ണദാസ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.                                                                             ശബരിമലയിലും ലവ് ജിഹാദിലും പ്രത്യേക നിയമം, 3500 രൂപ പെന്‍ഷന്‍; എന്‍ഡിഎ പ്രകടന പത്രിക                                                                                                              ശബരിമല, ലവ് ജിഹാദ് വിഷയങ്ങളില്‍ ഊന്നി കേരളത്തില്‍ എന്‍ഡിഎയുടെ പ്രകടന പത്രിക. ശബരിമലയില്‍ ആചാരസംരക്ഷണത്തിന് വേണ്ടി നിയമ നിര്‍മ്മാണം നടത്തുമെന്നും, ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനങ്ങള്‍.

    ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ആറ് സൗജന്യ പാചക വാതക സിലിണ്ടര്‍ നല്‍കും. ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ് ടോപ്പ് നല്‍കും. ക്ഷേമ പെന്‍ഷന്‍ 3500 രൂപയാക്കി വര്‍ധിപ്പിക്കും. ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് വീതം ജോലി നല്‍കുമെന്നതടക്കമുള്ള വാഗ്ദാനങ്ങളാണ് എന്‍ഡിഎ മുന്നോട്ട് വെക്കുന്നത്.

    തിരുവനന്തപുരത്ത് കേന്ദ്ര മന്ത്രി പ്രകാശ് ജാവേദ്ക്കറാണ് പത്രിക പുറത്തിറക്കിയത്. കേന്ദ്ര പദ്ധതികള്‍ പേര് മാറ്റി അതിന്റെ നേട്ടം കേരളത്തിലെ സര്‍ക്കാര്‍ അവകാശപ്പെടുകയാണെന്ന് പ്രകാശ് ജാവേദ്ക്കര്‍ കുറ്റപ്പെടുത്തി. കേരളത്തില്‍ മാത്രമാണ് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ മത്സരിക്കുന്നതെന്നും ഇത് നിഴല്‍ യുദ്ധം മാത്രമാണെന്നും പ്രകാശ് ജാവേദ്ക്കര്‍ ആരോപിച്ചു.