കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ല; ആദായ നികുതി വകുപ്പ് പരിശോധനയ്ക്കെതിരെ മുഖ്യമന്ത്രി

    തിരുവനന്തപുരം: കിഫ്ബിയെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും എല്ലാം മാനദണ്ഡങ്ങളും പാലിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.  അല്‍പമൊന്ന് അപമാനിച്ചു കളയാം എന്നു കരുതിയാണ് റെയ്‌ഡെല്ലാം നടത്തിയത് എന്നാല്‍ അപമാനിതരാകുന്നത് കേന്ദ്രസര്‍ക്കാാരും ബന്ധപ്പെട്ട വകുപ്പുകളുമാണ്. കേരളത്തില്‍ കിഫ്ബിയുടെ സഹായത്താല്‍ ഉയര്‍ന്നു വന്ന ആശുപത്രികളും സ്‌കൂളുകളും ജനം കണ്ട് തിരിച്ചറിഞ്ഞിട്ടുണ്ട്. നാടിന്റെ വികസനം തകര്‍ക്കാാനുള്ള നീക്കത്തെ നാട് ഒരു തരത്തിലും അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

    നെയ്യാറ്റിന്‍കരയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

    കോണ്‍ഗ്രസ്സിനും ബിജെപിക്കും കിഫ്ബിയോട് വല്ലാത്തൊരു അപ്രിയമാണ്. നാട്ടില്‍ ഒരു വികസനവും നടക്കാന്‍ പാടില്ല എന്ന മനോഭാവമാണവര്‍ക്ക്. ഇങ്ങനൊരു മനോഭാവം നാട്ടിലെ ഒരു പ്രസ്ഥാനത്തിന് എങ്ങനെയാണ് ചിന്തിക്കാന്‍ കഴിയുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു.

    “കേരളസർക്കാർ ദുരിതകാലത്തും പദ്ധതികള്‍ നടപ്പിലാകുന്ന ഘട്ടം വന്നപ്പോള്‍ പദ്ധതിക്ക് സാമ്പത്തിക സഹായം ചെയ്യുന്ന കിഫ്ബിയെ ഇല്ലാതാക്കാനായി പുറപ്പാട്. കിഫ്ബി തട്ടിക്കൂട്ടി ഉണ്ടാക്കിയതല്ല. അത് നിയമ സഭയുടെ ഉത്പന്നമാണ്.  റിസര്‍വ്വ് ബാങ്കാണ് അനുമതി നല്‍കിയത്”, മുഖ്യമന്ത്രി പറഞ്ഞു. തുടർന്ന് കിഫ്ബിയെ തകർക്കാനായി കേന്ദ്രവും യുഡിഎഫും ചേർന്ന് പ്രവർത്തിച്ചുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

    “കോണ്‍ഗ്രസ്സും ബിജെപിയും യുഡിഎഫും കിഫ്ബിക്കെതിരേ ചന്ദ്രഹാസമിളക്കി. ഇക്കാര്യത്തില്‍ യുഡിഎഫും ബിജെപിയും തമ്മില്‍ കേരളാ തല ബന്ധമുണ്ട്. ഈ ധാരണയുടെ ഭാഗമായാണ് കേന്ദ്രഏജന്‍സിയുടെ ഇടപെടല്‍ കിഫ്ബിക്കെതിരേ നടപ്പാക്കാന്‍ നോക്കിയത്. എന്തോ കിഫ്ബിയ ചെയ്തുകളയും എന്ന മട്ടിലാണ് അവര്‍ വന്നത്. എന്നാല്‍ കിഫ്ബി അവരുടെ അടിസ്ഥാന നിലപാടില്‍ ഉറച്ചു നിന്നു. രാജ്യത്തിന്റെയും ലോകത്തിന്റെയും അംഗീകാരം വേടിയ സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി ബോര്‍ഡിലുള്ളത്. അതുപോലുള്ള പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപ്പാമ്പ് കാട്ടി ഭയപ്പെടുത്താനാവില്ല.

    രണ്ട് ദിവസം മുമ്പ് പാര്‍ലമെന്റില്‍ കിഫ്ബിയെ കുറിച്ച് കേരളത്തില്‍ നിന്നുള്ള മൂന്ന് യുഡിഎഫ് എംപിമാര്‍ ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പോലെ അനുകൂല ഉത്തരമുണ്ടായില്ല. റിസര്‍വ്വ് ബാങ്കിന്റെ അനുമതിയോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരിന് പറയേണ്ടിവന്നു. മസാലബോണ്ട് കിഫ്ബി സ്വീകരിച്ചത് റിസര്‍വ്വ്ബാങ്കിന്റെ അനുതിയോടെയാണെന്നും പാര്‍ലമെന്റില്‍ നിന്ന് ഉത്തരം കിട്ടി. യുഡിഎഫും ബിജെപിയും കെട്ടിപ്പൊക്കിയ ചീട്ടുകൊട്ടാരം തകര്‍ന്നു വീഴുന്ന അവസ്ഥയാണ് കണ്ടത്. അതില്‍ കോണ്‍ഗ്രസ്സിനും യുഡിഎഫനും ബിജെപിക്കും നിരാശയാണ്. ഈ ശക്തികളെല്ലാം യോജിച്ച് ഇപ്പോള്‍ ഇന്‍കം ടാക്‌സുകാരെ പറഞ്ഞയച്ചിരിക്കുകയാണ്” – മുഖ്യമന്ത്രി പറഞ്ഞു