എം.ബി. രാജേഷിന്റെ ഭാര്യയുടെ നിയമനം: അന്വേഷണത്തിന് ഗവർണറുടെ അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം∙ മുന്‍ എംപി എം.ബി. രാജേഷിന്റെ ഭാര്യ നിനിത കാണിച്ചേരിയെ സംസ്‌കൃത സര്‍വകലാശാലയില്‍ നിയമിക്കാനുള്ള നടപടിക്കെതിരെ സമര്‍പ്പിച്ച പരാതി അന്വേഷിക്കാന്‍ ഗവര്‍ണറുടെ അനുമതിക്കായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കി. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള ഇന്റര്‍വ്യൂ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നതിന് സ്‌കോര്‍ പോയിന്റ് കൂട്ടുകയും, ഭാഷാ വിദഗ്ധരായ ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങളുടെ ശുപാര്‍ശ തള്ളിക്കളഞ്ഞുകൊണ്ട് നിയമിക്കുകയും ചെയ്ത നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിജിലസ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

പ്രസ്തുത നിയമനത്തിന് വിസി ഉത്തരവാദിയാണെന്ന ആരോപണം ഉള്ളത് കൊണ്ട് വിസിക്കെതിരെ  അന്വേഷണം നടത്താന്‍ വിസിയുടെ നിയമനാധികാരിയായ ഗവര്‍ണറുടെ അനുമതി ആവശ്യമാണെന്ന വിജിലന്‍സ് പ്രോസിക്യൂഷന്‍ ഡയറക്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കത്ത് നല്‍കിയത്. സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിന്‍ കമ്മിറ്റിയാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.