കിഫ്ബിയില്‍ ആദായ നികുതി പരിശോധന; ശുദ്ധ തെമ്മാടിത്തരമെന്ന് തോമസ് ഐസക്

തിരുവനന്തപുരം: കിഫ്ബി ആസ്ഥാനത്ത് പരിശോധ നടത്തി ആദായനികുതി വകുപ്പ്. കരാറുകാരുടെ നികുതി പണവുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന. ആദായ നികുതിവകുപ്പ് കാണിച്ചത് ശുദ്ധ തെമ്മാടിത്തരമെന്നായിരുന്നു ധനമന്ത്രി തോമസ് ഐസക്കിന്റെ പ്രതികരണം.

കിഫ്ബി വായ്പ വഴി വിവിധ പദ്ധതികള്‍ നടപ്പിലാക്കിയ സ്ഥാപനങ്ങള്‍ക്ക് ആദായനികുതി വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. എത്ര കോടിയുടെ പദ്ധതിയാണ് നടപ്പാക്കിയത്, കരാര്‍ക്ക് എത്ര പണം നല്‍കി തുടങ്ങിയ വിവരങ്ങള്‍ ആവശ്യപ്പെട്ടായിരുന്നു നോട്ടീസ്. വിവിധ വകുപ്പുകളും കിഫ് ബിയും ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയിരുന്നു. കൈമാറിയ രേഖകള്‍ സംബന്ധിച്ചായിരുന്നു പരിശോധന. കാരാറുകാര്‍ നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്ന പരിശോധനയാണ് നടക്കുന്നതെന്നാണ് കിഫ് അധികൃതര്‍ പറയുന്നത്.

കിഎഫിബി സിഇഒക്ക് ഇഡി നോട്ടീസ് നല്‍കിയെങ്കിലും ഇതുവരെ ഹാജരായിരുന്നില്ല. ഇഡിയെ നിയമപരമായി നേരിടാന്‍ ഒരുങ്ങുമ്പോഴാണ് ആദായനികുതിവകുപ്പിന്റെ പരിശോധന. അഞ്ച് വര്‍ഷത്തിനുള്ളില്‍ 56,000 കോടിയുടെ പദ്ധതിയാണ് കിഫ്ബി നടപ്പാക്കിയത്. 10,000 കോടിരൂപ കരാര്‍ക്കു നല്‍കിയെന്നു കിഫ്ബി പറയുന്നു.