സി.പി.എമ്മിന്റെ പഞ്ചനക്ഷത്ര യോഗം ആരംഭിച്ചു: നേതാക്കള്‍ക്ക് നല്ല ഭക്ഷണം കഴിച്ചുകൂടെയെന്ന് കോലിയക്കോടന്‍

 

പാര്‍ട്ടി നിലപാടിനെ വിമര്‍ശിച്ച് സഖാക്കള്‍

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: എ.കെ.ജി സെന്ററില്‍ ചേര്‍ന്ന പോളിറ്റ് ബ്യൂറോ യോഗത്തിന് പിന്നാലെ സി.പി.എം കേന്ദ്ര കമ്മിറ്റി തമ്പാനൂരിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ആരംഭിച്ചു. യോഗം ഞായറാഴ്ച്ച അവസാനിക്കും. തൊഴിലാളി വര്‍ഗത്തിന്റെ പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും അധികാരത്തിലേരുകയും ചെയ്ത പാര്‍ട്ടിയുടെ നേതാക്കല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ യോഗം ചേരുന്നതിനെതിരെ കടുത്ത വിമര്‍ശനവുമായി സി.പി.എം സഹയാത്രികരും സൈബര്‍ ലോകത്തെ സഖാക്കളും രംഗത്തെത്തിയിരുന്നു.

പഞ്ചനക്ഷത്ര ഹോട്ടല്‍ യോഗ വേദിയായതിനെതിരെ നിശതവിമര്‍ശനമുയര്‍ന്നെങ്കിലും അതൊന്നും കണക്കിലെടുക്കേണ്ടെന്ന നിലപാടാണ് സംസ്ഥാനത്തെ നേതാക്കള്‍ സ്വീകരിച്ചത്. യോഗം സംഘടിപ്പിക്കുന്നതിനുള്ള ചുമതല തിരുവനന്തപുരം ജില്ലാ കമ്മിറ്റിയെ ആണ് സംസ്ഥാന നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റയും കോലിയക്കോട് കൃഷ്ണന്‍ നായരുടെയും മേല്‍നോട്ടിത്താലാണ് ഹോട്ടലിലെ അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയത്.

പഞ്ചനക്ഷത്ര ഹോട്ടിലില്‍ യോഗം ചേരുന്നതിനെതിരായ വിമര്‍ശനങ്ങളെ ന്യായീകരിച്ച് ഇന്നലെ നേതാക്കള്‍  രംഗത്തെത്തിയെങ്കിലും അവരെയും കൊന്ന്‌കൊലവിളിക്കുകയാണ് സോഷ്യല്‍ മീഡിയ. അതീവ സുരക്ഷ നല്‍കേണ്ട നിരവധി സഖാക്കള്‍ ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്ന് പ്രതിനിധികളായതിനാലാണ് കേന്ദ്ര കമ്മിറ്റി പഞ്ചനക്ഷത്ര സൗകര്യത്തിലേക്ക് മാറ്റിയതെന്നാണ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ മാധ്യമങ്ങളോട് വിശദീകരിച്ചത്. ഇത്തരത്തില്‍ സുരക്ഷാ പ്രശ്‌നങ്ങളുള്ള തൊണ്ണൂറോളം പ്രതിനിധികാളാണ് തലസ്ഥാനത്തെത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനനേതാക്കളുടെ സാന്നിധ്യത്തില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പഞ്ചനക്ഷത്ര യോഗത്തെക്കുറിച്ച് ആനാവൂര്‍ നാഗപ്പന്‍ വിശദീകരിച്ചത്. തൊഴിലാളി വര്‍ഗ പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് നല്ല ഭക്ഷണം കഴിച്ചു കൂടെയെന്നായിരുന്നും കോലിയക്കോട് കൃഷ്ണന്‍ നായരുടെ പ്രതികരണം.

അതേസമയം തൊഴിലാളി വര്‍ഗങ്ങളെ പ്രതിനിധീകരിക്കുന്ന സി.പി.എം സുഖലോലുപതയ്ക്ക് പിന്നാലെ പോകുന്നെന്ന വിമര്‍ശനമാണ് സോഷ്യല്‍ മീഡിയ ഉയര്‍ത്തുന്നത്. നേരത്തെ ഉണ്ടാകാതിരുന്ന കീഴ് വഴക്കങ്ങളും വിവാദങ്ങളും സംസ്ഥാനത്തെ നേതാക്കള്‍ ബോധപൂര്‍വം സൃഷ്ടിക്കുകയാണെന്നും വിമര്‍ശകര്‍ പറയുന്നു.