നേര്‍വഴിയേ സി.പി.ഐ: എല്‍ഡിഎഫ് പുകയുന്നു

ലോ അക്കാദമി വിഷയത്തില്‍ എല്‍.ഡി.എഫ് പുകയുന്നു. സംഘടനയായ എസ്.എഫ്.ഐ സമരത്തില്‍ നിന്ന് പിന്മാറുകയും സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് സമരത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തതോടെയാണ് മുന്നണിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രനും സമരത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു.

ഇന്നലെ പന്ന്യന്‍ രവീന്ദ്രന്‍ വിദ്യാഭ്യാസമന്ത്രിയെയും സര്‍ക്കാരിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ നിന്ന് മന്ത്രി ഇറങ്ങിപ്പോയത് ശരിയായില്ലെന്നും പാദസേവ നടത്തുന്നത് ശരിയല്ലെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ചര്‍ച്ച വഴി തെറ്റിച്ചത് ഒരു വിദ്യാര്‍ത്ഥി സംഘടനയാണെന്നും കേരളം എല്ലാം കാണുന്നുണ്ടെന്ന് ഓര്‍ക്കണമെന്നും പന്ന്യന്‍ വ്യക്തമാക്കി.
നേരത്തെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എസ്.എഫ്.ഐയെയും സര്‍ക്കാരിനെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കാനം രാജേന്ദ്രനും പരസ്പരം വാക്പോരിലേക്ക് വരെ കാര്യങ്ങള്‍ എത്തി.

മാത്രമല്ല മുന്നണയില്‍ റവന്യു വകുപ്പ് സി.പി.ഐ മന്ത്രിയാണ് കൈകാര്യം ചെയ്യുന്നത്. ലോ അക്കാദമിയിലെ ഭൂമി വിഷയം ഉടന്‍ പരിശോധിക്കേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നാല്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിയോടൊപ്പമല്ലായിരുന്നു. ഇന്നലെ ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച റവന്യുവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വരികയും ചെയ്തു. ഇന്ന് റവന്യുസെക്രട്ടറി പി.എച്ച്. കുര്യന്‍ ലോ അക്കാദമി സന്ദര്‍ശിക്കാനും തീരുമാനിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നിലപാടില്‍ നിന്ന് മാറി ഭൂമിയുടെ കാര്യത്തില്‍ വളരെ പെട്ടെന്നാണ് സി.പി.ഐ മന്ത്രി കൈകാര്യം ചെയ്യുന്ന റവന്യുവകുപ്പ് കാര്യങ്ങള്‍ നീക്കുന്നത്.

ലോ അക്കാദമി സമരത്തെ ബി.ജെ.പി സ്പോണ്‍സേര്‍ഡ് സമരമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിശേഷിപ്പിച്ചത്. ബി.ജെ.പി സ്പോണ്‍സേര്‍ഡ് സമരമാണെന്ന് സി.പി.എം നേതാക്കള്‍ വിശേഷിപ്പിക്കുമ്പോള്‍ ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ് എന്തിനു സമരത്തില്‍ പങ്കെടുക്കുന്നു എന്ന ചോദ്യം ഉയരുന്നു. ലോ അക്കാദമി വിഷയം ചര്‍ച്ച ചെയ്യാന്‍ ഇടതുമുന്നണി യോഗം വിളിക്കണമെന്നും സി.പി.ഐ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സി.പി.എം ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. ലോ അക്കാദമി വിഷയത്തില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വം ഇടപെടേണ്ട കാര്യമില്ലെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട്. സമരത്തിന് അനുകൂലമായാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ നിലകൊള്ളുന്നത്. സമരം പാര്‍ട്ടി ഏറ്റെടുക്കണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റും തീരുമാനിച്ചിരുന്നു. മാത്രമല്ല സി.പി.ഐയുടെ യുവജന വിഭാഗമായ എ.ഐ.വൈ.എഫിനെയും സമരത്തില്‍ സജീവമായി ഇടപെടുത്തുന്നതിനാണ് സി.പി.ഐ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം.