നിലമ്പൂർ എം.എൽ.എ പി.വി അൻവർ സിയറാ ലിയോണില്‍ നിന്ന് അന്‍വര്‍ തിരിച്ചെത്തുന്നു

    മലപ്പുറം: അഭ്യൂഹങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് നിലമ്പൂര്‍ എംഎല്‍എ പി.വി.അന്‍വര്‍ ഈ ആഴ്ച തന്നെ തിരിച്ചെത്തും. സിപിഎം മലപ്പുറം ജില്ലാ നേതൃത്വമാണ് ഇതുസംബന്ധിച്ച് വ്യക്തത വരുത്തിയത്. ആരോപണങ്ങള്‍ക്കടക്കം എല്ലാത്തിനും അന്‍വര്‍ തിരിച്ചെത്തിയ ശേഷം മറുപടി നല്‍കുമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്.

    ആഫ്രിക്കന്‍ രാജ്യമായ സിയറാ ലിയോണിലാണ് താനുള്ളതെന്ന് അന്‍വര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ അന്‍വര്‍ വിദേശത്ത് തടങ്കലിലാണെന്നതടക്കമുള്ള ആരോപണങ്ങളാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും ഉന്നയിച്ചിരുന്നത്. എതിരാളികള്‍ ഉയര്‍ത്തിവിട്ട ആരോപണങ്ങള്‍ക്ക് ഫെയ്സ്ബുക്ക് വഴി വിദേശത്തുനിന്ന് തന്നെ എം.എല്‍.എ  മറുപടി നല്‍കിയിരുന്നു.  എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും അന്‍വര്‍ മണ്ഡലത്തില്‍ തിരിച്ചെത്താത്തത് യുഡിഎഫ് രാഷ്ട്രീയ ആയുധമാക്കിയതോടെ സിപിഎമ്മിനേയും പ്രതിരോധത്തിലാക്കിയിരുന്നു.

    സി.പി.എം. സ്വതന്ത്രനായി നിലമ്പൂരില്‍ മത്സരിച്ച് ജയിച്ച പി.വി. അന്‍വര്‍ തദ്ദേശതിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെയാണ് വിദേശത്തേക്ക് പോയത്. കോണ്‍ഗ്രസ്സിലെ ആര്യാടന്‍ ഷൗക്കത്തിനെ തോല്‍പ്പിച്ചാണ് നിലമ്പൂര്‍ നിയമസഭാ സീറ്റ് അന്‍വര്‍ പിടിച്ചെടുത്തത്.

    നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ