സുധീരനെതിരെ ഹൈക്കമാന്‍ഡിലേക്ക് പരാതി പ്രവാഹം

ഉപതെരഞ്ഞെടുപ്പ് തോല്‍വി ആയുധമാക്കി എതിരാളികള്‍

അസ്വസ്ഥരുടെ കൂടാരമായി കോണ്‍ഗ്രസ്

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ദയനീയ പരാജയം കെ.പി.സി.സി അധ്യക്ഷന്‍ സുധീരനെതിരായ ആയുധമാക്കി എ.ഐ ഗ്രൂപ്പുകള്‍. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് ഇന്ന് രാവിലെ മുതല്‍ ഫാക്‌സും ഇ-മെയിലുമടക്കം നിരവധി പരാതികളാണെത്തിയത്. സുധീരനെതിരെ രാഹുല്‍ഗാന്ധി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് എന്നിവര്‍ക്കും നിരവധി പരാതി ലഭിച്ചിട്ടുണ്ട്.

സുധീരന്‍ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തെത്തിയശേഷം സംഘടനാ സംവിധാനങ്ങള്‍ തകര്‍ന്നെന്നും താഴെത്തട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തനം ദുര്‍ബലമായെന്നുമാണ് പരാതിക്കാര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പാര്‍ട്ടിയെ സജ്ജമാക്കാന്‍ നേതൃത്വത്തിന്റെ ഭാഗത്ത്‌നിന്ന് യാതൊരു നടപടിയുമുണ്ടാകാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. കാലങ്ങളായി പാര്‍ട്ടിക്കൊപ്പം നില്‍ക്കുകയും ഇപ്പോള്‍ ബി.ജെ.പിക്ക് അനുകൂലമായ നിലപാടെടുക്കുകയോ പാര്‍ട്ടി മാറുകയോ ചെയ്തവരെ മടക്കിക്കൊണ്ടുവരാന്‍ കെ.പി.സി.സിയുടെ ഭാഗത്ത്‌നിന്ന് ഒരു നടപടിയുമുണ്ടായിട്ടില്ലെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. കാരണങ്ങള്‍ പലതാണെങ്കിലും സുധീരനെ അധ്യക്ഷ സ്ഥാനത്ത്‌നിന്ന് നീക്കണമെന്നതാണ് പരാതിക്കാരുടെയെല്ലാം പൊതുആവശ്യം. സംഘടന തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമുണ്ട്. പുതുതായി നിയമിക്കപ്പെട്ട ഡി.സി.സി അധ്യക്ഷന്‍മാര്‍ക്കെതിരെയും ഹൈക്കമാന്‍ഡിന് പരാതി ലഭിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഡി.സി.സി പുനസംഘടനയില്‍ സുധീരനുമായി കലഹിച്ചുനില്‍ക്കുന്ന ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും സ്വന്തം നിലയ്ക്കുള്ള സംഘടനാ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഉമ്മന്‍ ചാണ്ടിയെ 14 ന് നടക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലെത്തിക്കാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം ഇതുവരെ വഴങ്ങിയിട്ടില്ല.

ഗ്രൂപ്പ് പോരിനിടെ ശക്തമായ നേതൃത്വമോ ഏകോപനമോ ഇല്ലാതെ ഐ ഗ്രൂപ്പ് ഛിന്നഭിന്നമായ അവസ്ഥയിലുമാണ്. പത്തനംതിട്ടയില്‍ പഴകുളം മധുവിന്റെ നേതൃത്വത്തില്‍ നടന്ന ഗ്രൂപ്പ് യോഗം കൈയ്യാങ്കളില്‍ കലാശിച്ചതും ചെന്നിത്തല പക്ഷത്തിന് ക്ഷീണമായി. ഇതോടെ ജില്ലയിലെ ജനസ്വാധീനമുള്ള പല നേതാക്കളും ചെന്നിത്തലയില്‍ നിന്നകന്ന് എ ഗ്രൂപ്പിലേക്ക് അടുത്തിട്ടുണ്ട്. പത്മജയെ രംഗത്തിറക്കി ഐ ഗ്രൂപ്പുകാരുടെ കൂട്ടായ്മ രൂപീകരിക്കാനുള്ള ശ്രമവും സജീവമാണ്. പ്രവര്‍ത്തകരുമായി ബന്ധമില്ലാത്ത പഴകുളത്തെ അംഗീകരിക്കില്ലെന്നതാണ് ഭൂരിഭാഗത്തിന്റയും നിലപാട്.

ഇതിനിടെ മറ്റ് ജില്ലകളിലെ പല പ്രമുഖ നേതാക്കളും എ, സുധീരന്‍ പക്ഷങ്ങളിലേക്ക് കൂടുമാറി. താഴേത്തട്ടില്‍ സ്വാധീനമുള്ള നേതാക്കളുടെ അഭാവം സുധീരന്‍ പക്ഷത്തെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കെ.പി.സി.സി ആസ്ഥാനം വിട്ടൊരു രാഷ്ട്രീയ പ്രവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാനാകാത്ത അവസ്ഥയിലാണ് സുധീരനും. കോണ്‍ഗ്രസിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത്  പരമാവധിപേരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാനുള്ള തീരുമാനത്തിലാണ് ബി.ജെ.പി നേതാക്കള്‍. ഇതിന്റെ ഭാഗമായി ഗ്രാമീണമേഖലകളില്‍ അടുത്തയാഴ്ചമുതല്‍ കുടുംബയോഗങ്ങളും ഭവനസന്ദര്‍ശനവും സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.