ഓംപൂരി: ഇന്ത്യന്‍ സിനിമയിലെ മനുഷ്യ മുഖം

-സി.ടി.തങ്കച്ചന്‍-

അറുപത്താറിന്റെ ചെറുപ്പത്തില്‍ മഹാനടനായ ഓംപുരി വിടവാങ്ങുമ്പോള്‍ നഷ്ടമാവുന്നത് ഇന്ത്യന്‍ സിനിമയിലെ മനുഷ്യമുഖമാണ്. ജനപ്രിയ സിനിമയിലും സമാന്തരസിനിമയിലും നാടകത്തിലും ഒരുപോലെ അഭിനയിച്ചിരുന്ന ഈ മഹാനടന്‍ പതിവ് വാര്‍പ്പു മാതൃകകളെ കൊണ്ടാടുന്ന ബോളിവുഡ് സിനിമയിലെ വേറിട്ട മുഖമായിരുന്നു. ഹിന്ദി സിനിമയിലെ സ്‌ത്രൈണ സ്വഭാവമുള്ള നാടന്‍മാരില്‍ നിന്നും വ്യത്യസ്ഥനായിരുന്നു ഓം പൂരി.

മറാത്തി നാടക വേദിയുടെ പാരമ്പര്യത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച് അഭിനയ രംഗത്തെത്തിയ ഈ പ്രതിഭ ഗോവിന്ദ് നിന്ന ലാനിയുടെ ടെലിവിഷന്‍ പരമ്പരയിലൂടെയാണ് ശ്രദ്ധേയനായത്. പിന്നീട് ഹിന്ദി ചലച്ചിത്ര രംഗത്ത് എത്തിയ ഓംപുരി ആക്രോശ്, മിര്‍ച്ച് മസാല അര്‍ദ്ധ സത്യ തുടങ്ങിയ സിനിമകളിലെ അഭിനയത്തോടെ ശ്രദ്ധേയനായി.. ഹിന്ദിയില്‍ സമാന്തരസിനിമകളുടെ കാലമായിരുന്നുവത്.. ഓംപൂരിയോടൊപ്പം ഷബ്‌ന ആസ്മി, സ്മിത പാട്ടീല്‍, നാസറുദ്ദീന്‍ ഷാ തുടങ്ങിയ അഭിനയപ്രതിഭകളും തിളങ്ങി നിന്ന കാലമായിരുന്നു എണ്‍പതുകള്‍.. മറാത്തി നാടക രംഗത്തു നിന്നുമാരംഭിച്ച് ഹോളിവുഡ് സിനിമ വരെ നീണ്ടു കിടക്കുന്ന ഒരു സിനിമാ ചരിത്രത്തിന്റെ ഉടയോനായിരുന്നു ഈ നടന പ്രതിഭ.

ഓം പൂരി അദ്യമായി അഭിനയിച്ച മലയാള സിനിമയായിരുന്നു സംവത്സരങ്ങള്‍. മനുഷ്യമനസ്സിന്റെ ഇരുണ്ട വശങ്ങളിലേക്ക് ടോര്‍ച്ചടിച്ച ഒരു ബ്ലാക് ഹ്യുമര്‍ചിത്രമായിരുന്നു സംവത്സരങ്ങള്‍. അക്കാലത്തെ പുതുമുഖ നടന്‍മാരായ മുരളി, രാജന്‍ പി. ദേവ്, ജഗദീഷ് ശ്രീനിവാസന്‍, ഇന്നസെന്റ് എന്നിവരോടൊപ്പമാണ് മഹാനടനായ ഓംപുരി സംവത്സരങ്ങള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ കൊച്ചിയില്‍ എത്തുന്നത്. മുപ്പതു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊച്ചി നേവല്‍ ബേസിലെ ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ സ്വീകരിക്കാന്‍ പോയ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. വസൂരിക്കല വീണ അത്രയൊന്നും ആകര്‍ഷകമല്ലാത്ത മുഖം അതിലും പരുക്കനായ ശബ്ദം. എന്നാല്‍ ആ കണ്ണുകളില്‍ സ്‌നേഹത്തിന്റെ ആര്‍ദ്രത എല്ലാവര്‍ക്കം ഹസ്തദാനം നല്‍കി ചിരിച്ചു കൊണ്ട് അദ്ദേഹം ഞങ്ങളുടെ സ്വീകരണത്തോട് പ്രതികരിച്ചു.

സത്യന്‍ എന്ന കോട്ടയത്തുകാരന്‍ സുഹൃത്തായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ഇന്ന് മനോരമ ചാനലിന്റെ ചീഫ് ക്യാമറാമാനായ ചെറിയാനായിരുന്നു ചിത്രത്തിന്റെ ക്യാമറാമാന്‍. ഇന്ന് പി.സി.എന്‍ ആശുപത്രിയായി മാറിയ അന്നത്തെ കല്‍പ്പക ടൂറിസ്റ്റു ഹോമിലായിരുന്നു. ഓംപുരിക്ക് താമസം ഒരുക്കിയിരുന്നത്. കാക്കനാടിനടുത്ത് തെങ്ങോട് എന്ന ഗ്രാമത്തിലായിരുന്നു സിനിമയുടെ ലൊക്കേഷന്‍.

ഓംപുരി 10 ദിവസത്തെ കോള്‍ഷീറ്റാണ് നല്‍കിയിരുന്നത്. ഒരു ദിവസത്തെ പ്രതിഫലം പതിനായിരം രൂപ ‘ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള ആ സെറ്റില്‍ സന്തോഷപൂര്‍വ്വം അദ്ദേഹം അഭിനയിച്ചു. ഷൂട്ടിന്റെ ഇടവേളകളില്‍ മരത്തിന്റെ ചുവട്ടിലെ ഒരു മരപ്പലകയില്‍ കിടന്ന് ആ നടന്‍ ഉറങ്ങി. കൊടുത്ത ഭക്ഷണം കഴിച്ചു. ഒരു പരാതിയുമില്ലാതെ ബോളിവുഡ്ഡിലെ നടനാണെന്ന ഭാവവേതുമില്ലാതെ…..

ആ സിനിമയിലെ സഹ സംവിധായകന്‍ ഷാജിയായിരുന്നു. പിന്നീട് മലയാളത്തിലെ നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനായി മാറിയ സാക്ഷാല്‍ ഷാജി കൈലാസ്. ഇന്ന് ഇന്ത്യയിലെ പ്രമുഖ നാടക സംവിധായകനായ പ്രൊഫസര്‍ ചന്ദ്രദാസനായിരുന്നു. തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍. നാടകത്തില്‍ നിന്നു വന്നതുകൊണ്ടാകാം വളരെ പെട്ടെന്ന് ഓംപുരി മലയാളം ഡയലോഗുകള്‍ ഹൃദിസ്ഥമാക്കി. പ്രോംപ്റ്റിങ്ങിന്റെ ആവശ്യമെ വേണ്ടി വന്നില്ല.

ഷൂട്ടിങ്ങിന്റെ ഇടവേളകളില്‍ നാട്ടുകാരുമായി കുശലം പറയാനും ഗ്രാമത്തില്‍ ചുറ്റി നടക്കാനും അദ്ദേഹം താല്‍പ്പര്യം കാട്ടി. പ്രത്യേകിച്ച് ആ സിനിമയില്‍ പണിയൊന്നുമില്ലാതിരുന്ന ഞാന്‍ അദ്ദേഹത്തിനു കൂട്ടു നടന്നു. മറ്റാരുമറിയാതെ നാടന്‍ കള്ളുവാങ്ങി അതില്‍ വേപ്പിലയിട്ട് ഞങ്ങള്‍ മോരും വെള്ളമെന്ന വ്യാജേനേ കള്ളു കുടിച്ചു. അങ്ങനെയായിരുന്നു ആ പത്തു ദിവസങ്ങള്‍.

എന്റെ സുഹൃത്തായ റോയി നീറംപ്ലാക്കലായിരുന്നു ആ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. രാജന്‍ മക്കപ്പുഴയായിരുന്നു പ്രധാന നിര്‍മ്മാതാവ്. അതായിരുന്നു ആ സിനിമയുമായി എനിക്കുള്ള ബന്ധം. ആ ചിത്രം തീയേറ്ററില്‍ എത്തിയില്ലെങ്കിലും ആ വര്‍ഷത്തെ മികച്ച സിനിമയുടെ പട്ടികയിലായി.

ഷൂട്ടിങ്ങ് ആരംഭിക്കുന്നതിനു മുന്‍പ് ഷാജി കൈലാസിനെക്കാണാന്‍ പെരുമ്പാവൂരില്‍ നിന്നും ഒരു ചെറുപ്പക്കാരന്‍ വന്നു. ഡ്രൈവിങ്ങറിയാം ഒരു ജോലി വേണം അതായിരുന്നു ആവശ്യം ഷാജിയുടെ ശുപാര്‍ശയില്‍ ആ ചെറുപ്പക്കാരന്‍ സംവല്‍സരങ്ങള്‍ എന്ന ചിത്രത്തിനു വേണ്ടി ഓടിയ കാറിന്റെ വളയം പിടിച്ചു നടിമാരേയും നടന്‍മാരേയും ലൊക്കേഷനിലും ഹോട്ടലുകളിലുമെത്തിച്ചു. ഷാജിക്ക് ആന്റണിയെ ഇഷ്ടമായി. ഷൂട്ട് കഴിഞ്ഞ് ചിത്രകാരനായ ആര്‍.സുകുമാരന്റെ പാദമുദ്രയുടെ സെറ്റിലേക്കാണ് ഷാജി പോയത്. ഒപ്പം ആന്റണി എന്ന ചെറുപ്പക്കാരനേയും കൂട്ടി. പാദമുദ്രയിലെ നായകനായ മോഹന്‍ലാലിനെ സെറ്റിലെത്തിക്കുന്ന ജോലിയായിരുന്നു ആന്റണിക്ക് ഡ്രൈവറെ മോഹന്‍ലാലിന് ഇഷ്ടമായി ഷൂട്ടിങ്ങ് കഴിഞ്ഞ ദിവസം ലാല്‍ ആന്റ്ണിയോട് തന്റെ കൂടെപ്പോരുന്നോ എന്നു ചോദിച്ചു. അങ്ങനെ ആന്റണി മോഹന്‍ലാലിന്റെ പേഴ്‌സണല്‍ ഡ്രൈവറായി. പിന്നെ ആന്റണി പെരുമ്പാവൂരായി. മലയാളത്തിലെ പേരെടുത്ത ചലച്ചിത്രനിര്‍മ്മാതാവായി.

മറ്റൊരാന്റണിയായിരുന്നു. ഓംപുരിയുടെ മകനായി നായകവേഷത്തില്‍ അഭിനയിച്ചത്. അതും പുതുമുഖം.. വയനാട്ടുകാരനായ ആ ചെറുപ്പക്കാരന്‍ സിനിമയിലെത്തിയിട്ട് വര്‍ഷങ്ങളായി. മദ്രാസില്‍ പ്രേംനസീറിന്റെ വീട്ടിലെ ടെലിഫോണ്‍ അറ്റന്ററായാണ് തുടക്കം. പിന്നെ നിര്‍മ്മാണ സഹായിയായി. സംവല്‍സരങ്ങളില്‍ അഭിനയിക്കാന്‍ എത്തുമ്പോള്‍ ആല്‍വിന്‍ പ്രൊഡക്ഷന്‍ മാനേജരായിട്ടേയുള്ളൂ. സിനിമാഭിനയം കഴിഞ്ഞയുടന്‍ ആന്റണി വിവാഹിതനായി. സംവല്‍സരങ്ങള്‍ റിലീസ് ചെയ്തിട്ടില്ലാത്തതിനാല്‍ നടനായ ആല്‍വിനെ ആരും അറിഞ്ഞില്ല. പിന്നീട് പ്രൊഡക്ഷന്‍ കണ്‍ട്രോളറായി മലയാള സിനിമയില്‍ തിളങ്ങി. ഇപ്പോള്‍ മലയാളത്തിലെ താരമൂല്യമുള്ള നിര്‍മ്മാതാക്കളില്‍ ഒരാളാണ് ആല്‍വിന്‍ ആന്റണി. ആല്‍വിന്റെ മകളുടെ ഭര്‍ത്താവാണ് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍.

സംവല്‍സരങ്ങള്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ദീക്ഷ സ്വീകരിച്ച് സന്യാസിയായി. അന്നത്തെ പുതുമുഖങ്ങള്‍ താരങ്ങളായി. ഓംപുരി ഷൂട്ട് കഴിഞ്ഞ് ബോംബയിലേക്ക് തിരിച്ചു പോകുമ്പോള്‍ യാത്രയാക്കാന്‍ ഞാന്‍ മാത്രമാണ് വിമാനത്താവളത്തില്‍ പോയത് പിരിയാന്‍ നേരം അദ്ദേഹം ബാഗില്‍ നിന്നും എനിക്കൊരു സമ്മാനം തന്നു. ഓള്‍ഡ് മങ്ക് റമ്മിന്റെ ഉരുണ്ട കപ്പി.

പിന്നീട് ഓംപൂരിയെ കാണുന്നത് കല്‍ക്കത്താ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലില്‍ വെച്ചാണ്. കണ്ടമാത്രയില്‍ അദ്ദേഹം എന്നെ തിരിച്ചറിഞ്ഞു. സംവല്‍സരങ്ങള്‍ റിലീസ് ചെയ്തില്ല എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം നിശബ്ദനായി. ഞങ്ങള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ വെച്ച് ഞങ്ങള്‍ വീണ്ടും കണ്ടപ്പോള്‍ അദ്ദേഹം ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു. അതായിരുന്നു അവസാനത്തെ കൂടിക്കാഴ്ച്ച. ഇന്ന് 66ാം വയസ്സില്‍ അദ്ദേഹം മരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ പഴയ ഓര്‍മ്മകള്‍ മനസ്സിലെത്തി. ഒരു നടനെന്ന നിലയില്‍ രണ്ടു ദേശീയ അവാര്‍ഡുകള്‍, ഓര്‍ഡര്‍ ഓഫ് ബ്രിട്ടീഷ് എംപയര്‍ എന്ന ബഹുമതി. രണ്ടു തവണ ഭാരത സര്‍ക്കാരിന്റെ പത്മശ്രീ, ബഫ്ത പുരസ്‌കാരത്തിനുള്ള നോമിനേഷന്‍ ഇങ്ങനെ ഒരു പാട് ബഹുമതികള്‍ കരസ്ഥമാക്കിയ ആ പ്രതിഭ ഇന്ത്യന്‍ സിനിമയിലെ ഒരു പ്രതിഭാസമായിരുന്നു.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധിയില്‍ കഷ്ടി ഒരു സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് ഒരു ഡയലോഗ് മാത്രം പറയുന്ന ഒരു റോളില്‍ അഭിനയിക്കാനും അദ്ദേഹം വലിപ്പം കാണിച്ചു. ഇന്ത്യാ വിഭജനകാലത്ത് ഗാന്ധിജിയുടെ മുന്നിലേക്ക് ആയുധം വലിച്ചെറിഞ്ഞ് ‘ഇന്നാ … ഇതു തിന്നോ’ എന്നു പറയുന്ന വര്‍ഗ്ഗീയ വാദിയുടെ റോളില്‍. അന്ന് ആ കണ്ണുകളില്‍ മിന്നിയ പ്രതിഷേധാഗ്‌നിയുടെ സ്ഫുലിംഗം ആ രംഗം കണ്ടവരുടെയുള്ളില്‍ ഇന്നു മുണ്ടാകും അതായിരുന്നു ഓംപുരി എന്ന നടന്‍