ഇന്ദിരാഭവന് മുന്നില്‍ ലതികാ സുഭാഷിന്റെ തലമുണ്ഡനം, രാജി

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഡല്‍ഹിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന്റെ വക നാടകീയരംഗങ്ങള്‍.

പാര്‍ട്ടിക്കായി പണിയെടുക്കുന്ന വനിതകളെയാകെ അപമാനിച്ചുവെന്നാരോപിച്ച്, മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവിയില്‍ നിന്നുള്ള രാജി പ്രഖ്യാപിച്ച അവര്‍, അപ്രതീക്ഷിതമായി അവിടെ വച്ചുതന്നെ തല മുണ്ഡനം ചെയ്തത് കണ്ട് ഇന്ദിരാഭവനിലുണ്ടായിരുന്ന നേതാക്കളും അമ്പരന്നു.

അനുനയിപ്പിക്കാനായി യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍ ചാടിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. നമുക്ക് കാര്യങ്ങള്‍ പരിഹരിക്കാമെന്ന് ഹസ്സന്‍ പറഞ്ഞപ്പോള്‍, ‘നിങ്ങള്‍ക്ക് ശ്രമിക്കാമെങ്കില്‍ ഏറ്റുമാനൂര്‍ സീറ്റ് എനിക്ക് വാങ്ങിത്തരൂ…’ എന്ന് ലതിക ഉച്ചത്തില്‍ തിരിച്ചടിച്ചു. ഞാന്‍ 15 വയസ്സുള്ള കുട്ടിയല്ല, 56 വയസ്സായി എന്നും പറഞ്ഞു.

ലതിക സുഭാഷ് അച്ചടക്കമുള്ള പ്രവര്‍ത്തകയാണെന്നും ,അവര്‍ പാര്‍ട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ഡല്‍ഹി വാര്‍ത്താസമ്മേളനത്തിലെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി പറഞ്ഞതിന് പിന്നാലെ, ഇന്ദിരാഭവന് മുന്നില്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നിലെത്തിയ ലതിക പൊട്ടിത്തെറിച്ചു. അഭിമാനത്തോടെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക കേട്ടപ്പോള്‍ വനിതയെന്ന നിലയില്‍ ഏറെ ദു:ഖമുണ്ടെന്ന് പറഞ്ഞാണ് ലതിക തുടങ്ങിയത്. നാടകീയമായാണ് മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്.. തൊട്ടുപിന്നാലെ ,തല മുണ്ഡനം ചെയ്യുന്നതായും . പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളിലും കത്വ സംഭവത്തിലടക്കം നരേന്ദ്രമോദി സര്‍ക്കാരിന്റെ നയങ്ങളിലും പ്രതിഷേധിച്ചാണ് പകുതി തല മുണ്ഡനം ചെയ്യുന്നതെന്നാണ് പറഞ്ഞത്. ബാക്കി പകുതി ,പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചും..തല മുണ്ഡനം ചെയ്യുന്നതിനിടയില്‍ വിതുമ്പലടക്കാനാവാതെ ചിലര്‍ ലതികയുടെ മുഖം ചേര്‍ത്തുപിടിച്ചു. അവരെ തിരിച്ചാശ്വസിപ്പിച്ച് ലതിക.