നഴ്സുമാരെ വഞ്ചിച്ച് തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ; ആഡംബര കാറുകള്‍ വാങ്ങിക്കൂട്ടി

കൊച്ചി: ഗള്‍ഫില്‍ കോവിഡ് വാക്‌സിന്‍ ഡ്യൂട്ടിയെന്ന പേരില്‍ ജോലി വാഗ്ദാനം ചെയ്ത് നഴ്‌സുമാരെ വഞ്ചിച്ച കേസില്‍ പ്രതികള്‍ തട്ടിയെടുത്തത് 2.35 കോടിയിലേറെ രൂപ. ഇപ്പോള്‍ പരാതി നല്‍കിയിട്ടുള്ളവരില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് 94 പേരില്‍നിന്ന് രണ്ടര ലക്ഷം രൂപ വീതം തട്ടിയെടുത്തതായാണ് പോലീസിന്റെ കണ്ടെത്തല്‍. കൂടുതല്‍ പരാതി വന്നുകൊണ്ടിരിക്കുകയാണെന്നും വ്യാപ്തി കൂടാനാണ് സാധ്യതയെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച പിടിയിലായ മുഖ്യ പ്രതിയും കലൂരിലെ ‘ടെയ്ക് ഓഫ്’ റിക്രൂട്ടിങ് ഏജന്‍സി ഉടമയുമായ എറണാകുളം നെട്ടൂര്‍ കളരിക്കല്‍ വീട്ടില്‍ ഫിറോസ് ഖാന്‍ (42), ദുബായിയിലെ ഏജന്റും ചേര്‍ത്തല അരൂക്കുറ്റി കൊമ്പനാമുറി പള്ളിക്കല്‍ വീട്ടില്‍ സത്താര്‍ (50) എന്നിവരുടെ അറസ്റ്റ് എറണാകുളം നോര്‍ത്ത് പോലീസ് ഞായറാഴ്ച രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കൊല്ലം സ്വദേശിയായ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും, ഇയാള്‍ക്ക് കേസില്‍ പങ്കില്ലെന്ന് തിരിച്ചറിഞ്ഞതോടെ വിട്ടു.

അറസ്റ്റിലായ പ്രതികളെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുത്തു. ഇവിടെ നിന്ന് നോട്ടെണ്ണുന്ന മെഷീനടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഡല്‍ഹിയിലേക്ക് കടക്കാനായുള്ള ശ്രമത്തിലായിരുന്ന ഫിറോസ് ഖാനെ കോഴിക്കോട്ടു നിന്ന് പോലീസ് പിടികൂടുകയായിരുന്നു.

നഴ്‌സ് വിസ എന്ന വ്യാജേന വിസിറ്റിങ് വിസ നല്‍കി വഞ്ചിച്ചെന്നു കാട്ടി കൊല്ലം പത്തനാപുരം പട്ടാഴിയിലെ റീന രാജന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി തുടങ്ങിയത്. അഞ്ഞൂറില്‍ കൂടുതല്‍ നഴ്‌സുമാരെ വാക്‌സിന്‍ നല്‍കുന്ന ഡ്യൂട്ടിക്കെന്ന പേരില്‍ പണം വാങ്ങി, ദുബായിയില്‍ എത്തിച്ച് മസാജ് സെന്റര്‍ ഹോം കെയര്‍ ജോലികള്‍ക്കായി പോകണമെന്ന് ഭീഷണിപ്പെടുത്തുകയും മുറിയില്‍ അടച്ചിടുകയുമായിരുന്നുവെന്നാണ് പരാതി.

കേസില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ദുബായിയില്‍ ഫിറോസ് ഖാന് കൂടുതല്‍ ഏജന്റുമാരുണ്ട്. ഇവരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണത്തിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എസ്. പ്രദീപ്കുമാര്‍ പറഞ്ഞു.