കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനാകും: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റിൽ കേരളത്തിനുമുന്നിൽ വലിയ സാധ്യത തുറന്നുകിടക്കുകയാണെന്നും, കേരളം ഇന്ത്യയുടെ റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് ഡെസ്റ്റിനേഷനായി മാറുമെന്നും വ്യവസായ മന്ത്രി പി. രാജീവ്. തിരുവനന്തപുരം ജില്ലയിലെ സംരംഭകർക്കായി സംഘടിപ്പിച്ച മീറ്റ് ദ മിനിസ്റ്റർ പരിപാടിക്കു ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തെ വ്യവസായ നിക്ഷേപത്തിന്റെ നാലിലൊന്നും ഇന്നു റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് മേഖലയിലായാണു നടക്കുന്നതെന്നു മന്ത്രി ചൂണ്ടിക്കാട്ടി. സാമൂഹിക, പാരിസ്ഥിതിക ഘടകങ്ങളും കോർപ്പറേറ്റ് ഗവേണൻസ് ക്വാളിറ്റിയും അധിഷ്ഠിതമായാണ് റെസ്പോൺസിബിൾ ഇൻവെസ്റ്റ്മെന്റ് നടക്കുന്നത്. ഇതിനുള്ള എല്ലാ സാഹചര്യങ്ങളും ഇന്നു കേരളത്തിലുണ്ട്. പുറമേനിന്നു വലിയ നിക്ഷേപ സാധ്യതകളാണു കേരളത്തിലേക്കെത്തുന്നത്.
സാമൂഹിക സുരക്ഷാ മേഖലയിലെ മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസന മേഖലകളിലെ വലിയ മാറ്റം ഇക്കാര്യത്തിൽ കേരളത്തിനു വലിയ മുതൽക്കൂട്ടാണ്. കേരളത്തിന്റെ വ്യവസായ രംഗത്തു വലിയ മാറ്റങ്ങളുണ്ടായിക്കഴിഞ്ഞു. കിൻഫ്ര പാർക്ക് തന്നെ ഇതിന് ഉത്തമ ഉദാഹരണമാണ്. മാലിന്യ സംസ്‌കരണത്തിലടക്കം അത്യാധുനിക സംവിധാനങ്ങൾ കേരളത്തിലെ കിൻഫ്ര പാർക്കുകളിലുണ്ട്.
ഇവിടെ സ്ഥാപനം തുടങ്ങാൻ തയാറായി ഒരാൾ എത്തിയാൽ 24 മണിക്കൂറിനുള്ളിൽ വൈദ്യുതി ലഭിക്കും. ഇതിനുള്ള സബ്സിഡിയറി കമ്പനി കിൻഫ്രയ്ക്കു കീഴിലുണ്ട്. ഇത്തരം കാര്യങ്ങൾകൂടി മുൻനിർത്തിയാണു ബംഗളൂരു – കൊച്ചി വ്യവസായ ഇടനാഴിയിൽ കിൻഫ്രയും ഭാഗമാകുന്നത്.
ഇത്തരം വലിയ മാറ്റങ്ങളാണു കേരളത്തിന്റെ വ്യവസായ മേഖലയിൽ സംഭവിക്കുന്നത്. പക്ഷേ പല കാര്യങ്ങളിലും വ്യവസായ സമൂഹത്തിനു വേണ്ടത്ര അവബോധമുണ്ടായിട്ടില്ലെന്നും സർക്കാർ ഇതിനുള്ള അടിയന്തര ശ്രമങ്ങൾ നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

വ്യവസായ സംരംഭകർക്കായി മീറ്റ് ദ മിനിസ്റ്റർ; 46 പരാതികൾക്കു പരിഹാരമായി

തിരുവനന്തപുരം: ജില്ലയിലെ വ്യവസായ സംരംഭകരുടെ പരാതികൾ പരിഹരിക്കുന്നതിനു വ്യവസായ വകുപ്പ് സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ 46 പരാതികൾക്കു തീർപ്പുണ്ടാക്കി. വ്യവസായ നടത്തിപ്പുമായി ബന്ധപ്പെട്ട് സംരംഭകർ ഉന്നയിച്ച പ്രശ്നങ്ങൾക്കു വ്യവസായ മന്ത്രി പി. രാജീവ് നേരിട്ട് പരിഹാരം നിർദേശിക്കുകയും അടിയന്തര നടപടിക്കു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർക്കു നിർദേശം നൽകുകയും ചെയ്തു. പരിഹരിക്കാൻ കഴിയാതെ പോയ പരാതികളിൽ സമയബന്ധിത പരിശോധന നടത്തി തീരുമാനെടുക്കാനും മന്ത്രി നിർദേശിച്ചു.
103 പരാതികളാണു തിരുവനന്തപുരം ജില്ലയിലെ ‘മീറ്റ് ദ മിനിസ്റ്റർ’ പരിപാടിയിൽ ആകെ ലഭിച്ചത്. ഇതിൽ 86 എണ്ണം ഇ-മെയിലായും 17 എണ്ണം പരിപാടി നടന്ന വേദിയിലും ലഭിച്ചു. 62 പേർ പരിപാടിയിൽ നേരിട്ടു പങ്കെടുത്തു മന്ത്രിയെ പരാതി ബോധിപ്പിച്ചു. ഇതിൽ 46 എണ്ണം തീർപ്പാക്കി. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട പരാതികളാണു തീർപ്പാക്കാൻ കഴിയാതിരുന്നവയിൽ അധികവും. ഇവ ലീഡ് ബാങ്ക് പ്രതിനിധിക്കു കൈമാറി അടിയന്തര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു.
വ്യവസായങ്ങളുമായി ബന്ധപ്പെട്ട തടസങ്ങൾക്കു പരിഹാരം കാണുന്നതിനും വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനുമായി ജില്ലാതല, സംസ്ഥാനതല ബാങ്കേഴ്സ് സമിതി യോഗങ്ങളിൽ വ്യവസായ വകുപ്പിന്റെ പ്രതിനിധികൾ നിർബന്ധമായും പങ്കെടുക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്നു പരിപാടിയിൽ മന്ത്രി അറിയിച്ചു. പരിഹരിക്കാൻ കഴിയാതെപോയതിൽ, ഉന്നതതല തീരുമാനമെടുക്കേണ്ട വിഷയങ്ങളിൽ പരാതിക്കാരനുമായും ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാതല ഉദ്യോഗസ്ഥനുമായും പ്രിൻസിപ്പൽ സെക്രട്ടറിതലത്തിൽ സംസാരിച്ചു തീരുമാനമെടുക്കും.
ജില്ലകളിൽ നടക്കുന്ന മീറ്റ് ദ മിനിസ്റ്റർ പരിപാടിയുടെ ഭാഗമായി പുതിയ വെബ് പോർട്ടൽ തുറക്കുമെന്നു മന്ത്രി പറഞ്ഞു. ഇതോടെ ഓൺലൈനായും പരാതികൾ സ്വീകരിക്കാനും സമയബന്ധിതവും സുതാര്യവുമായി ഇവയിൽ തീരുമാനമെടുക്കാനുമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, ഡയറക്ടർ എസ്. ഹരികിഷോർ, ഹാൻഡ്ലൂം ഡയറക്ടർ കെ. സുധീർ, കിൻഫ്ര മാനെജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.