എടാ എല്‍ദോ, അങ്ങനെ നമ്മടെ പാര്‍ട്ടീം ഡിജിറ്റലായി

 സി.പി.എമ്മും ക്യാഷ് ലെസ് ഇടപാടുകള്‍ നടത്തി തുടങ്ങി 

എതിര്‍പ്പും സമരവും ഒരുവഴിക്ക്, പാര്‍ട്ടിയുടെ ഇടപാടുകള്‍ ഡിജിറ്റലിലൂടെ

ക്യാഷ് ലെസ് ഇടപാടുകള്‍ രാജ്യത്തിന് ചേരുന്നതല്ല എന്ന വാദം സി.പി.എം തന്നെ പൊളിക്കുന്നു 

-വികാസ് രാജഗോപാല്‍-

ക്യാഷ്‌ലെസ് ഇടപാടുകള്‍ നടത്തണമെന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമേല്‍ കുതിര കയറുന്ന സി.പി.എമ്മും ക്യാഷ്‌ലെസ് ആയതിന്റെ വാര്‍ത്ത ഇങ്ങനെ.

ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഹൈസിന്ത് പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന സി.പി.എമ്മിന്റെ കേന്ദ്രകമ്മിറ്റി യോഗത്തില്‍ നൂറോളം പ്രതിനിധികളാണ് പങ്കെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള എല്ലാവര്‍ക്കും കേരളത്തിന്റെ തനത് സുഗന്ധവ്യഞ്ജനങ്ങള്‍ ഗിഫ്റ്റായി നല്‍കണമെന്ന് സംസ്ഥാന പാര്‍ട്ടി നേതൃത്വം തീരുമാനിച്ചു. അതനുസരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുന്‍സ്പീക്കറും മന്ത്രിയുമായിരുന്ന എം വിജയകുമാറും കൂടി സ്‌പെന്‍സര്‍ ജംഗ്ഷനിലുള്ള ഇടുക്കി സ്‌പൈസസ് എന്ന കടയില്‍ പോയി സുഗന്ധവ്യഞ്ജനങ്ങള്‍ പരിശോധിക്കുന്നു. ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷനുള്ള വിഭവങ്ങളാണ് ഇവിടെ വില്‍ക്കുന്നത്. ഗ്രാംമ്പൂ, കുരുമുളക്, മഞ്ഞള്‍, ഏലം എന്നിവ അടങ്ങിയ ഒരു പാക്കറ്റ് കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചു. ഈനാല്കൂട്ടം സുഗന്ധവ്യഞ്ജനങ്ങള്‍ നല്ല പാക്കറ്റിലാക്കി നല്‍കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. രാമച്ചത്തിന്റെ ഒരു പാക്കറ്റിലാണ് ഇവ ഗിഫ്റ്റഅ പാക്കായി നല്‍കിയത്. ഒരു പാക്കറ്റിന്റെ വില 625 രൂപ. സമ്മേളനം തീര്‍ന്ന അന്ന് രാവിലെ നൂറ് പാക്കറ്റ് ഹൈസിന്തിലെത്തിച്ചു. അന്നുതന്നെ ഇടുക്കി സ്‌പൈസസിന്റെ ശാഖാ മാനേജരായ ചാക്കോയുടെ അക്കൗണ്ടിലേക്ക് 62500 രൂപ ഡിജിറ്റല്‍ ഇടപാടിലൂടെ എത്തി.

നോട്ട് പിന്‍വലിക്കലിനും ക്യാഷ്‌ലെസ് എക്കണോമിക്കുമെതിരെ സമരവും പ്രകടനവുമൊക്കെ പാര്‍ട്ടി ഒരു വശത്ത് നടത്തുമ്പോഴാണ് ക്യാഷ്‌ലെസ് ഇടപാട് പാര്‍ട്ടി നേരിട്ട് തന്നെ നടത്തിയത്. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ഒരു പൊരുത്തവുമില്ലെന്ന ആക്ഷേപം ഒരിക്കല്‍ക്കൂടി സത്യമാണെന്ന് സി.പി.എം തെളിയിച്ചു. സ്വാശ്രയ കോളജ്, കമ്പ്യൂട്ടര്‍വത്ക്കരണം, കാര്‍ഷക രംഗത്തെ യന്ത്രവത്ക്കരണം, മൊബൈല്‍ഫോണ്‍ ഇത്യാദി ആധുനികവത്ക്കരണങ്ങളെ മുന്നില്‍നിന്നെതിര്‍ക്കുകയും പിന്നീട് പിന്തുണയ്ക്കുകയും ചെയ്യുന്ന പതിവ് രീതിയാണ് ക്യാഷ്‌ലെസ് ഇടപാടിന്റെ കാര്യത്തിലും സി.പി.എം നടപ്പാക്കിയത്. അങ്ങനെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റും ഡിജിറ്റലായി, ക്യാഷ്‌ലെസ് ഇടപാടും നടത്തിത്തുടങ്ങി.