തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി:  രാജ്യത്തെ ഏറ്റവും പഴക്കമേറിയ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ തമിഴ്നാട് മര്‍ക്കന്റൈല്‍ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങള്‍ തൂത്തുക്കുടിയില്‍ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.

ഇതോടനുബന്ധിച്ചുളള പ്രത്യേക തപാല്‍ സ്റ്റാമ്പ്, തപാല്‍ കാര്‍ഡ് എന്നിവ പുറത്തിറക്കിയ മന്ത്രി ടിഎംബി മൊബൈല്‍ ഡിജി ലോബി വാഹനത്തിന്റെ ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.  കോവിഡ് വാക്സിനേഷന്‍ ബോധവല്‍ക്കരണത്തിനായി ബാങ്കും ടൈംസ് നെറ്റ് വര്‍ക്കും ചേര്‍ന്ന് സംഘടിപ്പിക്കുന്ന മൊബൈല്‍ വാക്സിനേഷന്‍ ക്യാമ്പ് വാഹനവും മന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു.

ഡിജിറ്റല്‍വല്‍ക്കരണം സ്വീകരിച്ച ബാങ്ക് കൃത്യമായ പാതയിലൂടെയാണ് മുന്നേറുന്നത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ജന്‍ധന്‍ യോജന മൂലം ഇന്ത്യയിലെ എല്ലാ പൗരന്‍മാര്‍ക്കും ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനായതായും മന്ത്രി ചൂണ്ടിക്കാട്ടി.   ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ വി രാമമൂര്‍ത്തി, പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ ജി നടരാജന്‍, ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.