ഉമ്മന്‍ ചാണ്ടിക്ക് മുന്നില്‍ ഹൈക്കമാന്‍ഡ് മുട്ടുമടക്കുന്നു

 

പ്രശ്‌നപരിഹാരത്തിന് ശ്രമിച്ച് മുകുള്‍ വാസ്‌നിക്

സംഘടനാ തെരഞ്ഞെടുപ്പെന്ന നിലപാടില്‍ മാറ്റമില്ലെന്ന് എ ഗ്രൂപ്പ്

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം:  ഡി.സി.സി പുനസംഘടനയെത്തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടുനിന്ന ഉമ്മന്‍ ചാണ്ടിയുടെ സമരതന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് മുട്ട്മടക്കുന്നു.

ഡി.സി.സി അധ്യക്ഷന്‍മാരുടെ പുനസംഘടനിയില്‍ എ ഗ്രൂപ്പ് പ്രതിനിധികളെ വ്യാപകമായി വെട്ടിനിരത്തിയ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് ഉമ്മന്‍ ചാണ്ടി  പാര്‍ട്ടി പരിപാടികളില്‍ നിസഹകരണം പ്രഖ്യാപിച്ചത്.

കഴിഞ്ഞദിവസം ഡല്‍ഹില്‍ കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത സംസ്ഥാനനേതാക്കളുടെ കണ്‍വെന്‍ഷനില്‍നിന്ന് ഉമ്മന്‍ ചാണ്ടി വിട്ടുനിന്നതിനെ തുടര്‍ന്നാണ് പ്രശ്‌ന പരിഹാരശ്രമങ്ങളുമായി കേന്ദ്ര നേതാക്കള്‍ രംഗത്തെത്തിയത്.

സംസ്ഥാനത്തെ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് ഒത്തുതീര്‍പ്പ് ശ്രമത്തിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചു. സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടെന്നും ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ താന്‍ തുറന്ന ചര്‍ച്ചയ്ക്ക് തയാറെന്നുമായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്നാണ് വിലയിരുത്തല്‍.

ഡി.സി.സി പുനസംഘടനയില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കാനോ കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരനുമായി വേദി പങ്കിടാനോ ഉമ്മന്‍ ചാണ്ടി തയാറായിരുന്നില്ല. ഉമ്മന്‍ ചാണ്ടിയും എ ഗ്രൂപ്പും നിലപാട് കര്‍ശനമാക്കിയതോടെ പല ജില്ലകളിലും പുതിയ ഡി.സി.സി അധ്യക്ഷന്‍മാര്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് ആളെക്കിട്ടാത്ത അവസ്ഥയുമുണ്ടായി. ഇതിനിടെ സമാന്തരമായി ജനകീയ വിഷയങ്ങളിലും സമരത്തിലും ഉമ്മന്‍ ചാണ്ടി പങ്കെടുക്കുകയും പ്രസംഗിക്കുകയും ചെയ്തത് സംസ്ഥാന നേതൃത്വത്തെയും സുധീരനെയും പ്രതിസന്ധിയിലാക്കി.

ഉമ്മന്‍ ചാണ്ടിയുടെ സഹകരണമില്ലാതെ സംഘടന ഒരടി മുന്നോട്ട് പോകില്ലെന്ന് മനസിലാക്കിയ വി.എം സുധീരനും രമേശ് ചെന്നിത്തലയും കഴിഞ്ഞദിവസം ഡല്‍ഹിയിലെത്തിയപ്പോള്‍ എ.കെ ആന്റണിയെ വിവരങ്ങള്‍ ധരിപ്പിച്ചു. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കണമെന്നും ഉമ്മന്‍ ചാണ്ടിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നേതൃത്വം തയാറാകണമെന്നും രമേശ് ചെന്നിത്തലയും രാഹുല്‍ ഗാന്ധിയോട് അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചതും മഞ്ഞുരുകലിന് കളമൊരുങ്ങുന്നതും.