അഴിമതിക്കെതിരെ വീരവാദങ്ങള്‍ മാത്രം; പ്രതികള്‍ സസുഖം വാഴുന്നു

വിജിലന്‍സ് കേസുകളില്‍ പ്രോസിക്യൂഷന്‍ അനുമതി തേടി 60-ലധികം കേസുകള്‍ ആഭ്യന്തരവകുപ്പില്‍ കെട്ടിക്കിടക്കുന്നു.

ഐ.എ.എസുകാരനായ ടി.ഒ. സൂരജ്, കെ.ടി.ഡി.എഫ്.സി മുന്‍ എം.ഡി രാജശ്രീ അജിത്, മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സി.കെ. വിശ്വനാഥന്‍ തുടങ്ങിയവരുടെ കേസുകളിലാണ് അനുമതി കിട്ടാതിരിക്കുന്നത്. 

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

ഐ.എ.എസ് ഉദ്യോഗസ്ഥനായ ടി.ഒ. സൂരജ് ഉള്‍പ്പെടെ 60 ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ അട്ടിമറിക്കുന്നതായി ആരോപണം.

അഴിമതിക്കെതിരെ പോരാട്ടം നടത്തുമെന്ന പിണറായി സര്‍ക്കാര്‍ വീരവാദം മുഴക്കുമ്പോഴും അഴിമതിക്കാരെ സംരക്ഷിക്കുന്ന നയമാണ് സര്‍ക്കാരിന്റേതെന്ന് രേഖകള്‍ തെളിയിക്കുന്നു.

സംസ്ഥാന സര്‍ക്കാരില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിക്കുന്ന പത്തോളം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായിട്ടും പ്രോസിക്യൂഷന്‍ അനുമതി നല്‍കാതെ വച്ചു താമസിപ്പിക്കുന്നതായാണ് ആരോപണം.

രാജശ്രീ അജിത്
രാജശ്രീ അജിത്

പ്രോസിക്യൂഷന്‍ അനുമതി തേടി 60 അപേക്ഷകളാണ് സര്‍ക്കാരിന്റെ പക്കലുള്ളതെന്നാണ് വിജിലന്‍സിന്റെ പോര്‍ട്ടലില്‍ കാണുന്നത്. മിക്ക കേസുകളിലും കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്തതു മൂലം വിചാരണ ഉള്‍പ്പെടെയുള്ള നടപടികള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നു വര്‍ഷം മുമ്പ് വരെ പ്രോസിക്യൂഷന്‍ അനുമതിക്കായി സമര്‍പ്പിച്ച അപേക്ഷകളാണ് ആഭ്യന്തര വകുപ്പില്‍ കെട്ടിക്കിടക്കുന്നത്. ഇപ്പോഴത്തെ പാര്‍ലമെന്റികാര്യ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ടി.ഒ. സൂരജ്, കെ.ടി.ഡി.എഫ്.സി മുന്‍ മാനേജിംഗ് ഡയറക്ടര്‍ രാജശ്രീ അജിത്ത്, മുന്‍ എന്‍ട്രന്‍സ് കമ്മീഷണര്‍ സി.കെ. വിശ്വനാഥന്‍ തുടങ്ങിയവര്‍ക്കെതിരെയുള്ള കേസുകളിലാണ് പ്രോസിക്യൂഷന്‍ അനുമതി ഇനിയും നല്‍കാത്തത്. 12 കോടിയുടെ അനധികൃത സ്വത്ത് സമ്പാദനത്തിലാണ് സൂരജിനെതിരെ വിജിലന്‍സ് കേസെടുത്തത്. ആറു മാസത്തിലധികം ഇദ്ദേഹം സസ്‌പെന്‍ഷനിലുമായിരുന്നു. നിരവധി അഴിമതിക്കേസുകളില്‍ പ്രതിയാണ് രാജശ്രീ അജിത്.

ടി.ഒ. സൂരജ്‌
ടി.ഒ. സൂരജ്‌

മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ച് വായ്പ നല്‍കിയതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നിയമങ്ങള്‍ ലംഘിച്ച് സ്വന്തം പേരില്‍ വരെ രാജശ്രീ വായ്പയെടുത്ത സംഭവത്തിലും വിജിലന്‍സ് കേസെടുത്തിട്ടുണ്ട്. എന്‍ട്രന്‍സ് കമ്മീഷണറായിരുന്ന കാലത്ത് ക്രമക്കേടുകളും അഴിമതിയും നടത്തിയതിന്റെ പേരിലാണ് സി.കെ. വിശ്വനാഥന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നടന്നത്. അഴിമതി നിരോധന നിയമം അനുസരിച്ച് കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ നാലു മാസത്തിനകം പ്രോസിക്യൂഷന് അനുമതി നല്‍കണമെന്നാണ് ചട്ടം. ഐ.എ.എസ് ഉദ്യോഗസ്ഥനായ സൂരജിനെതിരെ പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടത് കേന്ദ്രസര്‍ക്കാരാണ്. അതൊഴിച്ചുള്ള ബാക്കിയെല്ലാ കേസുകളിലും പ്രോസിക്യൂഷന് അനുമതി നല്‍കേണ്ടത് സംസ്ഥാന ആഭ്യന്തരവകുപ്പാണ്. പ്രോസിക്യൂഷന്‍ അനുമതിക്കായി 2016-ല്‍ 30 കേസുകളും, 2015-ല്‍ 22 കേസുകളും 2014-ല്‍ അഞ്ചും 2013-ല്‍ ഒരു കേസും സര്‍ക്കാരിലേക്ക് അയച്ചെങ്കിലും തീരുമാനമൊന്നും ഉണ്ടായിട്ടില്ല. അഴിമതിക്കാരെ തളയ്ക്കുമെന്ന് വീരവാദം മുഴക്കുന്ന പുതിയ ഡയറക്ടര്‍ എത്തിയിട്ടും ഇക്കാലയളവില്‍ എത്ര കേസുകളുടെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചുവെന്നതില്‍ ആര്‍ക്കും ഒരു അറിവുമില്ല.