കോളിവുഡിന്റെ റാണി

ഏതാണ്ട് 13 വര്‍ഷം മുന്‍പ് ശാലീന സൗന്ദര്യവുമായി മലയാള സിനിമയിലേക്കെത്തിയ ഗൗരിയെ ആരും മറന്നുകാണില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പഴയകാല അഭിനേത്രി ഷീലയുടെ തിരിച്ചുവരവ് ചിത്രമെന്ന പ്രത്യേകതയോടെയെത്തിയെങ്കിലും മനസ്സിനക്കരയിലെ നായിക കഥാപാത്രമായ ഗൗരിയായി എത്തിയ നയന്‍താര എന്ന പുതുമുഖ അഭിനേത്രിയും പ്രേക്ഷകരുടെ മനം കവര്‍ന്നു. പിന്നീട് പല വേഷങ്ങളില്‍ റീത്ത മാത്യൂസായും തങ്കമണിയായും അവള്‍ മലയാള ചലച്ചിത്ര ലോകത്തിലുണ്ടായിരുന്നു.

എന്നാല്‍ ആദ്യനാളുകളില്‍ മലയാള സിനിമയേക്കാള്‍ ആ താരസുന്ദരിക്ക് അംഗീകാരവും ആദരവും മികച്ച വേഷങ്ങളും ലഭിച്ചത് ഇതരഭാഷകളില്‍ നിന്നായിരുന്നു… എന്നാല്‍ കാലങ്ങള്‍ക്കിപ്പുറം മലയാളത്തിന്റെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയുടെ തന്നെ റാണിയായി മാറിയിരിക്കുകയാണ് നയന്‍താര.

nayanthara-photos-_-plumeria-movies-3തൃഷയും അനുഷ്‌ക ഷെട്ടിയും തമന്നയും കാജല്‍ അഗര്‍വാളും സാമന്തയും കീര്‍ത്തിയും നിറഞ്ഞു നില്‍ക്കുന്ന തമിഴകത്തിന്റെ നമ്പര്‍വണ്‍ അഭിനത്രിയാരെന്നു ചോദിച്ചാല്‍… ഉത്തരം പറയാന്‍ ഏറെ ആലോചിക്കേണ്ടി വരില്ല… ആരാധകരുടെ പ്രിയതാരസുന്ദരി നയന്‍താരയാണിപ്പോള്‍ തമിഴകത്തിന്റെ താരറാണി. അഭിനയത്തിലൂടെ ആരാധരുടെ പ്രിയം കവര്‍ന്ന സുന്ദരി സിനിമകളുടെ എണ്ണത്തിലും അഭിനയത്തിന്റെ പ്രതിഫലത്തിലുമൊക്കെ മറ്റാരെക്കാളും മുന്നില്‍ തന്നെയാണ്. ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തില്‍ സജീവമായ നയന്‍താരയിപ്പോള്‍ ടോളിവുഡിന് മാത്രമല്ല മലയാളത്തിലും പ്രിയങ്കരിയാണ്.

അഭിനയത്തിന്റെ ആദ്യ നാളുകളില്‍ മലയാളത്തില്‍ നിന്ന് കൈനിറയെ അവസരങ്ങളൊന്നും താരസുന്ദരിയെ തേടിയെത്തിയിരുന്നില്ല. ലഭിച്ച ചിത്രങ്ങളാകട്ടെ അത്ര വലിയ വിജയം നേടിയുമില്ല. അങ്ങനെയാണ് ഇതരഭാഷകളിലേക്ക് സഞ്ചരിക്കുന്നത്. ശിവകാശിയും ഗജിനിയും ബോസും ബില്ലയും ആദവനുമൊക്കെ സുരക്ഷിതമായ സ്ഥാനം നേടിക്കൊടുത്തു. ഇതിനിടയില്‍ മലയാളത്തില്‍ സിദ്ദിഖ് ചിത്രം ബോഡിഗാര്‍ഡിലൂടെ വലിയൊരു തിരിച്ചു വരവ്. പിന്നീട് മലയാളത്തില്‍ നയന്‍സ് വളരെ സെലക്റ്റീവായി മാറുന്ന കാഴ്ചയാണ് കണ്ടത്. സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടയിലാണ് ചിമ്പുവും പ്രഭുദേവയുമായും പ്രണയത്തിലാകുന്നത്. നടനും സംവിധായകനുമൊക്കെയായ പ്രഭുദേവയുമായുള്ള പ്രണയത്തിന് വേണ്ടി ഹിന്ദുമതം സ്വീകരിക്കുകയും ചെയ്തു. പക്ഷേ അത്ര ആയുസ്സില്ലായിരുന്നു ആ ബന്ധത്തിന്. പ്രണയങ്ങളൊന്നും വിജയിച്ചില്ല. കുറച്ചുകാലം സിനിമയലില്‍ നിന്നകന്നു കഴിഞ്ഞു. എന്നാല്‍ പിന്നീട് വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തിയ നയന്‍താര വിജയങ്ങളുടെ മാത്രം കൂട്ടുകാരിയാകുകയായിരുന്നു.

cvoodocusaaewd5

തമിഴില്‍ മാത്രമല്ല മലയാളത്തിലും തെലുങ്കിലും നയന്‍താര നിറഞ്ഞു നിന്നു. കഴിഞ്ഞ വര്‍ഷത്തെ ആദ്യ ചിത്രം മലയാളത്തിലായിരുന്നു. മമ്മൂട്ടിയുടെ നായിക അഭിനയിച്ച പുതിയ നിയമം വലിയ വിജയം നേടി. 2016-ലെ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ഇരുമുഖനില്‍ വിക്രമിന്റെ നായികയായും കഷ്‌മോരയില്‍ കാര്‍ത്തിയുടെ നായികയായും തിളങ്ങി. തെലുങ്കിലും ഒരു ചിത്രത്തില്‍ അഭിനയിച്ചു. ഹിറ്റുകള്‍ തുടര്‍ക്കഥയായതോടെ നയന്‍താരയുടെ താരമൂല്യം വര്‍ദ്ധിച്ചു. ഇതിനിടയില്‍ സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായി പ്രണയത്തിലാണെ്‌നും ഗോസിപ്പുകള്‍ പരന്നു.

പുതുവര്‍ഷത്തില്‍ ഇതുവരെ നയന്‍സിന്റെ ചിത്രമൊന്നും തീയേറ്ററിലെത്തിയിട്ടില്ല. എന്നാല്‍ തമിഴില്‍ മാത്രം നാലു ചിത്രങ്ങളാണ് നയന്‍താരയുടേതായി ഒരുങ്ങുന്നത്. ഇതൊക്കെയും നായികാപ്രാധാന്യമുള്ള സിനികളാണെന്നതും ശ്രദ്ധേയം. ഡോറ, അരം, ഇമെയ്ക്ക നൊഡിഗല്‍, കോലെയുതിര്‍ കാല എന്നീ ചിത്രങ്ങളാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 2016-ലെ വിജയം ആവര്‍ത്തിക്കാനുള്ള സഞ്ചാരത്തിലാണിപ്പോള്‍ഡ നയന്‍സ്. ഗോസിപ്പുകളും വിവാദങ്ങളൊന്നുമില്ലാത്ത വിജയവര്‍ഷമായിരിക്കുമിതെന്നാണ് ആരാധകരും പറയുന്നത്.