മാണിയുടെ നിലപാട് ദൗര്‍ഭാഗ്യകരം: കുഞ്ഞാലിക്കുട്ടി

മലപ്പുറം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെ.എം. മാണിയുടെ കേരള കോണ്‍ഗ്രസ് സ്വീകരിച്ച നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിഷയം കഴിഞ്ഞദിവസം മാണിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. അദ്ദേഹത്തെ ലൈനില്‍ കിട്ടിയില്ല. മാണികൂടി യു.ഡി.എഫില്‍ വേണമെന്നാണ് ലീഗ് നിലപാടെന്ന് കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. കോട്ടയത്തെ യു.ഡി.എഫ് നേതാക്കളുടെ വികാരവും കണക്കിലെടുക്കും. അതിരുകവിഞ്ഞ അഭിപ്രായ പ്രകടനത്തിന് ലീഗ് ഇല്ല. യു.ഡി.എഫിലെ എല്ലാ കക്ഷികളും ആലോചിച്ചായിരിക്കും ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കുകയെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.