കേരളത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്റെ സ്വര്‍ണം ; മുഖ്യമന്ത്രിയുടെ ശ്രദ്ധ വിദേശ സ്വര്‍ണത്തില്‍- പ്രിയങ്ക

    കരുനാഗപ്പള്ളി: കേരളത്തിലെ ജനങ്ങളാണ് കോണ്‍ഗ്രസിന്റെ സ്വര്‍ണമെന്നും അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധ വിദേശത്തുള്ള സ്വര്‍ണത്തിലാണെന്നും പ്രിയങ്ക ഗാന്ധി. കരുനാഗപ്പള്ളിയില്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. രാജ്യം കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കുന്ന മോദിയുടെ അതേ നിലപാടാണ് കേരള സര്‍ക്കാരിനെന്നും അവര്‍ പറഞ്ഞു.

    കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 50 ശതമാനത്തിലധികം യുവജനങ്ങളാണ്. വിദ്യാസമ്പന്നരുടെ നാടായ കേരളം വിധിയെഴുതുന്നത് രാജ്യം ഉറ്റുനോക്കുന്നു. കേരളം സാഹോദര്യത്തിന്റേയും സമാധനത്തിന്റേയും നാടാണ്. വിദ്യാസമ്പന്നരുടെ നാടാണ്. ജനങ്ങളുടെ അഭിലാഷങ്ങള്‍ മനസ്സിലാക്കിയുള്ളതാണ് കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

    കേരളത്തിലെ യഥാര്‍ത്ഥ സ്വര്‍ണം എന്ന് പറയുന്നത് ഇവിടുത്തെ ജനങ്ങളാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയുന്നു. എന്നാല്‍ കേരളത്തിലെ മുഖ്യമന്ത്രി വിദേശത്തുള്ള സ്വര്‍ണത്തിലാണ് ശ്രദ്ധ കാണിക്കുന്നത്. ആഴക്കടല്‍ തീറെഴുതി കൊടുക്കുന്നതിലാണ് അദ്ദേഹത്തിന്റേയും സര്‍ക്കാരിന്റേയും ശ്രദ്ധ.

    വലിയ വാദ്ധാനങ്ങളും ജനാധിപത്യബദലാണെന്നും പറഞ്ഞാണ് എല്‍ഡിഎഫ് അധികാരത്തിലേറിയത്. എന്നിട്ട് എന്തുകൊണ്ട് കേരളത്തിലെ ജനങ്ങളില്‍ നിങ്ങള്‍ ഭയം നിറയ്ക്കുന്നത്. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടുവെന്നും പ്രയിങ്ക ഗാന്ധി പറഞ്ഞു.