25 വയസിന് മുമ്പ് യുവാക്കൾ വിവാഹം കഴിക്കണമെന്ന് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസിന്റെ ഇടയ ലേഖനം.

കല്യാണത്തിന് ഡ്രെസ് കോഡും പ്രായ പരിധിയും അടിച്ചേല്പിക്കാൻ നീക്കം. യുവാക്കൾക്ക് കടുത്ത പ്രതിഷേധം.

വിവാഹ ചടങ്ങുകളിൽ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പ് കളെ ഒഴിവാക്കണം ഫ്ളവർ ഗേൾസ്, ബ്രൈഡ് മെയിഡ് തുടങ്ങിയവരെ വധു വരന്മാർക്ക് അടുത്ത് അടുപ്പിക്കരുത്.

പെരുനാളുകൾക്ക് കരിമരുന്നും, വെടിക്കെട്ടും വേണ്ട മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ സംസ്കാരം നടത്തണം

 

സീറോ മലബാർ കത്തോലിക്കാ സഭയിലെ യുവതി – യുവാക്കൾ വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി താമരശ്ശേരി രൂപതാ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ ഇടയലേഖനം. താമരശ്ശേരി രൂപതയുടെ രണ്ടാമത് എപ്പാർക്കിയൽ അസംബ്ലിയുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ ഇടയലേഖനം.

” വിവാഹിതരാകുന്നതിന് 21 വയസ് പുരുഷനും 18 വയസ് സ്ത്രീക്കുമെന്നത് നാടിന്റെ നിയമത്തെ സഭ അംഗീകരിക്കുന്നു. ‘എന്നാൽ നമ്മുടെ യുവജനങ്ങൾ വിവാഹിതരാകുന്നത് – ആൺകുട്ടികൾ 28 വയസിലും പെൺകുട്ടികൾ 25-വയസിലും വിവാഹിതരാകുന്നത് അസംബ്ളി ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. വൈകിയ പ്രായത്തിൽ കല്യാണം കഴിക്കുന്നത് ദമ്പതികളുടെ ബന്ധത്തിലും മക്കളുടെ ജനനത്തിലും വളർച്ചയിലും കൂടുംബ സംവിധാനങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകും. ഭാവി സുരക്ഷിതമാക്കിയിട്ട് വിവാഹിതരാകാം എന്ന ചിന്തയിൽ നിന്ന് മാറി വിവാഹം കഴിച്ച് രണ്ട് പേരുമൊരുമിച്ച് ഭാവി കെട്ടിപ്പെടുക്കാം എന്ന മുൻ തലമുറകളുടെ പാരമ്പര്യത്തിലേക്കും കാഴ്ചപ്പാടിലേക്കും നമ്മൾ തിരികെ പോകണം. വിവാഹം നീട്ടി വെക്കുന്നതു കൊണ്ട് എന്താണ് സംഭവിക്കുന്നത്? അവിവാഹിതരുടെ എണ്ണം വർദ്ധിച്ചു വരുന്നു.

ആൺ കുട്ടികൾ 25 വയസിനു മുമ്പും പെൺകുട്ടികൾ 23 വയസിനു മുമ്പും വിവാഹിതരാകണമെന്നാണ് അസംബ്ളിയുടെ തീരുമാനം നമ്മുടെ രൂപതയിൽ നിയമമായിത്തന്നെ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവാഹിതരായ ശേഷവും പഠനവും ജോലിയും തുടർന്നു കൊണ്ട് പോകാൻ സാധിക്കുമെന്ന് നമുക്ക് ചുറ്റുമുള്ള പൊതു സമൂഹത്തിലെക്ക് കണ്ണോടിച്ചാൽ മനസിലാക്കാൻ കഴിയും . ഇക്കാര്യത്തിൽ മാതാപിതാക്കളും യുവജനങ്ങളുമാണ് സഹകരിക്കേണ്ടതെന്ന് ഇടയലേഖനത്തിൽ പറയുന്നു.

വിവാഹ ചടങ്ങുകളിൽ ഇവന്റ് മാനേജ് മെന്റ് ടീമിനെ ഒഴിവാക്കണമെന്ന് ഇടയലേഖനം ആവശ്യപ്പെടുന്നു. വിവാഹം ഇവന്റ് അല്ലാത്തതിനാൽ അത് മാനേജ് ചെയ്യാൻ വൈദികരും ശുശ്രൂഷകരും ഉള്ളപ്പൊൾ ടീമിന്റെ ആവശ്യമില്ലെന്നാണ് മാർ ഇഞ്ചനാനിയുടെ പ്രബോധനം. ഫ്ളവർ ഗേൾസ്, ബ്രൈഡ് മെയ്ഡ് എന്നീ പേരു ക ളിൽ അറിയപ്പെടുന്ന പ്രത്യേക വസ്ത്രം ധരിച്ചെത്തുന്ന ഗ്രൂപ്പുകൾക്ക് ദേവാലയത്തിനുള്ളിൽ വധൂവരന്മാരുടെ അടുത്ത് സ്ഥാനം ഉണ്ടായിരിക്കില്ലെന്നും ബിഷപ്പിന്റെ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഒരു വ്യക്തി മരിച്ചാൽ പരമാവധി 24 മണിക്കൂറിനുള്ളിൽ സംസ്കാരം നടത്തണം – ബന്ധുക്കൾ എത്തിച്ചേരാൻ വൈകിയാൽ അതിനനുസരിച്ച് സംസ്കാരത്തിനുള്ള ക്രമീകരണം ചെയ്യണം. മൊബൈൽ ഫ്രീസറിൽ വെച്ച് നിസാര കാരണങ്ങൾ പറഞ്ഞ് സംസ്കാരം നീട്ടി വെക്കരുതെന്നും ഇടയ ലേഖനത്തിൽ പറയുന്നു. തിരുനാളുകളോട് ചേർന്ന് കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും നടത്തരുതെന്നും ഇടയ ലേഖനത്തിൽ ആവശ്യപ്പെട്ടുന്നുണ്ട്.