എവിടെ ജോൺ? തട്ടുങ്കൽ വിചാരണ ചെയ്യപ്പെടുന്നു

ഒരു ദിവസം രുപതാസ്ഥാനത്തെ പ്രവർത്തനം സ്തംഭിച്ചു. കത്തോലിക്ക വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തി തുടരുന്ന ബിഷപ്പിനെ ചുമതലയിൽ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രൂപതയിലെ ഒരു സംഘം വൈദീകർ കൊച്ചി ബിഷപ്പ് ഹൗസിന്റെ മുന്നിൽ കൂട്ടം കൂടി .

രക്താഭിഷേകം പോലുള്ള ആഭിചാര കർമ്മം നടത്തുകയും ഒരു പെണ്ണിനെ കൂടെ കൊണ്ടു നടക്കുകയും ചെയ്യുന്ന ബിഷപ്പിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് വൈദീകർ പുറത്തിറങ്ങി നിന്നത്. ഇതിന് നേതൃത്വം നൽകിയത് സാമ്പത്തീക ക്രമക്കേടുകൾക്ക് ചുക്കാൻ പിടിക്കുന്ന വൈദീകരായിരുന്നെങ്കിലും മുന്നിൽ നിർത്തിയത് സാത്വീകരായ രണ്ടു പുരോഹിതരെയായിരുന്നു. ഒരാൾ ഫാദർ ഗാസ്പർ കടവിപ്പറമ്പിൽ അദ്ദേഹം എറണാകുളം മഹാരാജാസ് കോളേജിലെ അദ്ധ്യാപകനായിരുന്നു. മറ്റെയാൾ ഫാദർ ജോഷി മയ്യാറ്റിൽ ഇദ്ദേഹം രൂപതയിലെ സത്യസന്ധനും സ്വീകാര്യനുമായ പുരോഹിതനായിരുന്നു.

പലരും നിശബ്ദരായിരുന്നപ്പോൾ സോണിയയ്ക്കെതിരെ ആദ്യമായി പരസ്യമായി പ്രതികരിച്ച പുരോഹിതൻമാരായിരുന്നു. ഇരുവരും. ആലപ്പുഴ ജില്ലയിലെ ആരുക്കുറ്റി സെന്റ് ആന്റണീസ് പള്ളിയിലെ തിരുനാൾ ദിനത്തിലായിരുന്നു. ആ പ്രതികരണം. തിരുനാൾ ദിനത്തിലെ മുഖ്യ കാർമ്മികനായിരുന്നു. ബിഷപ്പ് തട്ടുങ്കൽ സോണിയ യോടൊപ്പമാണ് ബിഷപ്പ് അരൂക്കുറ്റിയിലെത്തിയത്.തിരുക്കർമ്മങ്ങളിൽ സഹകാർമ്മികരായിരുന്നു ഫാദർ ഗാസ്പറും ഫാദർ ജോഷിയും. കുർബ്ബാന കഴിഞ്ഞ് അച്ഛന്റെ മേടയിൽ പ്രസുദേന്തിയുടെ വക ചായസൽക്കാരമുണ്ടാവും ഈ സൽക്കാരത്തിൽ ബിഷപ്പിനോടും പുരോഹിതരോടുമൊപ്പം സോണിയയും പങ്കു കൊണ്ടു.

സൽക്കാരം കഴിഞ്ഞ് പുറത്തിറങ്ങവേ സോണിയ സഹകാർമ്മിക രായിരുന്ന യുവ പുരോഹിതരെ പരിചയപ്പെടാൻ എത്തിയപ്പോഴാണ് ഫാദർ ജോഷി മയ്യാറ്റിൽ തന്റെ ളോഹയുടെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കുരിശെടുത്ത് സോണിയയുടെ നേർക്ക് നീട്ടി ” അകന്നുപോ…. പിശാചെ എന്നാക്രോശിച്ചത്. അപ്രതീക്ഷിതമായ ഈ ആക്രോശത്തിൽ സോണിയായോടൊപ്പം ബിഷപ്പും ഞെട്ടി. സൽക്കാരം കഴിഞ്ഞ് ബിഷപ്പിനെ അനുഗമിച്ചിരുന്ന പ്രസുദേന്തിയും കുടുംബാംഗങ്ങളും അൽമായ പ്രതിനിധികളും അമ്പരന്നു. ബിഷപ്പ് ഒന്നും മിണ്ടാതെ തന്റെ കുറത്ത കാറിൽ കയറി കൂടെ സോഫിയയും മുൻ സീറ്റിൽ സെക്രട്ടറിയച്ചനും. ബിഷപ്പ് സോണിയയെ ദത്തെടുത്തതിനു ശേഷമുള്ള ആദ്യ പരസ്യ പ്രകടനം. സംഭവം കമ്പിയില്ലാ ഫോൺ വഴി ഇടവകയിലെ പുരോഹിതൻമാർ എല്ലാവരും അറിഞ്ഞു.ഇതോടെ ജോഷി മയ്യാറ്റിലും ഗാസ്പർ കടവിപ്പറമ്പിലും പുരോഹിതൻമാരുടെ ഇടയിലെ ഹിറോകളായി. മൗനം ഘനീഭവിച്ച മുഖവുമായാണ് തട്ടുങ്കൽ ബിഷപ്പ് പാലസിലെത്തിയത്.ഇതിനകം ബിഷപ്പ് ഹൗസിലും സംഭവമറിഞ്ഞു അൽമായ നേതാക്കളിൽ ചിലരും ബിഷപ്പിനും സോണിയായ്ക്കും നേരെയുണ്ടായ പ്രതികരണത്തെക്കുറിച്ചറിഞ്ഞ് ബിഷപ്പ് ഹൗസിലെത്തി.

ഇതു തന്നെ തക്ക സമയം എന്നു കണ്ട് കോടികൾ അടിച്ചുമാറ്റിയ പുരോഹിതർ രംഗത്തു വന്ന് അൽമായ നേതൃത്വവുമായി ചർച്ച നടത്തി. ജനം അറിഞ്ഞ സ്ഥിതിക്ക് നാളെ പത്രങ്ങൾ അറിയും അതിനു മുൻപ് കാര്യങ്ങൾക്ക് ഒരു തീരുമാനമാവണം. അച്ചൻമാർ പറഞ്ഞു. ഉടനെ ആർച്ചുബിഷപ്പിനെ കണ്ട് കാര്യങ്ങൾ അറിയിക്കണം അതിന് ഒരു പ്രതിനിധി സംഘം പോകണം അൽമായ നേതൃത്വവും അച്ചൻമാരുമടങ്ങുന്ന ഒരു സംഘം. പിറ്റേന്നു തന്നെ ഡോ: എഡ്വേർഡ് എഴേടത്ത് സമുദായ കാര്യലയം സെക്രട്ടറി അഡ്വ: ജോസി സേവ്യറും പുരോഹിതരുമടങ്ങുന്ന സംഘം പിറ്റേന്ന് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിലിനെ സന്ദർശിച്ച് രൂപതയിലെ കാര്യങ്ങളൊക്കെ ആർച്ചുബിഷപ്പിനെ ധരിപ്പിച്ചു. ഈക്കാര്യങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് നിങ്ങൾ തട്ടുങ്കലുമായി സംസാരിച്ചോ എന്ന് ഡാനിയേൽ പിതാവ് അൽമായ നേതാക്കളോട് ചോദിച്ചു. “ഇല്ല ” യെന്ന് അവർ മറുപടി പറഞ്ഞു. എന്നാൽ ഇന്നു തന്നെ സംസാരിക്കണം വേണ്ടത് ഞാൻ ചെയ്തോളാമെന്നു പറഞ്ഞ് അദ്ദേഹം അവരെ യാത്രയാക്കി. വൈകുന്നേരം അൽമായ നേതാക്കളായ ജോസി സേവ്യറിനോടും എഡ്വിൻ എഴേടത്തിനോടുമൊപ്പം കേരള ലാറ്റിൻ കത്തോലിക്ക അസോസിയേഷൻ പ്രസിഡണ്ടായിരുന്ന നെൽസൻ കോചേരിയം ചേർന്ന് ബിഷപ്പിനെ കണ്ടു. രണ്ടു പുരോഹിത പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. ബിഷപ്പിനെ ഇവർ ചോദ്യശരങ്ങളുടെ മുൾമുനയിൽ നിർത്തി.

ഒരു വിചാരണയുടെ ശൈലിയായിരുന്നു. ചോദ്യങ്ങൾക്ക് സോണിയാ ദത്തുപുത്രിയാണെന്നും അവളെ ഉപേക്ഷിക്കില്ലെന്നും ബിഷപ്പ് ഉറപ്പിച്ചു പറഞ്ഞു. രക്താഭിഷേകത്തെക്കുറിച്ചു ചോദിച്ചപ്പോഴും ബിഷപ്പ് ഒന്നും നിഷേധിച്ചില്ല. ഇക്കാര്യങ്ങൾ മീഡിയയുമായി പങ്കുവെക്കരുതെന്നു പറഞ്ഞ് വിചാരണ സംഘം പിരിഞ്ഞു. ചില പുരോഹിതർ സംഭവം അടുപ്പക്കാരായ ചില മാധ്യമ പ്രവർത്തകരെ അറിയിച്ചു. ഒരു പ്രമുഖ പത്രത്തിലെ ലേഖകൻ ബിഷപ്പുമായ് ബന്ധപ്പെട്ടു. ബിഷപ്പ് ഒന്നും നിഷേധിച്ചില്ല. പിറ്റേന്നത്തെ പത്രത്തിൽ ബിഷപ്പിനെ ദത്ത് പുത്രിയെ സംബന്ധിച്ചും രക്താഭിഷേകത്തെക്കുറിച്ചും പത്രത്തിൽ വാർത്ത വന്നു ഇതോടെയാണ് പുരോഹിതർ ബിഷപ്പ് ഹൗസിനു മുന്നിൽ കുട്ടംകൂടിയത് സംഭവമറിഞ്ഞ് മാധ്യമ പ്രവർത്തകർ രൂപതാ ആസ്ഥാനത്തെത്തി കാര്യങ്ങൾ റിപ്പോർട്ടു ചെയ്തു.

ഈ സമയം ബിഷപ്പ് ഡാനിയേൽ അച്ചാരുപറമ്പിൽ വത്തിക്കാനിലേക്ക് മെസേജ് അയച്ചു. റിപ്പോർട്ട് അയക്കാൻ വത്തിക്കാൻ ഇന്ത്യയിലെ സ്ഥാനപതിയായ പെദ്രോ ലോപ്പസ് ക്വിന്താനയെ ചുമതലപ്പെടുത്തി.’ ന്യൂൺഷ്യോ കൊച്ചിയിലെത്തി ദാനിയേൽ അച്ചാരുപറമ്പിലുമായി ചർച്ച നടത്തി. ഉടൻ റിപ്പോർട്ട് അയച്ചു. ദിവസങ്ങൾക്കകം നടപടിയായി. ബിഷപ്പ് ജോൺ തട്ടുങ്കലിനെ രൂപതാ അദ്ധ്യക്ഷ ചുമതലയിൽ നിന്നു മാറ്റിയതായി സന്ദേശമെത്തി.

വാരപ്പുഴ ആർച്ചു ബിഷപ്പ് ഡോ.ദാനിയേൽ അച്ചാരുപറമ്പിനെ കൊച്ചി രൂപത അപ്പോസ് തോലിക് അഡ്മിനിസ്ട്രേറ്റ്റായി നിയമിച്ചുകൊണ്ടും ഉത്തരവിറങ്ങി. ഇതിനു മുൻപേ സോണിയ കൊച്ചിയിൽ നിന്നും അപ്രത്യക്ഷയായിരുന്നു രൂപത ചുമതലയിൽ നിന്നു തട്ടുങ്കലിനെ ഒഴിവാക്കിയ ഉത്തരവിറങ്ങുന്നതിനു മുമ്പേ വിവരം തട്ടുങ്കലിനു ലഭിച്ചു. അദ്ദേഹം തന്റെ വിശ്വസ്ഥനായ ഡ്രൈവർ ഹെൻട്രിയോട് കാറിറക്കാൻ പറഞ്ഞു. കാർ വന്ന് ബിഷപ്പ് പാലസിന്റെ കാർപോർച്ചിൽ നിന്നു ബിഷപ്പ് കാറിൽ കയറി കാർ അതിവേഗം പുറത്തേക്കു പാഞ്ഞു. പിന്നെയാരും കൊച്ചിയിൽ ബിഷപ്പിനെ കണ്ടിട്ടില്ല എട്ടുവർഷങ്ങളായി. ബിഷപ്പ് അജ്ഞാതവാസം തുടരുകയാണ്. ഇപ്പോൾ എല്ലാവരും അന്വേഷിക്കുന്നു.’ എവിടെ ജോൺ?

തുടരും

മുന്‍അധ്യായങ്ങള്‍

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)

എവിടെ ജോണ്‍? രക്താഭിഷേകം എന്ന ചോരക്കളി (4)

എവിടെ ജോണ്‍? പള്ളിലച്ചന്‍ പപ്പ  (5)

എവിടെ ജോൺ ? അവിഹിതം ഒതുക്കാന്‍ അഞ്ച് ലക്ഷം പള്ളിവക (6) 

എവിടെ ജോൺ? മദാമ്മയുടെ 32 കോടി അടിച്ചുമാറ്റിയ കഥ  (7)