ജലദോഷം മാറാന്‍ പശുവിന്റെ അടുത്തു പോയിരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ മന്ത്രി

ജയ്പൂര്‍ : ജലദോഷവും ചുമയും മാറാന്‍ പശുവിന്റെ അടുത്തു ചെന്നിരുന്നാല്‍ മതിയെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസ പഞ്ചായത്തിരാജ് വകുപ്പ് മന്ത്രി സുദേവ് ദേവ്‌സാനി. ഓക്‌സിജന്‍ ശ്വസിക്കുകയും പുറത്തു വിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശുവെന്നും അദ്ദേഹം പറഞ്ഞു.

ചാണകത്തില്‍ ധാരാളം വൈറ്റമിന്‍ ബി-ഉണ്ട്. അതു കൊണ്ട് റേഡിയോ ആക്ടീവ് പദാര്‍ത്ഥങ്ങളെ നിര്‍വീര്യമാക്കാനുള്ള കഴിവുമുണ്ട്. ഹിങ്കോണിയ ഗോശാലയില്‍ അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്തെ യുവജനത പശു സംരക്ഷണം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

കേള്‍വിക്കാരെ നടുക്കുന്ന വെളിപ്പെടുത്തലുകള്‍ക്ക് ശേഷം പ്രസ്താവനയുടെ പ്രസ് റിലീസ് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈനിലൂടെ പുറത്തിറക്കിയിട്ടുണ്ട്. ജനങ്ങള്‍ പശുവിന്റെ ശാസ്ത്രീയമായ പ്രാധാന്യം മനസ്സിലാക്കണമെന്നും മന്ത്രി വ്യക്തമാക്കി.