അമ്പതടി ആഴമുള്ള കിണറ്റില്‍ വീണ കുഞ്ഞിനെ പിറകേ ചാടി അമ്മ രക്ഷപ്പെടുത്തി

തൃശൂര്‍: പേരുപോലെതന്നെ വീരകുമാരിയമ്മ ധീരതയുടെ പര്യായമായി മാറി. അമ്മ എന്ന വാക്കിന്റെ ഉന്നതമായ മൂല്യം വിളിച്ചോതുന്നതായിരുന്നു ആ പ്രവര്‍ത്തി. അമ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീണ തന്റെ പൊന്നോമനയെ പിന്നാലെ ചാടി രക്ഷപ്പെടുത്തിയത് നാട്ടുകാര്‍ക്ക് അത്ഭുതമായി തുടരുന്നു.

കളിക്കുന്നതിനിടെ ആള്‍മറയില്ലാത്ത കിണറ്റിലേക്കാണ് രണ്ട് വയസുകാരനായ ശ്രീനിവാസന്‍ വീണത്. ഇതുകണ്ട വീരകുമാരി അമ്പതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് എടുത്ത് ചാടി. ഒരാള്‍ പൊക്കമുള്ള വെള്ളത്തില്‍ അരമണിക്കൂറിലേറെ സമയം കുഞ്ഞിനെ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുകയായിരുന്നു. ഭാര്യയും കുഞ്ഞും കിണറ്റില്‍ അകരപ്പെട്ടതോടെ ആന്ധ്രാപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ പുന്നാരവും കിണറ്റിലേക്ക് ഇറങ്ങി. അയല്‍വാസിയായ ഗിരീഷ് എന്ന യുവാവും കയറിട്ട് കിണറിലേക്ക് ഇറങ്ങി. ഫയര്‍ഫോഴ്‌സെത്തി അമ്മയെയും കുഞ്ഞിനെയും അച്ഛനെയും സഹായിക്കാനിറങ്ങിയ യുവാവിനെയും കരക്കെത്തിച്ചു.

ഒരു പോറലും ഏല്‍ക്കാതെയാണ് അമ്മയും അച്ഛനും കുഞ്ഞും കരയ്‌ക്കെത്തിയത്. ഇന്നലെ രാവിലെ ഒമ്പതോടെ പുഴയ്ക്കല്‍ ആമ്പക്കാട് ജംഗ്ഷനിലാണ് സംഭവം. മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കളിപാട്ടം കിണറിലേക്ക് വീണു. ആള്‍മറയില്ലാത്ത കിണറിന്റെ അരികില്‍ കൂട്ടി വച്ചിരുന്ന കല്ലുകളില്‍ കയറിയ കുട്ടി, കളിപ്പാട്ടം എത്തി നോക്കുന്നതിനിടെ വീഴുകയായിരുന്നു. അപകടം കണ്ടയുടന്‍ കുമാരിയും കൂടെ ചാടി. ഒരാള്‍ പൊക്കത്തില്‍ മാത്രമാണ് വെള്ളമുള്ളതെങ്കിലും വെള്ളത്തില്‍ മുങ്ങാതിരിക്കാന്‍ കുമാരി കുഞ്ഞിനെ ഉയര്‍ത്തിപ്പിടിച്ചു നിന്നു.

നിലവിളികേട്ടെത്തിയ സമീപവാസി ഗിരീഷ് കയര്‍കെട്ടി കിണറ്റിലിറങ്ങി, പിന്നാലെ പുന്നാരവും ഇറങ്ങിയെങ്കിലും തളര്‍ച്ചയനുഭവപ്പെട്ട കുമാരിയെയും കുഞ്ഞിനെയും പുറത്തെത്തിക്കാന്‍ സാധിച്ചില്ല. വിവരമറിഞ്ഞതിനെ തുടര്‍ന്ന് തൃശൂരില്‍ നിന്നും അഗ്‌നിശമനസേനയെത്തി ഇവരെ വലയില്‍പൊതിഞ്ഞ് പുറത്തെത്തിച്ചു. പരിക്കുകളില്ലെങ്കിലും അമ്മയെയും കുഞ്ഞിനെയും പ്രാഥമിക ശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുഞ്ഞിനെ ഐസിയുവില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാണ്. ശോഭ സിറ്റിയില്‍ നിര്‍മാണതൊഴിലിനായെത്തിയതാണ് കുടുംബം. പുഴയ്ക്കലില്‍ ടെയിലറിങ് ഷോപ്പ് നടത്തുന്ന രാമചന്ദ്രന്‍, കൊച്ചനിയന്‍, അജിതന്‍, അനന്തന്‍, സുരേഷ് എന്നിവരും സ്റ്റേഷന്‍ ഓഫീസര്‍ എ എല്‍ ലാസര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ബല്‍റാം ബാബു, ലീഡിംഗ് ഫയര്‍മാന്‍ ശരത്ചന്ദ്രബാബു എന്നിവരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.