റവന്യൂ മന്ത്രിയുടെ ഓഫീസില്‍ ഭരണം അസിസ്റ്റന്റ് വക

സി.പി.ഐയിലെ പ്രമുഖനും ഇടതുമുന്നണിയുടെ നിയമസഭാകക്ഷി ഉപനേതാവുമായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ ഓഫീസ് ഭരണം ‘കണ്ണൂരിന്റെ വിപ്ലവവീര്യത്തില്‍’ മുങ്ങുന്നു.

കണ്ണൂര്‍ സ്വദേശിയായ ഓഫീസ് അസിസ്റ്റന്റാണ് ഭരണത്തില്‍ സ്വയം താക്കോല്‍ സ്ഥാനത്ത് അവരോധിതനായിട്ടുള്ളത്. വിപ്ലവത്തിന്റെ കരുത്തു മുഴുവന്‍ പുറത്തു കാട്ടാന്‍ ഇദ്ദേഹം  തെരഞ്ഞെടുത്തിരിക്കുന്ന മാര്‍ഗ്ഗമാണ് ഏറെ രസകരം. മന്ത്രിയുടെ ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായി കളക്ട്രേറ്റില്‍ നിന്നുമെടുത്ത രണ്ട് വണ്ടികള്‍ യഥേഷ്ടം ഉപയോഗിച്ചാണ് ഭരണനൈപുണ്യം തെളിയിക്കുന്നത്. കെ.എല്‍-01 ബി.പി 8574, കെ.എല്‍-01 ബി.പി. 8591 എന്നീ ബൊലേറോ ജീപ്പുകളാണ് അസിസ്റ്റന്റിന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി തലങ്ങും വിലങ്ങും വിശ്രമമില്ലാതെ നഗരത്തിലൂടെ പരക്കം പായുന്നത്.

രാവിലെ ഓഫീസിലെത്തിയാല്‍ അദ്ദേഹത്തിന് ഇരിക്കാന്‍ നേരമില്ല. ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ വണ്ടികളില്‍ ഏതെങ്കിലുമൊരെണ്ണത്തില്‍ കയറി ഭരണം വിലയിരുത്താന്‍ പൂജപ്പുരയിലെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് തിരിക്കും. അരമണിക്കൂറിനുള്ളില്‍ അവിടെ നിന്നും വീണ്ടും തിരികെ സെക്രട്ടറിയേറ്റിലേക്ക്. മന്ത്രിയേക്കാള്‍ വേഗതയില്‍ പോകണമെന്നും താന്‍ കാരണം ഭരണചക്രം തിരിയുന്നത് ഒരു നിമിഷം പോലും വൈകരുതെന്നും ഇടയ്ക്കിടെ ഡ്രൈവര്‍മാര്‍ക്ക് ശാസന നല്‍കും.

സ്വദേശമായ കണ്ണൂരില്‍ നിന്നുമുള്ള സ്വന്തം ബന്ധുക്കളും ഇദ്ദേഹത്തോട് അടുപ്പമുള്ള പ്രാദേശിക പാര്‍ട്ടി സഖാക്കളും എത്തിയാല്‍ പിന്നെ വണ്ടികള്‍ക്കും ഡ്രൈവര്‍മാര്‍ക്കും പിടിപ്പതു ജോലിയാണ്. അവര്‍ക്ക് ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും ഇടതുവിപ്ലവ വീര്യം നിറഞ്ഞ സെക്രട്ടേറിയറ്റ് മന്ദിരത്തിലേക്ക് അവരെ വാഹനത്തിലെത്തിച്ച് എല്ലാ കെട്ടിടങ്ങളെക്കുറിച്ചും വിശദീകരിക്കും. ശേഷം നഗരത്തിലെ പ്രധാന വിനോദ സഞ്ചാര ഇടങ്ങളില്‍ ഒരു കറക്കം.

പിന്നെ അടുത്തുള്ള ഹോട്ടലില്‍ നിന്നും ഒരു അടിപൊളി ഊണ്. അതിഥികള്‍ക്കുള്ള യാത്രയടക്കം എല്ലാം സര്‍ക്കാര്‍ ചിലവിലാണ്. മന്ത്രിയുടെ ഓഫീസിലെ ആവശ്യം സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് എവിടെയെങ്കിലും പോകാന്‍ വാഹനം അന്വേഷിക്കുമ്പോള്‍ ഓട്ടത്തിലാണെന്ന മറുപടിയാണ് തികഞ്ഞ ഗൗരവത്തോടെ അസിസ്റ്റന്റ് നല്‍കുക.

തന്റെ കുട്ടികളെ ചിലപ്പോഴോക്കെ സ്‌കൂളില്‍ എത്തിക്കുന്നതും കുടുംബസമേതം മിക്ക ദിവസവും കടപ്പുറത്തും നഗരത്തിലും കറങ്ങുന്നതും ഷോപ്പിംഗിനിറങ്ങുന്നതും സര്‍ക്കാരിന്റെ ഇതേ വാഹനങ്ങളില്‍ തന്നെ. കണ്ണൂരിന്റെ കരുത്ത് പ്രകടിപ്പിക്കുന്നതിനാല്‍ മന്ത്രിയുടെ ഓഫീസിലെ മറ്റ് തസ്തികകളില്‍ ഉള്ളവരോട് ചിറ്റമ്മനയമാണ് ഇദ്ദേഹം പുലര്‍ത്തുന്നത്. വേണ്ടി വന്നാല്‍ പ്രൈവറ്റ് സെക്രട്ടറിക്കു പോലും ഭരണപരമായ കാര്യങ്ങളില്‍ സൗജന്യ ഉപദേശം നല്‍കാനും ഇദ്ദേഹത്തിന് മടിയില്ല.

വിപ്ലവത്തിന്റെ അവസാന വാക്കായ നാട്ടില്‍ നിന്നുമുള്ള മുഖ്യമന്ത്രി ഭരിക്കുന്നതിനാല്‍ റവന്യുമന്ത്രിയുടെ ജീവനക്കാരും ഇതേപ്പറ്റി പരാതിപ്പെടാന്‍ ഭയക്കുന്ന അവസ്ഥയാണുള്ളത്. ജനകീയ ജനാധിപത്യ വിപ്ലവം ഇങ്ങനെ ബോലേറോ ജീപ്പില്‍ പൂത്തുലയുന്നത്. അത്ര പന്തിയല്ലെന്നാണ് മന്ത്രിയുടെ ഓഫീസിലെ മറ്റു ജീവനക്കാര്‍ അടക്കം പറയുന്നത്.