തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ അസാധുവാക്കിയ 500ന്റെയും 1000ത്തിന്റെയും നോട്ടുകള്‍ മാറ്റിക്കൊടുക്കാന്‍ സഹകരണ സംഘങ്ങള്‍ക്ക് അനുമതിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ ഉത്തരവു സഹകരണ മേഖലയെ പ്രതിസന്ധിയിലാക്കി.
പഴയ നോട്ടുകള്‍ ഇനി സ്വീകരിക്കാനും പാടില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കുകയാണ്. നോട്ടുകള്‍ അസാധുവാക്കിയെങ്കിലും സഹകരണ സംഘങ്ങളില്‍ പതിവിനും വിപരീതമായി നിക്ഷേപം ലഭിക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ ഇടപാടുകള്‍ സഹകരണ സംഘങ്ങള്‍ രഹസ്യമായാണു കൈകാര്യം ചെയ്തിരുന്നത്. കൂടാതെ പ്രാഥമിക സഹകരണ സംഘങ്ങള്‍ തങ്ങളുടെ അപെക്‌സ് ബാങ്കായ ജില്ലാ സഹകരണ ബാങ്കുകളിലാണു പണം നിക്ഷേപിച്ചിരുന്നത്. ഇപ്പോഴുള്ള പ്രതിസന്ധിയിലും പഴയ നോട്ടുകള്‍ ജില്ലാ ബാങ്കുകളില്‍ നിക്ഷേപിക്കാമായിരുന്നു. പുതിയ ഉത്തരവു വന്നതോടെ സഹകരണ സംഘങ്ങള്‍ക്ക് ഇനി അതിനും കഴിയാത്ത സ്ഥിതിയാണ്.
അമ്പതിനായിരത്തില്‍ കൂടുതല്‍ തുക സഹകരണ സംഘങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ക്കു പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കി കഴിഞ്ഞ ദിവസം സഹകരണ രജിസ്ട്രാര്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് ഇരുട്ടടിയായിരിക്കെയാണു കൂനിന്‍മേല്‍ കുരുവെന്ന പോലെ പഴയ നോട്ടുകള്‍ ഇനി സ്വീകരിക്കരുതെന്ന റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. ലോണുകളും വ്യാപാരസ്ഥാപനങ്ങളില്‍നിന്നുള്ള ചെറിയ നിക്ഷേപങ്ങളുമാണു പ്രാഥമിക സഹകരണ സംഘങ്ങളെ നഷ്ടത്തിലാക്കാതെ പിടിച്ചുനിര്‍ത്തിയിരുന്നത്.
പുതിയ ഉത്തരവിലൂടെ ഇത്തരം നിക്ഷേപങ്ങളും ഇനി സ്വീകരിക്കാന്‍ കഴിയില്ല. കച്ചവടസ്ഥാപനങ്ങള്‍ സഹകരണ സംഘങ്ങളിലെ കളക്ഷന്‍ ഏജന്റുമാര്‍ മുഖാന്തരം തങ്ങളുടെ കൈവശമുണ്ടായിരുന്ന അസാധുവാക്കിയ നോട്ടുകള്‍ സേവിംഗ്‌സ് അക്കൗണ്ടിലും മറ്റു അക്കൗണ്ടുകളിലേക്കും നിക്ഷേപിച്ചിരുന്നു. ഇതു വാങ്ങാന്‍ സംഘങ്ങളും മടികാണിച്ചിരുന്നില്ല. ജില്ലാ ബാങ്കുകളില്‍ ഈ തുക ഇന്നലെ വരെ നിക്ഷേപിക്കാത്ത സഹകരണ സംഘങ്ങള്‍ക്കു വലിയ തിരിച്ചടിയാണു നേരിടേണ്ടി വരിക. പ്രാഥമിക സഹകരണ സംഘങ്ങളില്‍ എതാണ്ടു പകുതിയിലേറെ നഷ്ടത്തിലാണെന്നാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഉയര്‍ന്ന പലിശയ്ക്കു സ്ഥിരനിക്ഷേപങ്ങള്‍ വാങ്ങി കൂടുതല്‍ പലിശയ്ക്കു വായ്പ നല്‍കിയാണു പ്രാഥമിക സഹകരണ സംഘങ്ങള്‍ പിടിച്ചുനില്‍ക്കുന്നത്. വസ്തുവിറ്റും മറ്റും സഹകരണ സംഘങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള തുകയ്ക്കു മേല്‍ കരിനിഴല്‍ വീണിരിക്കുകയാണ്. പുതുതായി നിക്ഷേപിക്കാനും ഉള്ള നിക്ഷേപം പിന്‍വലിക്കാനും കഴിയാത്ത സാഹചര്യത്തിലാണ് ആളുകള്‍.







































