മലയാള സിനിമയില്‍ വീണ്ടും ന്യൂജെന്‍ കഞ്ചാവ് ലഹരി 

-ക്രിസ്റ്റഫര്‍ പെരേര-

തിരുവനന്തപുരം: മലയാള സിനിമയിലെ ഒരു വിഭാഗം യുവാക്കള്‍ വീണ്ടും കഞ്ചാവിന്റെ ലഹരിയില്‍. ലൊക്കേഷനുകളും തിരക്കഥാ ചര്‍ച്ചാ ക്യാമ്പുകളും കഞ്ചാവിന്റെ ഗന്ധത്തിലാണ്. ഷൈന്‍ ടോം ചാക്കോയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുകയും നീലാകാശം പച്ചക്കടലിന്റെ തിരക്കഥാകൃത്ത് കഞ്ചാവിന്റെ ലഹരിയില്‍ നഗ്‌നനായി വീട്ടമ്മയുടെ മുന്നിലെത്തിയതും വിവാദമായതോടെ ന്യൂജെന്‍ സിനിമാക്കാരുള്‍പ്പെടെ ലഹരിയുടെ ഉപയോഗം കുറച്ചിരുന്നു. ഇപ്പോള്‍ പഴയ ടീമുകള്‍ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. നീലാകാശത്തിന്റെ തിരക്കഥാകൃത്ത് ഡി അഡിക്ഷന്‍ കേന്ദ്രത്തിലെ ചികില്‍സ കഴിഞ്ഞ് നന്നായി എത്തിയിട്ടുണ്ട് എന്നത് സന്തോഷകരമായ വാര്‍ത്തയാണ്.

അടുത്തിടെ ഒരു നിര്‍മാതാവ് ന്യൂജെന്‍ സംവിധായകന് അഡ്വാന്‍സ് കൊടുത്തു. തിരക്കഥ എഴുതാനും ചര്‍ച്ചയ്ക്കുമായി കൊച്ചിയില്‍ ഫ്‌ളാറ്റും എടുത്ത് നല്‍കി. എന്നാല്‍ ആഴ്ച രണ്ട് കഴിഞ്ഞിട്ട് തിരക്കഥയുമില്ല, ചര്‍ച്ചയുമില്ല. ആകെ നടക്കുന്നത് കഞ്ചാവ് വലി മാത്രം. ലഹരി ഒരുപരിധിവരെ ക്രീയേറ്റിവിറ്റിയെ സഹായിക്കും എന്ന് വിശ്വസിച്ച് നിര്‍മാതാവ് ഇതൊന്നും കാര്യമായി എടുത്തില്ല. എന്നാല്‍ സംഗതി തന്റെ പിടിവിട്ട് പോവുകയാണെന്ന് മനസിലാക്കിയ നിര്‍മാതാവ് കൊടുത്ത കാശും തിരിച്ച് വാങ്ങി, സംവിധായകനെയും തിരക്കഥാകൃത്തിനെയും ഫ്‌ളാറ്റില്‍ നിന്ന് ഒഴിപ്പിച്ചു. തിരക്കഥാ ചര്‍ച്ചയ്ക്ക് അസിസ്റ്റന്റ്മാരാണെന്ന് പറഞ്ഞ് ചില പെമ്പിള്ളേരും വരാറുണ്ട്. അവരും ലഹരിയില്‍ ആടിത്തിമിര്‍ക്കുകയാണെന്ന് നിര്‍മാതാവ് പറയുന്നു.

താടിയും മുടിയും വളര്‍ത്തി, കുളിക്കാതെ നടക്കുന്ന ടീമുകള്‍ ഇപ്പോള്‍ പല സെറ്റുകളിലുമുണ്ട്. ഇവരുടെ കീശയില്‍ തപ്പിനോക്കിയാല്‍ കഞ്ചാവ് കാണും. തൃശൂരില്‍ അടുത്തിടെ ഒരു സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കെ ഷോട്ടിന് സമയമായപ്പോള്‍ സംവിധായകനെ കാണാനില്ല. അസിസ്റ്റന്റ് തിരക്കി ചെല്ലുമ്പോള്‍ ജനറേറ്ററിന് അടുത്തുള്ള കാറിനുള്ളിലിരുന്ന് സംവിധായകന്‍ കഞ്ചനടിക്കുന്നു. കാറിന്റെ ഡിക്കി തുറന്ന് വച്ചിട്ടുമുണ്ടായിരുന്നു. മുമ്പ് മലയാളത്തില്‍ കഞ്ചാവ് വലിക്കുന്ന സംവിധായകരുണ്ടായിരുന്നു. പക്ഷെ, അവരൊക്കെ അലമ്പ് കാണിക്കാതെ അതിന്റെ മാസ്മരിക ഉള്‍ക്കൊണ്ട് മികച്ച സിനിമകള്‍ സൃഷ്ടിച്ചിരുന്നു.

പൊലീസുമായും രാഷ്ട്രീയക്കാരുമായുള്ള ബന്ധമാണ് സിനിമാക്കാര്‍ക്ക് ലഹരി ഉപയോഗിക്കാന്‍ കൂടുതല്‍ ഊര്‍ജ്ജം നല്‍കുന്നത്. മലയാളത്തിലെ പ്രമുഖരായ പല താരങ്ങളും ഇതിനെതിരെയാണ്. ഇവരെ നിയന്ത്രിക്കണമെന്ന് ഇവരെല്ലാം സ്വകാര്യ സദസുകളില്‍ ആവശ്യപ്പെടാറുണ്ട്. കൊച്ചി കൊക്കയിന്‍ കേസില്‍ പൊലീസിന് കിട്ടിയ ലാപ്ടോപ്പില്‍ ന്യൂജന്‍ സംവിധായകരും ചില നടിമാരും ഡ്രഗ്സ് ഉള്‍പ്പെടെയുള്ള ലഹരികള്‍ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഭ്യന്തരവകുപ്പിലെ ഉന്നതന്‍ ഇടപെട്ട് സംഭവം ഒതുക്കി തീര്‍ക്കുകയായിരുന്നു.