രണ്‍ജി പണിക്കരുടെ ടൈം 

 

-ക്രിസ്റ്റഫര്‍ പെരേര-

തൊണ്ണുറുകളില്‍ തീപ്പൊരി ഡയലോഗുകള്‍ കൊണ്ട് തിയറ്ററുകളില്‍ തിരയിളക്കം സൃഷ്ടിച്ച തിരക്കഥാകൃത്ത് രണ്‍ജി പണിക്കര്‍ പുതിയ ഭാവത്തിലും രൂപത്തിലും വെള്ളിത്തിരയില്‍ കയ്യടിനേടുന്നു. മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടുതല്‍ തിരക്കുള്ള നടനാണ് ഈ ബഹുമുഖ പ്രതിഭ. ഇതിനിടയില്‍ പുതിയ സിനിമയ്ക്ക് തിരക്കഥയും തയ്യാറാക്കി. സൂര്യാ ടി.വിയില്‍ ഷോയും അവതരിപ്പിക്കുന്നു. അതാണ് ടൈറ്റില്‍ ടൈം എന്ന് ചേര്‍ത്തത്. പോയ വര്‍ഷം 12 ചിത്രങ്ങളാലാണ് അദ്ദേഹം അഭിനയിച്ചത്. ഏറ്റവും ശ്രദ്ധേയമായത് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ ടൈറ്റില്‍ വേഷം തന്നെ. ശരിക്കും തന്റെ ശരീരഭാഷയെ ഉടച്ച് വാര്‍ത്താണ് അതിലെ ക്‌ളൈമാക്‌സില്‍ രണ്‍ജി അഭിനയിച്ചിരിക്കുന്നത്.

സുന്ദരനായ അച്ഛന്‍

renji-panicker-actor-stillsനിവിന്‍പോളി ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ക്ക് രണ്‍ജി പണിക്കര്‍ തങ്ങളുടെ അച്ഛനായി അഭിനയിക്കുന്നതാണിഷ്ടം. നസ്‌റിയയുടെ പിതാവായി ഓം ശാന്തി ഓശാനയില്‍ തിളങ്ങിയത് മുതലാണിത്. കൊച്ച് കുട്ടികള്‍ പോലും നസ്‌റിയയുടെ അച്ഛനെന്ന് പറയുന്നു. തലസ്ഥാനവും സ്ഥലത്തെ പ്രധാന പയ്യന്‍സും ഏകലവ്യനും കിംഗും കമ്മീഷണറും ലേലവും പത്രവും പോലുള്ള പ്രകമ്പനം കൊള്ളിച്ച സിനിമകളെഴുതിയ കഥാകൃത്തിന് കിട്ടാത്ത പബ്‌ളിസിറ്റി ഓം ശാന്തി ഓശാനയിലെ നസ്‌റിയയുടെ പിതാവ് പണിക്കര്‍ക്ക് നല്‍കി.

പ്രേമത്തില്‍ തന്റെ പഴയ സിനിമകളെ അനുസ്മരിപ്പിക്കുന്ന ഡയലോഗിലൂടെ മാത്രം കയ്യടിനേടി. പാവാടയിലെ ആങ്കറില്‍ ശരിക്കും രണ്‍ജി പണിക്കരെ കാണാം. കാരണം അദ്ദേഹം പത്രപ്രവര്‍ത്തകന്‍ കൂടിയാണ്. എന്നാല്‍ വള്ളീം തെറ്റി പുള്ളീം തെറ്റിയിലെ മാധവന്‍ എന്ന തിയേറ്റര്‍ ഉടമ ശരിക്കും ഒരു സിനിമാ ഭ്രാന്തനാണ്.

ഒപ്പത്തിലെ പൊലീസ് ഓഫീസര്‍ കണ്ട് ശീലിച്ച പൊലീസ് വേഷങ്ങളില്‍ നിന്ന് വഴിമാറിയാണ് സഞ്ചരിക്കുന്നത്. കഴിഞ്ഞ ഓണത്തിനിറങ്ങിയ ആറ് ചിത്രങ്ങളില്‍ അഞ്ചിലും ഈ ആലപ്പുഴക്കാരനുണ്ടായിരുന്നു. തിരക്കഥാകൃത്തും സംവിധായകനുമായത് കൊണ്ട് അഭിനയിക്കാന്‍ ചെല്ലുന്നിടത്ത് സീനിയര്‍ നടന് ലഭിക്കുന്ന ബഹുമാനവും പരിഗണനയും രണ്‍ജി പണിക്കര്‍ക്ക് ലഭിക്കുന്നുണ്ട്.

 

സിദ്ധിഖിനും വിജയരാഘവനും ഭീഷണി

rnjiസ്വഭാവനടനായി രണ്‍ജി പണിക്കര്‍ അരങ്ങ് വാഴുമ്പോള്‍ മുമ്പ് ഇത്തരം വേഷങ്ങള്‍ ചെയ്തിരുന്ന പല നടന്‍മാര്‍ക്കും ഭീഷണിയായി. സിദ്ധിഖും വിജയരാഘവനും തങ്ങളുടെ പ്രതിഫലം കുറച്ചിട്ടും പലരും വിളിക്കാതിരിക്കുന്നു. കട്ടപ്പനയിലെ ഋത്വിക് റോഷനിലെ വേഷമാണ് ഏറെക്കാലത്തിന് ശേഷം സിദ്ധിഖിന് കിട്ടിയ നല്ല വേഷം. ലാലുഅലക്‌സിനെ കാണാനേയില്ല. വിജയരാഘവന് വേട്ടയില്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം നല്ലൊരു വേഷം ലഭിച്ചത്. സിനിമ ക്ലിക്കാകാത്തത് കൊണ്ട് വേഷവും ആരും ശ്രദ്ധിച്ചില്ല.

 

വലത്ത് നിന്ന് ഇടത്തേക്ക്

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു രണ്‍ജി പണിക്കര്‍. മന്ത്രിയായിരുന്ന തച്ചടിപ്രഭാകരനുമായി ആത്ബന്ധം ഉണ്ടായിരുന്നു. പിന്നീട് രണ്‍ജി പണിക്കര്‍ ഇടത് പക്ഷത്തേക്ക് ചേക്കേറി. പത്രപ്രവര്‍ത്തനത്തില്‍ നിന്നാണ് സിനിമയിലെത്തിയത്. തിരക്കഥാകൃത്തും സംവിധായകനുമായി. ഇടക്കാലത്ത് മെട്രോവാര്‍ത്ത പത്രത്തിന്റെ മാനേജിംഗ് എഡിറ്ററുമായി. അങ്ങനെ ഒരുപാട് വേഷങ്ങള്‍ ആടി അത്ഭുതപ്പെടുത്തിയ ശേഷമാണ് ക്യാമറയ്ക്ക് മുന്നില്‍ ചായം പൂശി എത്തിയത്.

നിയോഗം എന്നൊക്കെ  എം.ടി സിനിമകളിലെ കഥാപാത്രങ്ങള്‍ പറയുന്ന പോലെ. തിരക്കഥ എഴുതിയ ചില സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ രണ്‍ജി പണിക്കര്‍ മിന്നിമറയുന്നത് കണ്ടിട്ടുണ്ട്. അഭിനയം നേരത്തേ സീരിയസായി എടുത്തിരുന്നെങ്കില്‍ ഒരു പക്ഷെ, മലയാളത്തിന് നല്ലൊരു നടനേ നേരത്തേ ലഭിച്ചേനെ.