ഹൈക്കോടതിയില്‍ ലക്ഷ്മി നായര്‍ക്ക് തിരിച്ചടി

കോടതിയെ ഉപയോഗിച്ച് വിദ്യാര്‍ത്ഥി സമരത്തെ പൊളിയ്ക്കാനുള്ള
ലക്ഷ്മിനായരുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി.  ലോ അക്കാദമിക്കുമുന്നിലെ സമരപന്തല്‍ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ നല്‍കിയ ഹര്‍ജ്ജി ഹൈക്കോടതി തള്ളി. വിദ്യാര്‍ത്ഥി സമരം ഒരുതരത്തിലുമുള്ള സഞ്ചാര തടസ്സവും ഉണ്ടാക്കുന്നില്ലെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ഹൈക്കോടതി അറിയിച്ചു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. സഞ്ചാര സ്വാതന്ത്രം ഉറപ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോളേജിന്റെ പ്രവര്‍ത്തനം തടസ്സപെടുത്തുന്നുവെന്ന് കാട്ടി പരാതി ലഭിച്ചാല്‍ പോലീസിന് ഉചിതമായ നടപടി സ്വീകരിക്കാമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ബിജെപി നേതാവ് വി.മുരളീധരന്റേയും വിദ്യാര്‍ത്ഥി സംഘടനകളുടേയും സമരപ്പന്തലുകളും ആള്‍ക്കൂട്ടവും കാരണം വിദ്യാര്‍ഥികള്‍ക്ക് കോളേജിലെത്താന്‍ സാധിക്കുന്നില്ലെന്ന് അക്കാദമി മാനേജ്‌മെന്റ് നല്‍കിയഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വെള്ളിയാഴ്ച ക്ലാസ് തുടങ്ങാന്‍ ശ്രമിച്ചെങ്കിലും വിദ്യാര്‍ഥികളെ സമരാനുകൂലികള്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും ഹര്‍ജ്ജിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ കോടതി ഇതൊന്നും പരിഗണിച്ചതേയില്ല.

തനിക്കെതിരായ വിദ്യാര്‍ത്ഥി സമരത്തെ നിയമവഴിയില്‍ നേരിടാനൊരുങ്ങിയ ലക്ഷ്മി നായര്‍ക്ക് തിരിച്ചടിയാവുകയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.