അന്തസുണ്ടെങ്കില്‍ പ്രിന്‍സിപ്പലിന്റെ രാജി മന്ത്രി ആവശ്യപ്പെടണമെന്ന് എ.ഐ.എസ്.എഫ്
മന്ത്രി ക്ഷുഭിതനായി ഇറങ്ങിപ്പോയി
തിരുവനന്തപുരം: എസ്.എഫ്.ഐയുമായി ചേര്‍ന്ന് മാനേജ്‌മെന്റെടുത്ത തീരുമാനം മറ്റ് വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി ശ്രമിച്ചതോടെ ലോ അക്കാദമിയിലെ പ്രശ്‌നപരിഹാരത്തിനായി ചേര്‍ന്ന ചര്‍ച്ച പരാജയപ്പെട്ടു.
മാനേജ്‌മെന്റ് തീരുമാനം അംഗീകരിക്കണമെന്ന് ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്ന് ലക്ഷ്മി നായരെ പുറത്താക്കാന്‍ വിദ്യാഭ്യാസമന്ത്രിയെന്ന നിലയില്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെടണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ തനിക്ക് രണ്ട് ഭാഗവും കേള്‍ക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പലിനെ അഞ്ച് വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തിക്കൊണ്ടുള്ള തീരുമാനം അംഗീകരിച്ച് സമരത്തില്‍നിന്ന് പിന്‍മാറണമെന്നും മന്ത്രി വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു.
ഇതിനിടെ എ.ഐ.എസ്.എഫ് പ്രതിനിധി, മന്ത്രിക്ക് അന്തസുണ്ടെങ്കില്‍ പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികളുടെ വാദങ്ങളൊന്നും അംഗീകരിക്കാന്‍ മന്ത്രി സി രവീന്ദ്രനാഥ് തയാറായില്ല. തിങ്കളാഴ്ച ക്ലാസ് പുനരാരംഭിക്കാനുള്ള സാഹചര്യം വിദ്യാര്‍ഥികള്‍ ഉണ്ടാക്കിക്കൊടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എന്നാല്‍ ലക്ഷ്മി നായരുടെ രാജിയില്‍ കുറഞ്ഞൊന്നും സ്വീകാര്യമല്ലെന്ന നിലപാടില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനിന്നു.
ഇതോടെ ക്ഷുഭിതനായ വിദ്യാഭ്യസമന്ത്രി ചര്‍ച്ചയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ചര്‍ച്ച അവസാനിക്കുകയായിരുന്നു. എസ്.എഫ്.ഐയെ പ്രതിനിധീകരിച്ച് സെക്രട്ടറി വിജിനും പ്രസിഡന്റ് ജെയിക്കും പങ്കെടുത്തെങ്കിലും കാര്യമായ അഭിപ്രായങ്ങളൊന്നും പറഞ്ഞില്ല. മാനേജ്‌മെന്റിനെ പ്രതിനിധീകരിച്ച് നാരായണന്‍നായരും,നാരായണദാസും ചര്‍ച്ചയ്‌ക്കെത്തി.