എസ്.എഫ്.ഐയ്ക്ക് അന്ത്യകൂദാശയായി അക്കാദമി സമരം

ലക്ഷ്മി നായര്‍ക്ക് വേണ്ടി സമരം ഒറ്റുന്ന എസ്.എഫ്.ഐയെ ഒറ്റപ്പെടുത്തി വിദ്യാര്‍ഥികള്‍

മുന്‍കാല സമരങ്ങളും സംശയനിഴലില്‍ 

-പി.എ. സക്കീര്‍ ഹുസൈന്‍-

ലോ അക്കാദമി ലോ കോളജ് സമരത്തില്‍ ലക്ഷ്മി നായര്‍ക്ക് വേണ്ടി വിദ്യാര്‍ഥികളെ ഒറ്റുകൊടുക്കുന്ന സി.പി.എം നേതാക്കളുടെ നിലപാട് എസ്.എഫ്.ഐയ്ക്ക് അന്ത്യകൂദാശയാകുന്നു. സമരം ആരംഭിച്ച് മൂന്നാഴ്ചയായിട്ടും ലക്ഷ്മി നായര്‍ക്കും അക്കാദമി മാനേജ്‌മെന്റിനും സംരക്ഷണമൊരുക്കുന്ന നിലപാടാണ് പിണറായി സര്‍ക്കാരും സി.പി.എമ്മും സ്വീകരിച്ചുപോന്നത്. എസ്.എഫ്.ഐ നിലപാടിലെ സത്യസന്ധത സംബന്ധിച്ച് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതിനിടെ തങ്ങള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചെങ്കിലും ഇന്നലെയും ഇന്നുമായി നടന്ന സംഭവങ്ങള്‍ അവരുടെ കള്ളി വെളിച്ചത്താക്കുന്നതായി.

തിങ്കളാഴ്ച രാത്രി വിദ്യാര്‍ഥി സംഘടനകളുമായി മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ലക്ഷ്മി നായര്‍ താല്‍കാലികമായി പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്ന് മാറി നല്‍ക്കാമെന്നും അധ്യാപികയായി തുടരുമെന്നുമുള്ള മാനേജ്‌മെന്റ് നിലപാടിനെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ചര്‍ച്ച ബഹിഷ്‌ക്കരിക്കുകയായിരുന്നു. അതേസമയം എസ്.എഫ്.ഐ നേതാക്കള്‍ മാനേജ്‌മെന്റുമായുള്ള ചര്‍ച്ച തുടര്‍ന്നു. ഇതിനിടെ തൊണ്ണൂറ് ശതമാനം പ്രശ്‌നങ്ങളും അവസാനിച്ചെന്ന സന്ദേശം എസ്.എഫ്.ഐ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും നല്‍കി. എന്നാല്‍ ചര്‍ച്ചകഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കളെ വിദ്യാര്‍ഥി സമരത്തെ എസ്.എഫ്.ഐ ഒറ്റുകൊടുക്കുകയാണെന്ന അധിക്ഷേപവുമായി പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ വളഞ്ഞു. ഇതോടെ സമരം അവസാനിപ്പിക്കാനുള്ള ശ്രമത്തില്‍നിന്ന് നേതാക്കള്‍ക്ക് ഭയന്ന് പിന്‍മാറേണ്ടി വന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നും മാനേജ്‌മെന്റുമായി എസ്.എഫ്.ഐ വീണ്ടും ചര്‍ച്ച നടത്തിയത്.

പരീക്ഷാ നടപടികളില്‍നിന്ന് സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്ത അഞ്ച് വര്‍ഷത്തേക്ക് പ്രിന്‍സിപ്പല്‍ സ്ഥാനത്ത്‌നിന്നും ലക്ഷ്മി നായരെ മാറ്റിനിര്‍ത്താമെന്ന ഒത്തുതീര്‍പ്പ് ഫോര്‍മുലയിലാണ് എസ്.എഫ്.ഐ എത്തിച്ചേര്‍ന്നിരിക്കുന്നത്. എന്നാല്‍  ഈ നിലപാടിനെതിരെയും വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തമാക്കി. എസ്.എഫ്.ഐ സമരത്തെ ഒറ്റുകൊടുത്താലും തങ്ങള്‍ പിന്‍മാറില്ലെന്ന നിലപാടിലാണ് വിദ്യാര്‍ഥികളും മറ്റ് സംഘടനകളും.

ലോ അക്കാദമി വിഷയത്തില്‍ ലക്ഷ്മി നായര്‍ക്ക് അനുകൂലമായി സി.പി.എമ്മും എസ്.എഫ്.ഐയും സ്വീകരിക്കുന്ന നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്ന് തന്നെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്ന് വരുന്നത്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിയുടെ പല ട്രോള്‍ ഗ്രൂപ്പുകളും അക്കാദമി വിഷയത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് ട്രോളുകള്‍ ഇറക്കിയതും ശ്രദ്ധേയമാണ്. ഇതിനിടെ വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് ക്തത് നല്‍കിയതും സര്‍ക്കാരിനും സി.പി.എമ്മിനും തിരിച്ചടിയായിട്ടുണ്ട്.

വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ക്കായി നടത്തുന്ന പോരാട്ടകളില്‍ സന്ധി ചെയ്യില്ലെന്ന എസ്.എഫ്.ഐയുടെ അവകാശവാദമാണ് ലോ അക്കാദമി വിഷയത്തോടെ നഷ്ടപ്പെട്ടത്. അടുത്തിടെ സംഘടപ്പിച്ച് പല സമരങ്ങളും എസ്.എഫ്.ഐ ഇത്തരത്തില്‍ ഒറ്റുകൊടുത്തതാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.

അക്കാദമിയിലെ സമരം പൊളിക്കാന്‍ അവധി ദിനമായ ഞായറാഴ്ച്ച എസ്.എഫ്.ഐ നടത്തിയ അക്രമസമരത്തെയും വിദ്യാര്‍ഥികള്‍ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. കോളജിലെ ബഹുഭൂരിപക്ഷം വിദ്യാര്‍ഥികളുടെയും ആവശ്യത്തിന് പുല്ലുവില കല്‍പ്പിച്ച് ഏത് നാണംകെട്ട വഴിയിലൂടെയും ലക്ഷ്മി നായരെ സംരക്ഷിച്ചെടുക്കാനുള്ള  സഖാക്കളുടെ സമരവീര്യം പുറത്തായ സ്ഥിതിക്ക് അക്കാദമി സമരം എസ്.എഫ്.ഐ എന്ന വിദ്യാര്‍ഥി പ്രസ്ഥാനത്തിന് അന്ത്യകൂദാശയാകുമെന്നതില്‍ സംശയമില്ല.