ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ചില സ്വകാര്യ കമ്പനികള്‍ക്ക് രണ്ട്‌കോടി 67 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കൂട്ടുനിന്നു
തത്തയുടെ ചീട്ട് കീറി
-നിയാസ് കരീം-
വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ് പോര്‍ട്ട് ഡയറക്ടറായിരിക്കുന്ന കാലത്ത് ഗുരുതരമായ അഴിമതി നടത്തിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. ഇദ്ദേഹത്തിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കത്തെഴുതി.
ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങളാണ് ജേക്കബ് തോമസ് ചെയ്തതെന്ന് ചീഫ് സെക്രട്ടറി, കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഏഴാം തീയതി മുഖ്യമന്ത്രിക്ക് നല്‍കിയ കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഔദ്യോഗിക പദവി ദുരുപയോഗപ്പെടുത്തി ചില സ്വകാര്യ കമ്പനികള്‍ക്ക് രണ്ട്‌കോടി 67 ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടം ഉണ്ടാക്കാന്‍ കൂട്ടുനിന്നുവെന്നും അഴിമതി നിരോധന നിയമപ്രകാരം കുറ്റമാണ് ചെയ്തതെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോര്‍ട്ടിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത ചില സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കരാര്‍ നല്‍കിയതിലൂടെ സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സ് ഡയറക്ടറായി ഇരിക്കുന്ന ഇദ്ദേഹത്തെ തല്‍സ്ഥാനത്ത് നിലനിര്‍ത്തിക്കൊണ്ട് ഈ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നത് ഒട്ടും ആശാസ്യമല്ല. പ്രഥമദൃഷ്ട്യാ ജേക്കബ് തോമസ് തന്നെ പ്രതിസ്ഥാനത്തുനില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ കീഴിലുള്ള വിജിലന്‍സ് വകുപ്പ് ഈ കേസ് അന്വേഷിക്കുന്നത് ഒട്ടും അനുയോജ്യമല്ലെന്നും അതിനാല്‍ അന്വേഷണത്തിന് പകരംസംവിധാനം ഏര്‍പ്പെടുത്തണമെന്നും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.
ജേക്കബ് തോമസ് തുറമുഖവകുപ്പ് ഡയറക്ടര്‍ ആയിരുന്നകാലത്തെ ഇടപാടുകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിശദമായ അന്വേഷണം വേണമെന്നും ശുപാര്‍ശ ചെയ്യുന്നുണ്ട്. ജേക്കബ് തോമസ് പ്രതികാര നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ വേണ്ട കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. 250 പേജിലധികം വരുന്ന ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് 2016 ഡിസംബറിലാണ് ധനകാര്യ വകുപ്പ് മന്ത്രി മുഖാന്തിരം മുഖ്യമന്ത്രിക്ക് നല്‍കിയത്. എന്നാല്‍ ഇത് സംബന്ധിച്ച് യാതൊരു നടപടിയും മുഖ്യമന്ത്രിയുടെ ഓഫീസ് കൈക്കൊണ്ടിരുന്നില്ല. വളരെ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയും നടപടി ചട്ടങ്ങളുടെ ലംഘനം നടത്തുകയും ചെയ്ത ജേക്കബ് തോമസിനെ മാതൃകാപരമായ ശിക്ഷാനടപടികള്‍ സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ.
പൊതുമേഖലാ സ്ഥാപനത്തെ തഴഞ്ഞുകൊണ്ട് വിദേശ കമ്പനിയെ സഹായിച്ചു, കൃത്രിമരേഖ നിര്‍മ്മിച്ചു വഞ്ചിക്കാന്‍ ശ്രമിച്ചു, വസ്തുതകള്‍ സര്‍ക്കാരില്‍ നിന്ന് മറച്ചുപിടിച്ചു, ടെന്റര്‍ നടപടിക്രമങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തി. ഇങ്ങനെ നിരവധി ക്രമക്കേടുകള്‍ക്ക് കൂട്ടുനിന്ന ജേക്കബ് തോമസിനെതിരെ ഭരണപരമായ അന്വേഷണത്തിന് പുറമേ മുതിര്‍ന്ന രണ്ടോമൂന്നോ ഐ.എ.എസ് ഉദ്യോഗസ്ഥന്‍മാര്‍ ഒരു ടീമിനൊപ്പം സാങ്കേതിക വിദഗ്ധരും ചേര്‍ന്ന അന്വേഷണം സംഘം ജേക്കബ് തോമസ് നടത്തിയ ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു. അന്വേഷണം തീരുന്നതുവരെ ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കണമെന്ന് ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നുണ്ട്.
ചീഫ് സെക്രട്ടറി സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളെക്കുറിച്ച് ഡയക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ അഭിപ്രായം തേടാനും ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയോട് ആരാഞ്ഞിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം വൈഫൈ റിപ്പോര്‍ട്ടര്‍ പുറത്തുവിടുന്നു
 
  
  
  
 
 
  
  
  
 

 
            


























 
				





















