തിരുത്തിയ നിയമാവലി പുറത്ത്, നാരായണന്‍ നായര്‍ അഴിയെണ്ണുമോ?

പുതിയ നിയമാവലി സമര്‍പ്പിച്ചത് രജിസ്‌ട്രേഷന്‍ വകുപ്പിന്
ഭരണസമിതി 51-ല്‍നിന്ന് 21 ആയി
സര്‍ക്കാര്‍ ഭൂമി കുടുംബസ്വത്താക്കി

സക്കീര്‍ ഹൂസൈന്‍

തിരുവനന്തപുരം: ലോ അക്കാദമി ലോ കോളജിന്റെ നിയമവലി തിരുത്തി സര്‍ക്കാര്‍ അംഗങ്ങളെ പുറത്താക്കിയതിന് പിന്നില്‍ നാരായണന്‍ നായരുടെ കുടില തന്ത്രം. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള 51 അംഗ ഭരണസമിതിയില്‍ സ്വന്തക്കാരെയും കുടുംബത്തെയും തള്ളിക്കയറ്റി 21 അംഗങ്ങളായി വെട്ടിക്കുറച്ചത് സംബന്ധിച്ച രേഖകള്‍ വൈഫൈ റിപ്പോര്‍ട്ടറിന് ലിഭിച്ചു.

കന്റോണ്‍മെന്റ് പൊലീസ് സ്റ്റേഷന് സമീപത്തെ പുന്നന്‍ റോഡിലുള്ള അക്കാദമിയുടെ പേരിലുള്ള ഭൂമിയില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നതിന് അനുമതി തേടി നാരായണന്‍ നായര്‍ സമര്‍പ്പിച്ച അപേക്ഷയ്‌ക്കൊപ്പമാണ് തട്ടിക്കൂട്ട് നിയമാവലി രമജിസ്‌ട്രേഷന്‍ വകുപ്പിന് വിശ്വസ്തരായ ഉദ്യോഗസ്ഥര്‍ മുഖേന അതീവരഹസ്യമായി കൈമാറിയത്.

wifi-1wifii-2

തിരുത്തിയ നിയമാവലി         പഴയ നിയമാവലി

പേരൂര്‍ക്കട ഹാര്‍വിപുരം ബംഗ്ലാവ് ഉള്‍പ്പെട്ട സര്‍ക്കാര്‍ ഭൂമി അക്കാദമിക്ക് കൈമാറിയപ്പോള്‍ ഭരണസമിതിയുടെ ഘടന വ്യക്തമാക്കിയിരുന്നതാണ്. ഗവര്‍ണര്‍ ഉള്‍പ്പെടുന്ന ഭരണസമിതിയില്‍ മുഖ്യമന്ത്രിയും ചീഫ്ജസ്റ്റിസുമാണ് രക്ഷാധികാരികള്‍. ചെയര്‍മാന്‍ സ്ഥാനത്ത് വിദ്യാഭ്യാസ- നിയമ മന്ത്രിമാരെയും കേരള, മഹാത്മാഗാന്ധി സര്‍വകലാശാലകളിലെ വൈസ് ചാന്‍സിലര്‍മാരെയുമാണ് ഉള്‍പ്പെടുത്തിയിരുന്നത്. കൂടാതെ വിദ്യാഭ്യാസ- നിയമ സെക്രട്ടറിമാരും കേരള സര്‍വകലാശാല ഡീനും ഉള്‍പ്പെടുന്നതാണ് വൈസ് ചെയര്‍മാന്‍മാരുടെ പാനല്‍. ഇങ്ങനെ 51 അംഗ ഗവേണിംഗ് കൗണ്‍സിലാണ് നിലവിലുണ്ടായിരുന്നത്.

എന്നാല്‍ 2014-ല്‍ രജിസ്‌ട്രേഷന്‍ വകുപ്പിന് സമര്‍പ്പിച്ചിരിക്കുന്ന പുതിയ നിയമാവലിയില്‍നിന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പ്രതിനിധികളെ വെട്ടിനിരത്തി. ഇതോടെ അംഗങ്ങളുടെ എണ്ണം 51-ല്‍നിന്ന് 21 ആയി കുറഞ്ഞു. ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നവരിലേറെയും നാരായണന്‍ നായരുടെ കുടുംബാംഗങ്ങളും. അതേസമയം പുതിയ നിയമവലി തട്ടിക്കൂട്ടിയുണ്ടാക്കിയതെന്ന് വ്യക്തം. നിയമവലി ഭേദഗതി ചെയ്യാന്‍ യോഗം ചേരണമെന്നും വേട്ടെടുപ്പില്‍ മൂന്നില്‍രണ്ട് ഭൂരിപക്ഷം വേണമെന്നും ചട്ടമുണ്ട്. അതേസമയം ഇത്തരമൊരു വോട്ടെടുപ്പോ യോഗമോ ചേര്‍ന്നതിന് യാതൊരുവിധ രേഖയുമില്ല. നിയമവലി ഭേദഗതി ചെയ്താല്‍ തന്നെ എക്‌സ് ഒഫിഷ്യോ അംഗങ്ങളായ മന്ത്രിമാരെ വോട്ടെടുപ്പിലൂടെ മാറ്റാനുമാകില്ല. ഈ സാഹചര്യത്തിലാണ് നാരായണന്‍ നായര്‍ തട്ടിക്കൂട്ട് രേഖകളുണ്ടാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിരിക്കുന്നത്.
2014-ല്‍ പുന്നന്‍ റോഡില്‍ പണിതുയര്‍ത്തിയ ഫ്‌ളാറ്റിനെതിരെ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് രജിസ്‌ട്രേഷന്‍ വകുപ്പിന് മറ്റ് രേഖകള്‍ക്കൊപ്പം പുതുക്കിയ നിയമാവലി സമര്‍പ്പിച്ചത്. അതേസമയം അന്ന് ഈ രേഖകള്‍ പരിശോധിക്കാന്‍ രജിസ്‌ട്രേഷന്‍ വകുപ്പ് തയാറാകാത്തതും ദുരൂഹമാണ്.

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായ രൂപികരിച്ച ട്രസ്റ്റ് പ്രമുഖ ബില്‍ഡറുമായിച്ചേര്‍ന്ന് പുന്നന്‍ റോഡിലെ ഭൂമിയില്‍ ബഹുനില വ്യാപരസമുച്ചയം കെട്ടിപ്പൊക്കിയപ്പോള്‍ അതില്‍നിന്ന് ലഭിച്ചേക്കാവുന്ന കോടികളുടെ ലാഭക്കണക്കാണ് ഭണസമിതിയില്‍നിന്ന് സര്‍ക്കാര്‍ പ്രതിനിധികളെ വെട്ടിനിരത്താന്‍ നാരായണന്‍ നായരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം.

സര്‍ക്കാര്‍ ഭൂമിയില്‍ ആരംഭിച്ച കോളജ് എങ്ങനെ കുടുംബസ്വത്തായെന്ന അന്വേഷണം നടക്കുമ്പേള്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പക്കലുള്ള തിരുത്തിയ നിയമാവലി നിര്‍ണായക തെളിവാകുമെന്നുറപ്പാണ്.