നമ്പൂതിരിയുടെ വെളിച്ചത്തില്‍ സി.പി.ഐ വാര്യരുടെ ഊണ് കഴിക്കുന്നു

സി.പി.ഐക്ക് ശക്തിയില്ലെന്ന് ഇ.പി
ലോ അക്കാദമി സമരം തുറന്ന പോരിലേക്ക്

സി പി ഐ യുടെ മുഖപത്രമായ ജനയുഗത്തില്‍ സി.പി.എമ്മിനെ വിമര്‍ശിച്ച് വന്ന ലേഖനങ്ങള്‍ക്ക് എതിരെ ആഞ്ഞടിച്ച് ഇ.പി.ജയരാജന്‍. സി.പി.ഐക്ക് ഒരുതരത്തിലുള്ള ശക്തിയും കേരളത്തിലില്ല . ബുദ്ധിജീവികളാണെന്നാണ് ഭാവം മാത്രമാണ് ആകെ കൈ മുതലായി ഉള്ളതെന്നും. നമ്പൂതിരിയുടെ വെളിച്ചത്തില്‍ വാര്യരുടെ ഊണ് ഉണ്ണുകയാണ് സി.പി.ഐക്കാര്‍ ചെയ്യുന്നതെന്നും ഇ .പി ജയരാജന്‍ പറഞ്ഞു. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെയാണ് ജയരാജന്‍ സി.പി.ഐക്കെതിരെ രൂക്ഷവിമര്‍ശനമുന്നയിക്കുകയും പരിഹസിക്കുകയും ചെയ്തത്.

ലോ അക്കാദമി സമരത്തില്‍ സി.പി.എം നേതാവ് സി.പി.ഐക്ക് എതിരെ പരസ്യപ്രസ്താവന നടത്തിയതോടെ ഇരു പാര്‍ട്ടികളും തമ്മിലുള്ള തുറന്ന പോരിന് കളമൊരുങ്ങി. ആര്‍.എസ്.എസ്, സി.പി.ഐ, കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്നുള്ള കൂട്ടുകെട്ടാണ് ലോ അക്കാദമിയില്‍ സമരം നയിക്കുന്നതെന്നും പൊതുജനം ഇത് മനസിലാക്കണമെന്നും ഇ.പി ജയരാജന്‍ പറയുന്നു

ഇടതുപക്ഷത്തെ ഐക്യം തകര്‍ക്കുന്നവരുടെ കൈയിലെ പാവയായി ജനയുഗം മാറിയെന്നും ജനയുഗം നിലവാരത്തകര്‍ച്ച സംഭവിച്ച് ഓരോരുത്തര്‍ക്ക് തോന്നുന്നത് എഴുതിപ്പിടിപ്പിക്കാമെന്ന അവസ്ഥയായെന്നും ഇ.പി വിമര്‍ശിച്ചു.

ഒരു പ്രശ്‌നവും കേരളത്തിലില്ല, എവിടെയോ ചിലത് ചീഞ്ഞ് നാറുന്നുണ്ട്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനുളള സങ്കുചിത താത്പര്യം മാത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലുള്ളത്.

മുന്നണി രാഷ്ട്രീയത്തിന്റെ അന്ത:സത്ത മനസ്സിലാക്കി മുന്നണിയില്‍ പറയാനുള്ളത് മുന്നണിയില്‍ പറയണം. പരസ്യപ്രസ്താവന നടത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറയുന്നു.ലോ അക്കാദമി വിഷത്തില്‍ മുഖ്യമന്ത്രി ശരിയായ വിധത്തിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു