- ലക്ഷ്മി നായരുടെ ബിരുദത്തെ കുറിച്ച് അന്വേഷിക്കും
- ഭാവി മരുമകള്‍ക്ക് അധിക മാര്‍ക്ക് നല്‍കിയതും അന്വേഷിക്കും
- അഫിലിയേഷന്‍ റദ്ദാക്കണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി
- യു.ഡി.എഫിനൊപ്പം വോട്ട് ചെയ്ത് സി.പി.ഐ
തിരുവനന്തപുരം: ലോ അക്കാദമിയുടെ അഫിലിയേഷന്‍ റദ്ദാിക്കേണ്ടതില്ലെന്ന് കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അഫിലിയേഷന്‍ റദ്ദാക്കണമെന്ന യു.ഡി.എഫ് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ പ്രമേയം വോട്ടിനിട്ട് തള്ളി. സിപിഎമ്മിലെ 12 അംഗങ്ങളാണ് പ്രമേയത്തിനെതിരെ വോട്ടു ചെയ്തത്. സിപിഐ ഉള്‍പ്പെടെ എട്ട് അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
നിലവിലെ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തെ ബാധിക്കാത്ത തരത്തില്‍ അഫിലിയേഷന്‍ റദ്ദാക്കണമെന്നായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ ആവശ്യം. കോളജും ഭൂമിയും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ലോ അക്കാദമിക്കെതിരെ കൂടുതല്‍ നടപടി വേണ്ടെന്ന് സിപിഎം അംഗങ്ങള്‍ വാഗിച്ചു. അഫിലിയേഷന്‍ റദ്ദാക്കേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി.
അതേസമയം, ലക്ഷ്മി നായരുടെ ബിരുദം സംബന്ധിച്ച പരാതി അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. ഇതിനായി പരീക്ഷാ സമിതിയെ ചുമതലപ്പെടുത്തി. ലോ അക്കാദമിയിലെ മാര്‍ക്ക് ദാനത്തെക്കുറിച്ച് തുടരന്വേഷണം നടത്താനും തീരുമാനിച്ചു. പരീക്ഷാ ഉപസമിതി ശുപാര്‍ശകള്‍ സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ഇന്റേണല്‍ മാര്‍ക്കിന്റെ ഘടന പരിഷ്‌കരിക്കും. ലക്ഷ്മി നായരുടെ ഭാവിമരുമകള്‍ അനുരാധ പി.നായരില്‍നിന്ന് തെളിവെടുക്കുമെന്നും സിന്‍ഡിക്കേറ്റ് വ്യക്തമാക്കി.
ലക്ഷ്മി നായരുടെ എല്‍എല്‍ബി ബിരുദമാണ് അന്വേഷിക്കുന്നത്. ലാറ്ററല്‍ എന്‍ട്രി വഴിയാണ് ലക്ഷ്മി നായര്‍ എല്‍എല്‍ബിക്ക് ചേര്‍ന്നിരുന്നത്. എല്‍എല്‍ബിക്കു പഠിക്കുമ്പോള്‍ തന്നെ ആന്ധ്ര വെങ്കിടേശ്വര സര്‍വകലാശാലയില്‍ ഹിസ്റ്ററി എംഎയ്ക്കും ലക്ഷ്മി നായര്‍ രജിസ്ട്രര്‍ ചെയ്തിരുന്നു. ഒരേ സമയം രണ്ടു കോഴ്‌സ് പഠിക്കാന്‍ വ്യവസ്ഥയില്ലാത്തതിനാല്‍ കേരള സര്‍വകലാശാല നിയമപ്രകാരം ഇവിടെ പഠിച്ച കോഴ്‌സ് നഷ്ടപ്പെടും. അതിനാലാണ് ബിരുദത്തിന്റെ സാധുത ചോദ്യം ചെയ്യപ്പെടുന്നത്.