ലോ അക്കാദമിയെ തട്ടിയെടുക്കാൻ സി.പി.എം ശ്രമം

-വികാസ് രാജഗോപാല്‍-

ലോ അക്കാദമി വിഷയത്തിൽ  സി പിഎം നടത്തുന്ന ഇടപെടലുകൾ  മാനേജുമെൻ്റിൻ്റെ കൈവശമിരിക്കുന്ന ഭൂമി കണ്ടിട്ടാണെന്ന് ആക്ഷേപം. നഗര ഹൃദയത്തിലെ  പതിനൊന്ന് ഏക്കർ സ്ഥലത്തിന് 350 കോടി രൂപയെങ്കിലും മതിപ്പ് വില വരും. ഇതെങ്ങനെയെങ്കിലും അധീനതയിൽ ആക്കാനുള്ള കുതന്ത്രങ്ങളാണ് ഇപ്പോൾ  നടപ്പിലാക്കുന്നതെന്ന് മറ്റ് രാഷ്ട്രീയ കക്ഷികൾ ആരോപിക്കുന്നു.

നിലവിലെ മാനേജ്മെൻ്റിന് നേരേ അതിശക്തമായ അരോപണങ്ങളാണ് ഒാരോ ദിവസവും ഉയർന്ന് വരുന്നത് . ഈ ആരോപണങ്ങളെല്ലാം മതിയായ പ്രാധാന്യം നൽകാതെയുള്ള ഇടപെടലുകളാണ് സിപിഎം നടത്തുന്നത് . പ്രശ്നത്തെ പരമാവധി വഷളാക്കുക എന്നിട്ട്  കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള രാഷ്ട്രീയ കുടിലത .

നിലവിൽ അക്കാദമിയുടെ ഭരണം നാരായണൻ നായർ, ലക്ഷ്മി നായർ, നാഗരാജ്, മുൻ എം.എൽഎ കോലിയോക്കോട് കൃഷ്ണൻ നായ‌ർ എന്നീ കുടുംബാംങ്ങളുടെ കൈകളിലാണ്  .

ഗവർണ്ണർ , മന്ത്രിമാർ, വിദ്യാഭാസ വിദഗ്ദൻമാർ എന്നിങ്ങനെ അമ്പതോളം അംഗങ്ങളുമായി ആരംഭിച്ച സംവിധാനമാണ് വെറും ഇരുപത്തിയൊന്ന് അംഗങ്ങളിലേക്ക് ചുരുങ്ങിയത്. നിലവിലുള്ള  സർക്കാർ സെക്രട്ടറിമാർ അടക്കമുള്ള അംഗങ്ങളെ  ആരെയും തന്നെ യോഗം ചേരുന്നതോ  അവിടെ എടുക്കുന്ന തീരുമാനങ്ങളോ അറിയിക്കാറില്ല.  വർഷങ്ങളുടെ സാധനകൊണ്ട്  നാരായണൻ നായരും സംഘവും നടപ്പിലാക്കിയ അട്ടിമറിയാണിത്.

ലോ അക്കാദമിക്കെതിരെ ഉയരുന്ന ആരോപണങ്ങളുടെ പട്ടിക ദിനം പ്രതി നീളുകയാണ്. വിദ്യാഭ്യാസ ആവശ്യത്തിന് കൈമാറിയ സ്ഥലം വാണിജ്യ ആവശ്യത്തിന് ഉപയോഗിച്ചു. കോളേജിന് നൽകിയ സ്ഥലത്ത് കോർട്ടേഴ്സ് എന്നപേരിൽ വീട് വെച്ച് ലക്ഷ്മി നായരും കോലിയക്കോടും  സ്ഥിരതാമസം തുടങ്ങിയിട്ട് വർഷങ്ങൾ പലതു കഴിഞ്ഞു. പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയെ ജാതിപ്പേര് വിളിച്ചെന്ന കേസ് വേറെയും . ഇതെല്ലാം മുറക്ക് നടന്നാൽ ജ്ഞാന വൃദ്ധനും മകളും ഇരുമ്പഴികൾ എണ്ണെണ്ടിവരും. ഇത് മറ്റ് ആരേക്കാളും നന്നായി അറിയാവുന്നത് നാരായണൻ നായർക്ക് തന്നെ.

ചെറിയ വിദ്യാർത്ഥി സമരമായി തുടങ്ങിയ പ്രശ്നം രാഷ്ട്രീയ പാർട്ടികളും അവരുടെ ദേശീയ നേതാക്കളും ഇടപെടുന്ന വിധത്തിൽ കുളമാകുമെന്ന് ദീർഘ ദൃഷ്ടിയിൽ കണ്ടില്ല എന്നത് തന്നെ . വയസുകാലത്ത് ഉണ്ട തിന്നാതിരിക്കണമെങ്കിൽ സി.പി.എം കനിയണം , അതിന്  മടികൂടാതെ സാഷ്ടാംഗം പ്രണമിക്കാതെ വേറെ വഴിയില്ല എന്നത് വേണ്ടവർക്ക് വേണ്ടപോലെ ബോധ്യം വന്നിട്ടുണ്ട് .

ഇടികൂടുന്ന ആട്ടിൻ കൂറ്റമാർക്കിടയിലെ ചോര കണ്ട് കൗതുകം പൂണ്ടിരുക്കുന്ന സി.പി.എം കാത്തിരുന്നതും ഇതിനായിത്തന്നെ. സമരം ഒത്തു തീർക്കാനായി പുതിയ ഫോർമുല സൃഷ്ട്ടിക്കപെടും .അക്കാദമിയിലെ നിലവിലെ ഭരണാധികാരികൾ മാറും . ഭരണ സമിതി പുനസംഘടിപ്പിക്കും അതിലേക്ക് സി.പി.ഐ.എമ്മിന് താൽപ്പര്യമുള്ളവരെ നോമിനേറ്റ് ചെയ്യാനാകും. അതിലൂടെ ഭരണ സമിതിയിൽ ഭൂരിപക്ഷം നേടാനും പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനമായി ലോ അക്കാദമിയെ മാറ്റാനും കഴിയും . കൈ നനയാതെ മീൻ പിടിക്കാം , ചുളുവിൽ തിരുവന്തപുരം നഗരത്തിൽ ശതകോടികൾ വിലമതിക്കുന്ന ഭൂമി പാർട്ടിയുടെ നിയന്ത്രണത്തിൽ ആകുകയെന്നത് ചില്ലറക്കാര്യമല്ല . പാർട്ടിയുടെ നിയന്ത്രണത്തിൽ കൊണ്ടുവന്നാൽ ഭാവിയിൽ ഉണ്ടാകാൻ ഇടയുളള സമരങ്ങളും പ്രതിരോധിക്കാനാകും

സിപിഎം നടത്തുന്ന   കരുനീക്കത്തിലെ അപകടം മണത്തറി‌ഞ്ഞ് കൊണ്ടാണ് കഴിഞ്ഞ ദിവസങ്ങളിൽ സി.പിഐ രൂക്ഷമായി പ്രതികരിച്ചത്.   കെ കരുണാകരൻ വിദ്യാർത്ഥികൾക്ക് പഠിക്കാനായി നൽകിയ സർക്കാർ ഭൂമി സി.പി.എമ്മിൻ്റെ കയ്യിൽ എത്താൻ സമ്മതിക്കില്ലെന്ന് മുരളീധരൻ പ്രതികരിച്ചതും ഇതറിഞ്ഞു തന്നെ.  മറ്റ് പലർക്കും കളികൾ മനസിലായി വരുന്നതെയുള്ളു.

ഇത് സി.പിഐഎമ്മിന് പുതിയകാര്യമല്ല പരിയാരം മെഡിക്കൽകോളേജിൽ ഫോർമുല വിജയകരമായി നടപ്പിലാക്കിയതാണ് . പാർട്ടിയുമായി ഉടക്കി പുറത്ത് പോയ എം  വി രാഘവൻ്റെ കൈവശമിരുന്ന  പാപ്പിനിശരിയിലെ പാമ്പ് വളർത്തൽ കേന്ദ്രം ,മറ്റ് പല സ്വത്ത് വകകൾ എന്നിങ്ങനെ പലതും സൂത്രത്തിൽ അടിച്ചെടുത്ത പാരമ്പര്യം പറയാനുണ്ട് .

അതിനുള്ള പരുവവും സമയവും  ആകുന്നതുവരെ രാഷ്ട്രീയ നാടകങ്ങൾ തുടരും ….