പാതയോരത്തെ മദ്യശാലമാറ്റം: ബെവ്‌കോ പിന്‍മാറുന്നു, സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും

സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള നീക്കത്തില്‍ നിന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പിന്മാറുന്നു. ജനരോഷവും പ്രതിഷേധവും കണക്കിലെടുത്താണ് തീരുമാനം. നിലവിലുള്ള സാഹചര്യത്തില്‍ ഔട്ട്‌ലെറ്റുകള്‍ മാറ്റാന്‍ കഴിയില്ലെന്ന് ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ എച്ച്. വെങ്കിടേഷ് സര്‍ക്കാരിനെ അറിയിച്ചു. വിഷയം മന്ത്രിസഭായോഗത്തിന്റെ പരിഗണനയില്‍ കൊണ്ടു വന്ന് തുടര്‍ നടപടിയെടുക്കാനാണ് എക്‌സൈസ് വകുപ്പിന്റെ തീരുമാനം. സര്‍ക്കാര്‍ മദ്യനയം മാറ്റുമെന്ന പ്രതീക്ഷയില്‍ കാത്തിരിക്കുന്ന ബാറുടമകളാണ് സമരം സ്‌പോണ്‍സര്‍ ചെയ്യുന്നതെന്നാണ് ബെവ്‌കോ നിലപാട്.

നിലവില്‍ പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം ഔട്ട്‌ലെറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സ്ഥലം കണ്ടെത്തിയിട്ടും പ്രതിഷേധം ഉയരുന്നതിന് പിന്നില്‍ മറ്റു താല്‍പര്യങ്ങളാണെന്നും സര്‍ക്കാരിനെ ബെവ്‌കോ അറിയിച്ചു. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 183 ഔട്ട്‌ലെറ്റുകള്‍ മാറ്റി സ്ഥാപിക്കേണ്ടതുണ്ടെങ്കിലും 19 ഔട്ട്‌ലെറ്റുകള്‍ മാത്രമാണ് ഇതുവരെ മാറ്റാന്‍ കഴിഞ്ഞത്. പുതിയ ബിയര്‍, വൈന്‍ പാര്‍ലറുകള്‍ തുടങ്ങുമ്പോള്‍ ഉണ്ടാകാത്ത പ്രതിഷേധം ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ക്കെതിരെ ഉയരുന്നതിന് പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്നാണ് ബിവറേജസ് കോര്‍പ്പറേഷന്‍ നിലപാട്.

ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ പോംവഴി കണ്ടെത്തണമെന്നും കോര്‍പ്പറേഷന്‍ ആവശ്യപ്പെടുന്നു. പ്രായോഗിക തടസ്സങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന്റെ സാധ്യതകള്‍ തന്നെയാണ് എക്‌സൈസ് വകുപ്പ് പരിശോധിക്കുന്നത്. മാഹിയിലെ മദ്യശാലകള്‍ അടച്ചുപൂട്ടാനുള്ള ഉത്തരവിനെതിരെ പോണ്ടിച്ചേരി സര്‍ക്കാര്‍ സുപ്രീംകടോതിയെ സമീപിച്ചിട്ടും തിരിച്ചടി നേരിട്ടതിനാല്‍ കോടതിയില്‍ നിന്ന് എത്രത്തോളം അനുകൂല നിലപാടുണ്ടാകുമെന്നതില്‍ വകുപ്പിന് ആശങ്കയുണ്ട്. ആദ്യഘട്ടത്തില്‍ പൊലീസ് സംരക്ഷണയോടെ ഔട്ട്‌ലെറ്റ് മാറ്റാന്‍ ബെവ്‌കോ ശ്രമിച്ചെങ്കിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ പ്രതിഷേധ രംഗത്ത് വന്നതോടെ ഈ നീക്കം വിജയിച്ചില്ല. ജനപ്രതിനിധികളുടെ സഹകരണം തേടിയെങ്കിലും ജനരോഷം ഭയന്ന് അവരും ഇതിന് മുന്നിട്ടിറങ്ങുന്നില്ല. ജനങ്ങളുടെ പ്രതിഷേധത്തിനൊപ്പം നില്‍ക്കാന്‍ ജനപ്രതിനിധികളും നിര്‍ബന്ധിതരാകുന്നതാണ് സാഹചര്യം. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ആത്മഹുതി ഭീഷണി ഉള്‍പ്പെടെയുള്ള സമരങ്ങള്‍ രൂപപ്പെടുകയും ചെയ്തതോടെയാണ് ഔട്ട്‌ലെറ്റുകള്‍ മാറ്റാനുള്ള നീക്കം നിര്‍ത്തിവെയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ബെവ്‌കോ മാനേജിംഗ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ഇനി സര്‍ക്കാര്‍ തീരുമാനം അനുസരിച്ച് തുടര്‍ നടപടി മതിയെന്നാണ് ബെവ്‌കോയുടെ നിലപാട്